അയര്‍ലന്‍ഡിലെ ടാക്സി ചാര്‍ജ്ജ് വര്‍ദ്ധനവ് സെപ്റ്റംബർ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. ടാക്സി വാഹനങ്ങളുടെ വര്‍ദ്ധിച്ച ഓപ്പറേറ്റിങ് കോസ്റ്റ് പരിഗണിച്ചാണ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാനായി NTA തീരുമാനിച്ചത്. 2018 ന് ശേഷം ഇതാദ്യമായാണ് അയര്‍ലന്‍ഡിലെ ടാക്സി ചാര്‍ജ്ജില്‍ വര്‍ദ്ധനവ് വരുത്തുന്നത്.
2019 ല്‍ രാജ്യത്തെ ടാക്സി ഡ്രൈവര്‍മാര്‍ക്കിടയില്‍ NTA നടത്തിയ സര്‍വ്വേ പ്രകാരമാണ് നിലവിലെ ചാര്‍ജ്ജ് വര്‍ദ്ധനവ്. സര്‍വ്വേയുടെ ഫലമായി 2020 മുതല്‍ രാജ്യത്ത് ടാക്സി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാനാണ് NTA തീരുമാനിച്ചതെങ്കിലും കോവിഡ് പരിഗണിച്ച് ഇത് നീട്ടിവയ്ക്കുകയായിരുന്നു. NTA യുടെ കണക്ക് പ്രകാരം അയര്‍ലന്‍ഡിലെ ടാക്സി ഡ്രൈവര്‍മാര്‍ക്ക് പ്രതിവര്‍ഷം ശരാശരി 28800 യൂറോ ആണ് വരുമാനം ലഭിക്കുന്നത്. നിരക്ക് പുതുക്കുന്നതിലൂടെ 3456 യൂറോയുടെ അധികവരുമാനം ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുമെന്നാണ് NTA പ്രതീക്ഷിക്കുന്നത്. ടാക്സി വാഹനങ്ങളുടെ ശരാശരി ഓപ്പറേറ്റിങ് കോസ്റ്റില്‍ 2017-2022 കാലഘട്ടത്തില്‍ 11 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായതായും NTA റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിയ ചാര്‍ജ്ജ് ഘടന പ്രകാരം സെപ്തംബര്‍ 1 മുതല്‍ സ്റ്റാന്‍ഡേര്‍ഡ് ഇനിഷ്യല്‍ ചാര്‍ജ്ജ് 3.80 യൂറോയില്‍ നിന്നും 4.20 യൂറോ ആയി വര്‍ദ്ധിക്കും. രാത്രി 8 മുതല്‍ രാവിലെ 8 വരെയുള്ള പ്രീമിയം പിരീഡ്, പൊതു അവധി, ഞായറാഴ്ച എന്നീ ദിവസങ്ങളിലെ ചാര്‍ജ്ജ് എന്നിവ 4.20 യൂറോയില്‍ നിന്നും 4.80 യൂറോ ആക്കിയും വര്‍ദ്ധിപ്പിക്കും. ടാക്സി ചാര്‍ജ്ജില്‍ ശരാശരി 12 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടാവുകയെന്ന് National Transport Authority (NTA) അറിയിച്ചു.
കാര്‍ഡ് പേയ്മെന്റ് സംവിധാനവും നിര്‍ബന്ധമാക്കുമെന്നും, യാത്രക്കാരുടെ സൗകര്യമനുസരിച്ച് ക്യാഷ് പേയ്മെന്റ് നടത്താമെന്നും NTA പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. നിലവില്‍ അയര്‍ലന്‍ഡിലെ ഭൂരിഭാഗം ടാക്സികളിലും ഇത്തരം സംവിധാനങ്ങളുണ്ടെങ്കിലും, പുതിയ നിയമപ്രകാരം അയര്‍ലന്‍ഡിലെ എല്ലാ ടാക്സികളിലും ക്യാഷ്‍ലസ് പേയ്‍മെന്റ് ഡിവൈസുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ചെറിയൊരു വിഭാഗം ഇപ്പോഴും ഇതിനെതിരാണ്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ എല്ലാ ടാക്സികളിലും ഈ സംവിധാനമുണ്ടാകും. ഇതുകൂടാതെ ടാക്സി ഡ്രൈവര്‍ യോഗ്യതയ്ക്കായുള്ള എന്‍ട്രി ടെസ്റ്റുകളില്‍ ഭേഗഗതി കൊണ്ടുവരാന്‍ NTA ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.