പോണ്ടിച്ചേരിയെ ഒന്നിനെതിരെ നാലു ഗോളിന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി. കേരളം മൂന്നു കളികളില്‍ 18 ഗോളടിച്ചു. ഒരു ഗോളും വഴങ്ങിയില്ല. ഒമ്പത് പോയന്റുണ്ട് കേരളത്തിന്. പോണ്ടിച്ചേരിക്കും ലക്ഷദ്വീപിനും നാല് പോയന്റ് വീതമാണ്. ആന്‍ഡമാന്‍ മൂന്നു കളിയും തോല്‍ക്കുകയും 22 ഗോള്‍ വഴങ്ങുകയും ചെയ്തു.
കോഴിക്കോട്ടും മഞ്ചേരിയിലുമായാണ് ഫൈനല്‍ റൗണ്ട് അരങ്ങേറുക. ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിന്റെ ഗ്രൂപ്പ് ബി-യിലെ അവസാന മത്സരത്തില്‍ കേരളത്തിന് സമനില മതിയായിരുന്നു മുന്നേറാന്‍. എന്നാല്‍ ആദ്യ പകുതിയില്‍ തന്നെ ആതിഥേയര്‍ 2-1 ന് മുന്നിലെത്തി. ഇരുപത്തൊന്നാം മിനിറ്റില്‍ നിജൊ ഗില്‍ബര്‍ടും ഇരുപത്തിനാലാം മിനിറ്റില്‍ അര്‍ജുന്‍ ജയരാജും കേരളത്തിന് രണ്ട് ഗോളിന്റെ സുരക്ഷിതത്വം നല്‍കി. മുപ്പത്തൊമ്പതാം മിനിറ്റില്‍ ആന്‍സന്‍ സി ആന്റോയിലൂടെ പോണ്ടിച്ചേരി ലീഡ് കുറച്ചെങ്കിലും ഇടവേളക്കു ശേഷം രണ്ടു ഗോള്‍ കൂടി കേരളം സ്‌കോര്‍ ചെയ്തു. അമ്പത്തഞ്ചാം മിനിറ്റില്‍ പി.എന്‍. നൗഫലും രണ്ടു മിനിറ്റിനു ശേഷം വി. ബുജൈറുമാണ് സ്‌കോര്‍ ചെയ്തത്.
അപ്രസക്തമായ മത്സരത്തില്‍ ലക്ഷദ്വീപ് 5-1 ന് ആന്‍ഡമാന്‍ നിക്കോബാറിനെ തകര്‍ത്തു. ലക്ഷദ്വീപിനു വേണ്ടി അബ്ദുല്‍അമീന്‍ രണ്ടു ഗോളടിച്ചു. അബ്ദുല്‍ഹാഷിം, സാഹില്‍, അബ്ദുല്‍ ഹസന്‍ എന്നിവരും ലക്ഷ്യം കണ്ടു. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ഷിജുരാജാണ് ആന്‍ഡമാന്റെ ആശ്വാസ ഗോള്‍ സ്‌കോര്‍ ചെയ്തത്. ടൂര്‍ണമെന്റില്‍ ആന്‍ഡമാന്റെ ഏക ഗോളായിരുന്നു ഇത്.