ഇന്ത്യയുടെ ഒളിംപിക് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം ടോക്യോയിൽ ഉണ്ടാകുമെന്ന് ഷൂട്ടിംഗ് ഇതിഹാസം അഭിനവ് ബിന്ദ്ര. ക്വാറൻറീൻ ചട്ടങ്ങളിൽ ഇന്ത്യക്കെതിരെ വിവേചനം ഉണ്ടെന്ന വാദം ശരിയല്ലെന്നും ബിന്ദ്ര പറഞ്ഞു.
മുപ്പത്തിമൂന്നാമത്തെ വയസ്സിലെ വിരമിക്കൽ പ്രഖ്യാപനത്തിൽ നിരാശയില്ലെന്നും ബിന്ദ്ര അറിയിച്ചു. ഒളിമ്പിക് സ്വർണ മെഡൽ ക്ലബ്ബിൽ കൂടുതൽ ഇന്ത്യക്കാർ എത്തുന്നതിന് ടോക്യോ സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയ്ക്ക് ഇത്രത്തോളം മെഡൽ സാധ്യതയുള്ള മറ്റൊരു ഒളിമ്പിക്സ് ഇത് വരെ വന്നിട്ടില്ല. മൂന്ന് ദിവസം ക്വാറൻറീനെന്ന ചട്ടം ഇന്ത്യക്കാരോട് മാത്രമുള്ള വിവേചനമായി കാണാനാകില്ലെന്നും ബിന്ദ്ര വ്യക്തമാക്കി.
ചരിത്രം തിരുത്തിയ ബീജിങ്ങിലെ സുവർണ നേട്ടത്തിന് 13 ആണ്ട് തികയുമ്പോൾ യുവതലമുറയ്ക്ക് ആത്മവിശ്വാസം പകരാൻ കഴിഞ്ഞതിൽ അഭിനവ് ബിന്ദ്ര അഭിമാനിക്കുന്നു. ബീജിംഗ് ഒളിംപിക്സിൽ 10 മീറ്റർ എയർ റെഫിൾസിൽ സ്വർണം നേടിയതോടെ ഗെയിംസ് ചരിത്രത്തിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടം അഭിനവ് ബിന്ദ്ര സ്വന്തമാക്കിയിരുന്നു.