ചരിത്രത്തെ വളച്ചൊടിച്ചു; മോഹൻലാൽ ചിത്രത്തിനെതിരെ കേസ്; തീരുമാനമെടുക്കാൻ കേന്ദ്രത്തിന് നാലാഴ്ച്ച സമയം
റൂൾ 32 പ്രകാരം നടപടിയെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും സെൻസർ ബോർഡ് പറഞ്ഞു. ഹർജിക്കാരിയുടെ പരാതി കേന്ദ്രസർക്കാരിന് കൈമാറിയിട്ടുണ്ടെന്ന് സെൻസർ ബോർഡ് ഹൈക്കോടതിയിൽ പറഞ്ഞു.
സെൻസർ ബോർഡിനും കേന്ദ്ര സർക്കാറിനും 2020 ഫെബ്രുവരിയിൽ പരാതി നൽകിയിട്ടും തീരുമാനം എടുത്തില്ലെന്ന് ഹർജിക്കാരി കോടതിയിൽ ആരോപിച്ചു.
കൊച്ചി: മോഹൻലാൽ ചിത്രമായ ‘മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം’ പ്രദർശിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള പരാതിയിൽ നാല് ആഴ്ച്ചയക്കകം തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാറിന് ഹൈക്കോടതിയുടെ നിർദ്ദേശം. ചരിത്രത്തെ വളച്ചൊടിച്ചുള്ള സിനിമ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും നടപടി ആയില്ലെന്ന് ചൂണ്ടികാട്ടി കുഞ്ഞാലി മരക്കാരുടെ കുടുംബാംഗമായ മുഫീദ അറാഫത് മരയ്ക്കാർ നൽകിയ ഹർജിയിലാണ് ഉത്തരവ്.
സെൻസർ ബോർഡിനും കേന്ദ്ര സർക്കാറിനും 2020 ഫെബ്രവരിയിൽ പരാതി നൽകിയിട്ടും തീരുമാനം എടുത്തില്ലെന്നാണ് ആരോപണം.
‘പരാതി കേന്ദ്രസർക്കാരിന് കൈമാറി, റൂൾ 32 പ്രകാരം നടപടിയെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്’ സെൻസർബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു.
കുഞ്ഞാലി മരക്കാരുടെ ജീവിതത്തെ വസ്തുതാവിരുദ്ധമായി ചിത്രീകരിച്ചിട്ടുള്ളതായി സിനിമയുടെ ടീസറില്‍ നിന്നും വ്യക്തമാകുന്നതായി പരാതിക്കാരി, മുഫീദ പറയുന്നു.
ഇത് സാമുദായിക വിദ്വേഷം ജനിപ്പിക്കാന്‍ കാരണമാകും. വിദഗ്ധ സമിതി പരിശോധിച്ചതിന് ശേഷം മാത്രമേ ചിത്രത്തിന് അനുമതി നല്‍കാവൂ എന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. കുഞ്ഞാലി മരയ്ക്കാര്‍ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഒരു ഘടകമാണ്, സിനിമ പദര്‍ശിപ്പിച്ചാല്‍ അത് കുട്ടികളുടെ മനസില്‍ ഗുരുതരമായ സ്വാധീനം ചെലുത്തും എന്നും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.