ഡബ്ലിൻ: രാജ്യത്തെ വർധിച്ചുവരുന്ന ജീവിതച്ചെലവിൽ ദുരിതമനുഭവിക്കുന്ന പെൻഷൻകാർക്കും ആശ്വാസം . അയർലണ്ടിൽ നിന്ന് വിരമിച്ചവർക്കും പുതുക്കിയ ശമ്പള കരാർ സഹായകമാകും. ഇതനുസരിച്ച്, വിരമിച്ച 190,000 പൊതുമേഖലാ ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങളിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നു.
ഇപ്പോഴുള്ളതിനേക്കാൾ 6.5% കൂടുതൽ തുക പെൻഷനിൽ കൂട്ടിച്ചേർക്കും. ഈ വർഷത്തെ പൊതുമേഖലാ പെൻഷൻ ചെലവ് 3.7 ബില്യൺ യൂറോയായി ഉയരുമെന്ന് പുതുക്കിയ വേതന കരാർ പറയുന്നു. 1.6 ബില്യൺ യൂറോ ലഭിക്കുന്ന പുതിയ പൊതുമേഖലാ ശമ്പള ഇടപാടിൽ ഈ വർദ്ധനവ് ഉൾപ്പെടുന്നു.
വിരമിച്ച നഴ്‌സുമാർ, ഗാർഡാ, അധ്യാപകർ, സർക്കാർ ഉദ്യോഗസ്ഥർ, കൗൺസിൽ ജീവനക്കാർ എന്നിവർക്കും ഈ വർധന ഗുണം ചെയ്യും. വിരമിച്ച 57,000 എച്ച്‌എസ്‌ഇ ജീവനക്കാർ, 44,000 അധ്യാപകർ, 31,000 മുൻ സിവിൽ ഉദ്യോഗസ്ഥർ, 22,000 കൗൺസിൽ ജീവനക്കാർ, 13,000 മുൻ പ്രതിരോധ ഉദ്യോഗസ്ഥർ, 11,000 ഗാർഡായി, 11,000 തേർഡ് ലെവൽ ജീവനക്കാർ എന്നിവർക്ക് ഉയർന്ന പെൻഷൻ ലഭിക്കും.
ശമ്പള വർധനയും പൊതുമേഖലാ പെൻഷൻ വർധനയും തമ്മിലുള്ള ബന്ധം നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനയായ ഫോർസ പൊതുചെലവ് വകുപ്പിന് കത്തയച്ചു. ശമ്പള വർധന പെൻഷനിലും പ്രതിഫലിക്കുമെന്ന് ഫോർസ പറഞ്ഞു.