"കുത്തരി ചോറുണ്ണാം തുമ്പപ്പൂ സദ്യ ഒരുക്കാം" ... ഓണം വന്നു വിലകൂടി, ഓഫറുമില്ല ആളുമില്ല, വിപണിയിൽ വിലകൂടിയാൽ പിന്നെ പിടിച്ചു നിൽക്കണ്ടേ, വീട്ടിലെ ബഡ്ജറ്റ് താളം തെറ്റിയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല എന്ന് എല്ലാവർക്കും അറിയാം.
അവശ്യ സാധനങ്ങൾ വാങ്ങാൻ അല്ലാതെ ആരും കടയിലേക്കില്ലയെന്നതു പരമമായ സത്യം. മീനും ഇറച്ചിയും വില കൂടി മുൻപത്തെക്കാളും അധികം, ചിക്കൻ വില മാത്രം അതുപോലെ തുടരുന്നു. ഓണക്കാലമായപ്പോൾ മലയാളികട, ഏഷ്യൻ ഷോപ്പുകൾ ഉൾപ്പടെ യൂറോപ്യൻ വിപണികളിൽ കോവിഡ് കാലത്തില്ലാത്ത തീ വിലയാണ് നാട്ടിൽ നിന്നും എത്തുന്ന പച്ചക്കറികൾക്ക് എന്ന് മലയാളികൾ പറയുന്നു. തദ്ദേശീയ വിപണികളും സാധനങ്ങൾക്ക് വില കൂടുതൽ തന്നെ മുൻപ് ഉണ്ടായിരുന്ന വിലയിൽ നിന്നും 1 യൂറോ 2.45 യൂറോ വരെ ഐറ്റം തിരിച്ചു വില ഉയർന്നു. മുൻപ് 100 യൂറോ യിലൊതുങ്ങുന്ന വീക്കിലി ഷോപ്പിങ്ങും ഇപ്പോൾ കയ്യിൽ ഒതുങ്ങാത്ത അവസ്ഥയായി. കൂടാതെ സ്‌കൂൾ തുറക്കൽ കൂടിയാകുമ്പോൾ ബഡ്‌ജറ്റ് ഒതുക്കിയെ പറ്റൂ.
ഒഴിച്ചു കൂടാനാവാത്ത ഓണസദ്യ മിക്കവാറും എല്ലാവരും ഇപ്രാവശ്യം വീടുകളിൽ സ്വയം പാചകത്തിലേക്കോ ഗ്രൂപ്പ് പാചകത്തിലേക്കോ ഒതുക്കും. ഒരാൾക്ക് ഓഡർ ചെയ്‌ത് ഓണസദ്യ കഴിക്കണമെങ്കിൽ 23 യൂറോ മുതൽ മുകളിലേയ്ക്കും ഫാമിലി ആണെങ്കിൽ 70 മുതൽ 90 യൂറോയിലേക്കും കുതിക്കുന്നു. "ഗുണമോ തുച്ഛം വിലയോ മെച്ചം" പാക്കറ്റിൽ പഴയ വിശ്വാസമൊന്നും മലയാളിക്കില്ല, കാരണം ഐറ്റം ക്വാളിറ്റിയും അളവും തന്നെ.
പക്ഷെ എല്ലാവരുടെയും ചിലവ് ഉയരുന്നതല്ലാതെ ശമ്പളത്തിൽ കൂടുതലൊട്ടുമില്ലതാനും അങ്ങനെ ഓവർടൈം ചെയ്‌തിട്ട് ഓണസദ്യ കഴിക്കുന്നതിലും ഭേദം വീട്ടിലുണ്ടാക്കുക തന്നെ എന്നാണ് ഇപ്പോഴെ ആളുകൾ ചിന്തിക്കുന്നത്. വീട്ടിലെ സദ്യ ചുറ്റുവട്ടങ്ങൾ ഫോട്ടോയും എടുക്കാം വിഡിയോയും പിടിക്കാം വേണമെങ്കിൽ ഫേസ്ബുക്ക് റീലിലോ ഇൻസ്റ്റയിലോ എത്തിക്കുകയുമാകാം ചിലവും ചുരുങ്ങും റെസ്റ്റും ആകും. ഒന്ന് ഒരുങ്ങിയാൽ വീട്ടിൽ സുഖമായി 10 -15 വിഭവങ്ങളുമായി 50 യൂറോ മുതൽ എല്ലാവർക്കും പാരമ്പര്യ രീതിയിൽ ഓണത്തെ വരവേൽക്കാം.
ആളുകൾ പിൻവാങ്ങി തുടങ്ങിയതിനാൽ ഏഷ്യൻ റെസ്റ്റോറന്റ്, കാറ്ററിംഗ് ബിസിനസുകള്‍ ഒന്നടങ്കം പ്രതിസന്ധി നേരിടും എന്ന മുന്നറിയിപ്പ് വരുന്നതും മലയാളി സമൂഹത്തെ ആശങ്കപ്പെടുത്തുകയാണ്. കൂടുതലും വില കൂട്ടൽ ഭീഷണിയിൽ കാറ്ററിങ്ങുകളും റെസ്റ്റോറന്റ്കളും തന്നെ. സാധനങ്ങൾക്ക് എത്തിച്ചേരുമ്പോൾ ഉള്ള പ്രോസസ്സിംഗ് ചാർജ്ജും ബ്രെക്സിറ്റ് മാറ്റങ്ങളും റഷ്യൻ യുദ്ധവും ഇന്ധന വിലയും വൈദ്യുതി ബില്ലിന് ആനുപാതികമായി സാധന വില ഉയര്‍ത്തലും എല്ലാം കൂടി ഇപ്പോഴേ കടയില്‍ ആള് കയറാതാക്കി. ജീവിതഭാരം ഉയര്‍ന്നതോടെ മലയാളി കടകളും റെസ്റ്റോറന്റുകളും ഉപേക്ഷിച്ചു തുടങ്ങിയ പ്രവണതയും ശക്തമാണ്. ഈ പേടി ഉണ്ടെന്നാണ് പ്രധാന ഫുഡ് പ്രോസസിംഗ് വിതരണ ഏജന്‍സികൾ നല്‍കുന്ന സൂചന. ഇവര്‍ക്കൊക്കെ തണുപ്പ് കാലം ആധിയായി മാറും.
യുകെയിൽ ലീഡ്സിലെ ഒരു മലയാളി റെസ്റ്റോറന്റില്‍ വിറ്റുവരവ് 40 ശതമാനം വരെ താഴ്ന്ന് കഴിഞ്ഞതായാണ് ഉടമകള്‍ വെളിപ്പെടുത്തുന്നത്. ഈ ട്രെന്‍ഡ് യുകെയില്‍ എവിടെയും ഉണ്ട്. കിട്ടുന്ന ശമ്പളം മുഴുവന്‍ വീട് വായ്പക്കും വാടകയ്ക്കും ബില്ലിനും നല്‍കിയാല്‍ പിന്നെ ഭക്ഷണത്തിനു പോലും തികയാത്ത സാഹചര്യത്തില്‍ എങ്ങനെ റെസ്റ്റോറന്റില്‍ പോയി ഭക്ഷണം കഴിക്കും എന്നാണ് പലര്‍ക്കും ചോദിക്കാനുള്ളത്. അരുമ മക്കളുടെ പിറന്നാള്‍ പാര്‍ട്ടികള്‍ പോലും ഹാളില്‍ നിന്നും വീടുകളിലേക്ക് ഒതുക്കപ്പെടുകയാണ് എന്നതും വരാനിരിക്കുന്ന ദുരിത കാലത്തിന്റെ സൂചനയാണ്.
ആഡംബരം ഇല്ലാതെ ഇരുനൂറു പേരെ വിളിച്ചു ഒരു സദ്യ ഒരുക്കിയാല്‍ ചുരുങ്ങിയത് 4000 പൗണ്ട് അല്ലെങ്കിൽ അയർലണ്ടിലാണെൽ 3000 യൂറോ ചിലവാകും എന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടായ്‌മ നടത്തിയ നടത്തിയ കുടുംബം വെളിപ്പെടുത്തുന്നത്. ഹാള്‍ ഡെക്കറേഷന്‍ നടത്താന്‍ 300-600 യുറോ വേണമെന്ന് പറഞ്ഞതോടെ നാല് ബലൂണ്‍ വാങ്ങിക്കെട്ടി ഡെക്കറേഷന്‍ അതില്‍ ഒതുക്കുക ആയിരുന്നു എന്നാണ് ചില കുടുംബങ്ങൾ പറയുന്നത്. ഇതിലും ഭേദം കുട്ടികളേം കൂട്ടി ഔട്ടിങ്, സിനിമ അല്ലെങ്കിൽ ഐറിഷ് റെസ്റ്റോറന്റ്റ് ഐസ്ക്രീം ഇതൊക്കെയാണ് പുതിയ ട്രെൻഡ്. അയർലണ്ടിൽ ഒരു സെറ്റ് ഡിന്നർ വിത്ത് ഫുൾ കോഴ്‌സ് കഴിക്കാൻ ആഡംബരമായി ഇത്രയും ചിലവില്ല. കൂടാതെ മിക്കവാറും എല്ലാവരും ഇപ്പോൾ ഫാമിലിയുമൊത്തു യൂറോപ്പിലും അല്ലാത്തവർ തദ്ദേശീയമായും ട്രിപ്പിലാണ്.
ഭക്ഷണത്തില്‍ എന്ത് വെട്ടിക്കുറയ്ക്കല്‍ നടത്തിയാലും 12 വിഭവങ്ങള്‍ അധികം ഇല്ലാതെ പോലും ഒരു സദ്യ നല്‍കാനാകില്ല. നൂറു പേരെ വിളിച്ചാല്‍ പോലും ഈ ഇനത്തില്‍ മാത്രം നല്ലൊരു തുക മാറ്റിവച്ചേ മതിയാകൂ. ഭക്ഷണ സാധനത്തിന്റെയും മല്‍സ്യം, മാംസം, പച്ചക്കറി, പലവ്യഞ്ജനം എന്നു തുടങ്ങി സര്‍വത്തിന്റെയും വില ഉയര്‍ന്നതോടെ കാറ്ററിങ് സര്‍വീസ് നിര്‍ത്തുവാന്‍ പോലും ആലോചിക്കുന്നവരും കുറവല്ല.
കമ്മ്യൂണിറ്റി പരിപാടികളോടും ആളുകൾ മുഖം തിരിക്കുന്നു. ഒരു പരിപാടിയ്ക്ക് എത്തണമെങ്കിൽ 80 യൂറോയിലധികം മുടക്കണം കൂടാതെ ഗ്രൂപ്പുകളികളും പ്രോഗ്രാമുകളെ ചൊല്ലിയുള്ള അനൈക്യവും മലയാളി കമ്മ്യുണിറ്റികളെ മനം മടുപ്പിച്ചു ചെറു ഗ്രൂപ്പുകളാക്കി കഴിഞ്ഞിരിക്കുന്നു. അവനും അവളും പറയുന്നത് കേൾക്കാൻ ഞാൻ ക്യാഷ് കൊടുക്കണോ ? എന്നതിലേക്ക് കാര്യങ്ങൾ എത്തി. കോവിഡ് കഴിഞ്ഞപ്പോഴത്തെ ഉണർവ് മലയാളികൾ യാത്രകളിൽ തീർത്തു. പുതിയതായി എത്തപ്പെട്ട ഒന്നും അറിയാത്ത ആളുകളിലേക്ക് ആണ് ഇപ്പോൾ കച്ചവട, കമ്മ്യൂണിറ്റി താത്പര്യം.
വലിയ ഓര്‍ഡറുകള്‍ എടുക്കാന്‍ ഇപ്പോള്‍ പല കാറ്ററിങ് സ്ഥാപനങ്ങളും മടിക്കുകയാണ്. നാലംഗ കുടുംബത്തിന് ഓണ സദ്യ കഴിക്കുവാന്‍ 70 പൗണ്ട് എന്ന് ലണ്ടനിലെ ഒരു മലയാളി റെസ്റ്റോറന്റ് പരസ്യം ചെയ്തതിനോട് അതിരൂക്ഷമായ ഭാഷയിലാണ് സോഷ്യല്‍ മീഡിയ പ്രതികരണം നേരിടേണ്ടി വന്നിരിക്കുന്നത്. നാട്ടിലെ പാചക വിദഗ്ധന്റെ പടവും പേരും ഒക്കെ വച്ച് പരസ്യം ചെയ്ത കടക്കാര്‍ക്കു ഇപ്പോള്‍ വിലയുടെ പേരില്‍ നാട്ടുകാരുടെ രോഷം നേരിട്ട് കാണേണ്ടി വന്നിരിക്കുന്ന സാഹചര്യമാണ് മുന്നില്‍ ഉള്ളത്. അയർലണ്ടിൽ ആണേൽ ഫാമിലിക്ക് ഇത് 90 മുതൽ ആണ്. ഒരുങ്ങുക ഓണത്തെ വരവേൽക്കുക സമൃദ്ധമായി.