ഉടൻ അറസ്റ്റില്ല; ദിലീപിന്റെ (Dileep) മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. കേസില്‍ എട്ട് സാക്ഷികളെ വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കി. പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് കോടതി സാക്ഷി വിസ്താരത്തിന് അനുമതി നല്‍കിയത്. വിസ്തരിക്കാന്‍ അനുമതി ലഭിച്ച എട്ട് സാക്ഷികളില്‍ അഞ്ച് പേര്‍ പുതിയ സാക്ഷികളാണ്. മൂന്ന് പേരെ വീണ്ടും വിസ്തരിക്കും. പ്രതികളുടെ കസ്റ്റമര്‍ ആപ്ലിക്കേഷന്‍ ഫോം പരിശോധിക്കണമെന്ന ആവശ്യവും അനുവദിച്ചിട്ടുണ്ട്. ദിലീപിന്റെ ഫോണ്‍ രേഖകളും വിളിച്ചു വരുത്താമെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, കേസില്‍ പത്ത് ദിവസത്തിനകം പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിചാരണ ക്കോടതിയുടെ നടപടികളില്‍ പ്രതിഷേധിച്ച് ഡിസംബറില്‍ കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചിരുന്നു. ഇത് രണ്ടാം തവണയാണ് പ്രോസിക്യൂട്ടര്‍ രാജിവയ്ക്കുന്നത്. നേരത്തെയും സമാന കാരണത്താല്‍ പ്രോസിക്യൂട്ടര്‍ രാജി സമര്‍പ്പിച്ചിരുന്നു.
എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിനെ ചോദ്യം ചെയ്യും. അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാകും ചോദ്യം ചെയ്യല്‍. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞ മൂന്ന് പേരുടെ ശബ്ദസാമ്പിളുകള്‍ ഉടന്‍ പരിശോധനയ്ക്ക് അയക്കും. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വിപുലപ്പെടുത്തിയിട്ടുണ്ട്. ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞ മൂന്ന് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. കേസില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ തുടര്‍ നീക്കങ്ങള്‍ നടത്താവുവെന്ന നിര്‍ദ്ദേശമാണ് അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുള്ളത്.
ഇതു സംബന്ധിച്ച കേസുകള്‍ വരും ദിവസങ്ങളില്‍ കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ ധൃതി പിടിച്ചുള്ള നീക്കങ്ങള്‍ വേണ്ടെന്ന നിര്‍ദ്ദേശവും ക്രൈം ബ്രാഞ്ചിന് നല്‍കിയെന്നാണ് വിവരം.
നടിയെ ആക്രമിച്ച കേസിലെ (Actress Attack Case) അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഭീഷണി കേസിൽ നടൻ ദിലീപിന്റെ (Dileep) മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി (High Court) വെള്ളിയാഴ്ചത്തേക്ക് മാറ്റി.
നേരത്തെ സംവിധായകൻ ബാലചന്ദ്രകമാറിൻ്റെ ആറു മണിക്കൂർ നീണ്ട രഹസ്യമൊഴിയുടെ മുഴുവൻ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ചപ്പോൾ അത് പരിശോധിക്കണമെന്ന് കോടതി നിലപാടെടുത്തു. കഴിഞ്ഞ തവണ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിവെക്കാനുള്ള പ്രധാന കാരണവും ഇതു തന്നെയായിരുന്നു. കേസിൽ നിർണായകമാകും എന്ന് കരുതപ്പെടുന്നതാണ് ബാലചന്ദ്ര കുമാറിൻറെ രഹസ്യമൊഴി. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുമ്പോൾ രഹസ്യമൊഴി ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് കേസുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തി . 51 പേജുള്ള ഈ മൊഴി കേസ് പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ ജാമ്യ ഹർജിയെ എതിർത്ത് സമർപ്പിക്കുകയായിരുന്നു.
പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. അറസ്റ്റിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും. ലഭിച്ച കൂടുതൽ തെളിവുകൾ സമർപ്പിക്കാനുള്ള സാധ്യതകളെ മുൻനിർത്തിയാണ് പ്രോസിക്യൂഷൻ ഈ ആവശ്യം ഉന്നയിച്ചത്. ഈ ദിവസം വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന പ്രതിഭാഗം ആവശ്യവും കോടതി അംഗീകരിച്ചു.