ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഈ വര്‍ഷം നടത്തേണ്ടിയിരുന്ന ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റാന്‍ തീരുമാനം. ഒക്ടോബറില്‍ ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ലോകകപ്പ് കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നാണ് യുഎഇയിലേക്ക് മാറ്റുന്നത്. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് ടൂര്‍ണമെന്റ്. ഐപിഎല്‍ 2021 ഫൈനല്‍ കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷമാണ് ലോകകപ്പ് ആരംഭിക്കുന്നത്.
നേരത്തെ കൊവിഡ് 19നെ തുടര്‍ന്നാണ് ഇന്ത്യയില്‍ നടത്തിക്കൊണ്ടിരുന്ന ഐപിഎല്‍ പാതിവഴിയില്‍ നിര്‍ത്തിവെച്ചത്. ശേഷിക്കുന്ന മത്സരങ്ങള്‍ സപ്തംബര്‍ 19 മുതല്‍ യുഎഇയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഒക്ടോബര്‍ 15നാണ് ഐപിഎല്‍ ഫൈനല്‍. ഐപിഎല്ലിനായി യുഎഇയിലെത്തുന്ന കളിക്കാര്‍ക്ക് നേരിട്ട് ടി20 ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയും.