ഇന്ന് രാവിലെ ഞാൻ ഉറക്കം വിട്ടേഴുന്നേറ്റപ്പോൾ ആദ്യം കണ്ണിലുടക്കിയത് ലണ്ടനിലെ ഒരു മലയാളി നഴ്സ് ഷീജാ കൃഷ്ണന്റെ ആത്മഹത്യക്ക് മുൻപുള്ള അവരുടെ ഒരു വോയ്‌സ് ക്ലിപ്പ് ഇട്ടുള്ളൊരു വാർത്തയാണ്.
രണ്ടു കുട്ടികളുടെ അമ്മയും, കുടുംബിനിയും ആയ അവർ അവരുടെ അടുത്ത ബന്ധുവിനയച്ച ആ സന്ദേശം ഇതായിരുന്നു " എനിക്ക് കടുത്ത പനി തുടങ്ങിയിട്ട് ദിവസങ്ങളായി, ഒരു ഗ്ലാസ് വെള്ളം പോലും എടുത്തു തരാൻ ഇവിടെ എനിക്കാരുമില്ല " അവരുടെ കണ്ണു നീരോടെയുള്ള ആ മരണമൊഴിയിൽ അവരനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ, സ്നേഹ രാഹിത്യത്തിന്റെ കടലാഴങ്ങളുണ്ടായിരുന്നു..
മദർ തെരേസ ഒരിക്കൽ പറഞ്ഞു "ഇന്ന് മനുഷ്യർ മരിക്കുന്നത് പട്ടിണി മൂലമല്ല, സ്നേഹ രാഹിത്യം മൂലമാണെന്ന്... അതെത്ര സത്യമാണെന്നോ....!
"ലക്ഷങ്ങൾ" സാലറി വാങ്ങുന്ന യുകെ നഴ്സ് മാരിൽ ബഹു പൂരിപക്ഷമാളുകയുടെയും ജീവിതങ്ങളിങ്ങനെയൊക്കെ തന്നെയാണ്. എന്തു കൊണ്ടാണ് പണവും , ഉന്നത ജീവിത നിലവാരവും മനുഷ്യനെ സന്തോഷപെടുത്താൻ കഴിയാതെയിങ്ങനെ , നിരാശയിലേക്ക് തള്ളി വിടുന്നത്? കൂടെ ജീവിക്കുന്ന മനുഷ്യരുടെ, സഹജീവികളുടെ സ്നേഹ രാഹിത്യവും, വിശ്വാസ വഞ്ചനകളുമല്ലേ..?
ജീവിത പങ്കാളികൾ പണമുണ്ടാക്കാൻ വേണ്ടിയുള്ള ഒരു എണീപ്പടി മാത്രമാകുമ്പോൾ, ദാമ്പത്യത്തിലെ പരസ്പര ബഹുമാനം കുറയുമ്പോൾ, സ്നേഹമില്ലാതെ ആകുമ്പോൾ ഇന്നത്തെ ഈ സാഹചര്യത്തിൽ കോവിഡ് വാർഡുകളിൽ ജോലി ചെയ്യുന്ന ഒരു നഴ്‌സിനു അത് മരണത്തിലേക്കുള്ള ഒരു ഒളിച്ചോട്ടമാണ്.."മനസ്സ് മടുത്തു " എന്നുള്ള ഷീജാ കൃഷ്ണമാരുടെ കരച്ചിലുകൾക്കിന്ന് ചെവി കൊടുക്കാൻ, അവരെയൊന്ന് കേൾക്കാൻ മനുഷ്യരില്ലാത്ത, സാരമില്ലെടോ പോട്ടെ എന്നൊന്ന്, ചേർത്തു നിർത്തി ആശ്വസിപ്പിക്കാൻ മനുഷ്യരില്ലാത്ത ഒരു ലോകത്തിന്റെ ഭീകരത അതൊരിക്കലെങ്കിലും നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ????
രണ്ടു കുഞ്ഞുങ്ങളെയിട്ട് ഈ ജീവിതം അവസാനിപ്പിക്കാൻ എന്തുകൊണ്ടാവും ഷീജ തുനിഞ്ഞത്? എന്തുകൊണ്ടാവും ദുരിതപൂർണമായ, സ്നേഹരഹിതമായ അവരുടെ വിവാഹ ജീവിതം ഒരു ഡിവോഴ്സ് വാങ്ങി അവസാനിപ്പിക്കാൻ അവർക്ക് കഴിയില്ലെന്ന് കണ്ണു നീരോടെയവർ പറയുന്നത്?? എന്തുകൊണ്ടാവും മറ്റുള്ള സ്ത്രീകളെപ്പോലെ അല്ല, ഒരു തമാശക്ക് പോലും വഴക്കിടുന്ന ആളല്ല ഞാൻ എന്നും, എന്നിട്ട് പോലും എനിക്കീ ഗതി വന്നല്ലോ, എന്നും ഷീജ ആർത്തലച്ചു സങ്കടം പറഞ്ഞു കരയുന്നത്???? മാനുഷികമായി തോന്നുന്ന വികാരങ്ങൾ പോലും ഫലപ്രദമായി പ്രകടിപ്പിക്കാൻ കഴിയാതെ അടക്കി വച്ചു, പ്രെഷർ കുക്കർ പോലെ ജീവിക്കേണ്ടി വരുന്ന ഒരു ലണ്ടൻ നഴ്‌സിന്റെ, ഒരു സ്ത്രീയുടെ ഗതികേട്,... എത്ര ഭീകരമാണത്.
ഇവിടുത്തെ നഴ്സ് ജോലിയിൽ രോഗികളുടെ മുൻപിൽ (നമ്മളെത്ര ഉള്ളിൽ കരഞ്ഞാലും )ചിരിയോടെ നിൽക്കണം,വാർഡിലെ മാനേജർ മാരുടെ മൂഡ് നോക്കി വേണം നഴ്‌സുമാർ പെരുമാറാൻ, തിരക്കുള്ള ഒരു ദിവസത്തിൽ ചിലപ്പോൾ മുള്ളാൻ പോലും മറക്കുന്ന, സമയത്തിന് ഭക്ഷണം കഴിക്കാൻ സാധിക്കാത്ത,സങ്കടപെട്ടാണല്ലോ എന്ന് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത് എന്ന് പോലും മറക്കുന്ന, പറന്നു നടന്നു ജോലി ചെയ്യുന്ന നഴ്‌സുമാരുടേത് കൂടിയാണ് മ്മടെയി ലണ്ടൻ ലോകം...!
സ്നേഹ രാഹിത്യം... അത്യാവശ്യ ഘട്ടങ്ങളിൽ നമുക്കുവേണ്ടി നിൽക്കാൻ, നമ്മുടെ ജീവിത പങ്കാളി ഇല്ലെന്നുള്ള തിരിച്ചറിവ്, തങ്ങളുടെ കഴിവിനെ അംഗീകരിക്കാൻ, ചേർത്തു നിർത്താൻ, ആളില്ലെന്നുള്ള തിരിച്ചറിവ്,വർഷങ്ങളായി "പൊൻ മുട്ടയിടുന്നൊരു താറാവായിരുന്നു " താൻ എന്നുള്ള ഓർമ്മപ്പെടുത്തലുകൾ ... ഇതൊക്കെ അനുഭവിക്കാൻ ഇടവന്നാൽ,സ്ത്രീകളെ... നിങ്ങളുടെ നല്ല പിള്ള സർട്ടിഫിക്കറ്റ് എടുത്ത് കക്ഷത്തു വച്ചിട്ട് സ്വരം നല്ലപ്പോ കളി നിർത്തി നിങ്ങൾ നിങ്ങടെ ജീവിതത്തിലേക്ക് നടക്കാൻ നോക്കണം.വികാരങ്ങൾ മനസ്സിൽ അടുക്കി വച്ചു, സ്വയം ചാകാതെ വിശ്വസിക്കാൻ പറ്റുന്ന ആരോടെങ്കിലും ഒന്ന് തുറന്നു പറയു...ഇങ്ങനെയുള്ളവരെ കേൾക്കുന്ന മനുഷ്യരെ.. നിങ്ങളവരെയൊന്ന് നിങ്ങടെ ഹൃദയത്തോട് ചേർത്ത് നിർത്തൂ...
നിങ്ങൾ മരിച്ചാൽ, നിങ്ങൾ നൊന്ത് പെറ്റ മക്കൾക്ക് അമ്മയില്ലാതാകും എന്നതൊഴിച്ചാൽ നിങ്ങളുടെ മരണം ഒന്നും മാറ്റാൻ പോകുന്നില്ല...സ്നേഹരാഹിത്യം കൊണ്ട് നിങ്ങളെ അവഗണനയുടെ തീചൂളയിലേക്ക് തള്ളി വിട്ട്, നിങ്ങളെ ആത്മ ഹത്യ യിലേക്ക് നയിച്ചവർ നിങ്ങടെ ചിത ഒടുങ്ങും മുൻപേ അടുത്ത ഷീജയെ സ്വന്തമാക്കിയിട്ടുണ്ടാകും. ഒന്ന് പോയാൽ മറ്റൊന്ന്, വസ്ത്രം മാറുന്ന പോലെയാണ് ചില മനുഷ്യർക്ക് ബന്ധങ്ങൾ...
മാനസിക പീഢനം, ശാരീരിക പീഡനം, സാമ്പത്തിക പീഡനം... ഇതൊക്കെ പരിധി വിട്ട് സഹിച്ചും, ക്ഷമിച്ചും ജീവിക്കുന്ന നാഴ്‌സുമാരോടാണ്, നിങ്ങളൊരു ജീവിക്കുന്ന പ്രെഷർ കുക്കർ ആകാതെ പറ്റില്ലെന്ന് മനസ്സ് തോന്നിയാൽ, നമുക്ക് വിലയില്ലാത്ത ഇടങ്ങളിൽ നിന്നും, ജീവിതങ്ങളിൽ നിന്നും ഇറങ്ങി പോരാൻ രണ്ടാമതൊന്ന് കൂടി ആലോചിച്ചു നിന്ന് നിങ്ങടെ വിലയേറിയ സമയം പാഴാക്കരുത്...പുറമെ നിന്ന് നോക്കുന്ന മനുഷ്യർക്ക്, നാട്ടുകാർക്ക് നിങ്ങളൊരു മാതൃക ദമ്പതിമാരാകാം, പണത്തിനു പണം, കാറിനു കാർ, ലക്ഷങ്ങൾ ശമ്പളം പറ്റുന്ന ജോലി.... നാട്ടിലും വീട്ടിലും നല്ല അംഗീകാരം.. ഇങ്ങനെ അവരുടെ കണ്ണിൽ നിങ്ങളൊരു ഭാഗ്യവതിയായിരിക്കും.. നിങ്ങടെ ജീവിതത്തെ അസൂയയോടെ നോക്കുന്നവർ ഉണ്ടാകും...നിങ്ങളുടെ തലയിൽ വരച്ചത് അവരുടെ എവിടെയെങ്കിലും ഒന്ന് പോറി പോയാമതിയെന്നവർ നിങ്ങളോട് പലവട്ടം പറഞ്ഞിട്ടുണ്ടാകും.... ഒരു കാര്യോമില്ല, അതിലൊന്നും വീഴരുത്
ഓരോരുത്തരുടെയും ജീവിത യുദ്ധങ്ങൾ വിത്യസ്തമാണ്...

ആത്മഹത്യയുടെ വക്കിൽ ജീവിക്കുന്ന ലണ്ടൻ വിദേശ, സ്വദേശ നഴ്സ് മാർക്ക് (ഞാൻ എന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ) ചില ടിപ്സ്കൾ തരാം .
1)ആദ്യം നിങ്ങൾ നിങ്ങൾക്കൊരു വിലകൊടുക്കുക, നിങ്ങൾക്ക് നിങ്ങളോട് ഒരു ബഹുമാനം ഇല്ലെങ്കിൽ കൂടെ ജീവിക്കുന്നവർക്കും അതെ ബഹുമാനമേ നിങ്ങളോടും കാണു..നോ പറയേണ്ടിടത്ത് നോ തന്നെ പറയാൻ ചെറുപ്പം മുതലേ ശീലിക്കുക...
2) ലക്ഷങ്ങൾ സാലറി വാങ്ങിക്കുന്നു, 5-6 ലോങ്ങ് ഡേ ചെയ്തു നിങ്ങൾ കാശുണ്ടാക്കുന്നു, ഇതു വരെ സ്വ കുടുംബത്തിനു വേണ്ടി കഷ്ട്ടപെട്ടു ജീവിച്ചു, സ്വയം ജീവിക്കാൻ മറന്നു പോയി എന്നൊക്കെയുള്ള നിങ്ങടെ പരിവേദനങ്ങൾ നമ്മുടെ സ്വന്തം മക്കൾക്ക് പോലും ഇപ്പോൾ കേൾക്കാൻ ആരോചകമാണ് എന്നറിയാമല്ലോ, അതുകൊണ്ട് അവനവന്റെ ആരോഗ്യം നോക്കി, ഒരു പാകത്തിനൊക്കെ പണമുണ്ടാക്കി,ജോലി ചെയ്തു സ്വന്തം ആഗ്രഹങ്ങൾക്കും അഭിലാഷ്ങ്ങൾക്കും കൂടെ ആ പണം ചിലവഴിച്ചു ജീവിക്കുക. നിങ്ങൾ കഷ്ട്ടപെട്ടു സ്വത്ത് സമ്പാദിക്കുമ്പോൾ അതിലോരോഹരി സ്വന്തം പേരിൽ കൂടി ചേർത്ത് വക്കുക, "ഫിനാൻഷ്യൽ ഫ്രീഡം "അതൊരു വല്ലാത്ത ഫ്രീടമാണ്.. നല്ലൊരു ജോലിയോ, വരുമാനമോ, ഒത്ത സമ്പാദ്യമോ ഇല്ലാതെ വിവാഹമെന്ന ദുരിതത്തിൽ കഷ്ടപ്പെടുന്ന സ്ത്രീകൾക്ക് അതിൽ നിന്നുമുള്ള ഒരു ഇറങ്ങിപോക്ക് അത്ര എളുപ്പമല്ല...ജീവിതകാലം മുഴുവൻ നിങ്ങൾ "സാക്രിഫൈസ്" ചെയ്യാൻ വിധിക്കപ്പെട്ടവരാകും...
3)നിങ്ങളുടെ മാനസിക ആരോഗ്യം നിലവിലെ സാമൂഹ്യ സാഹചര്യത്തിൽ അതി പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.. ഒറ്റപ്പെടൽ, അവഗണന, സ്നേഹ,വിശ്വാസ രഹിത്യ ദാമ്പത്യ ബന്ധങ്ങൾ, നല്ല സൗഹൃദങ്ങളില്ലായ്മ ഒക്കെ തുടക്കത്തിലേ കണ്ടെത്തി ആവശ്യം വന്നാൽ കൗൺസിലിംഗ് വിദഗ്ധരുടെ സഹായം തേടാൻ മറക്കരുത്.. നല്ല സുഹൃത്തുക്കൾ ഇല്ലാത്തവർ ഇത്തരം മാനസിക ആരോഗ്യ വർദ്ധന സെർവീസുകൾ പണം കൊടുത്ത് വാങ്ങേണ്ടി വന്നാൽ അതിനൊരിക്കലും മടി വിചാരിക്കേണ്ട കാര്യമില്ല.. ശാരീരിക ആരോഗ്യം പോലെ പ്രധാനമാണ് മാനസിക ആരോഗ്യവും...ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ കഴിയു... 

4)മറ്റുള്ളവർ നമ്മെക്കുറിച്ച് എന്ത് തേങ്ങാ പറയും എന്നുള്ള വിലകുറഞ്ഞ ചിന്തകൾ ആദ്യമെടുത്ത് ആറ്റിൽ കളയുക, നിങ്ങളുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ, നിങ്ങൾ കടന്നു പോകുന്ന സമാനതകളില്ലാത്ത ദുരിതങ്ങൾ, സഹിച്ച അപമാനങ്ങൾ, നാട്ടുകാർക്ക് അറിയില്ല,അവരെ അറിയിക്കേണ്ട കാര്യവുമില്ല. നാട്ടുകാരുടെ, വീട്ടുകാരുടെ മുൻപിൽ നിങ്ങടെ ജീവിത പങ്കാളികൾ എന്നും ഒരു കുറ്റോം പറയാനില്ലാത്ത "നല്ലവരായ ഉണ്ണി" മാരായിരിക്കും, ആരും പറഞ്ഞാൽ പോലും വിശ്വസിക്കില്ല... അതുകൊണ്ട് നമ്മുടെ ഒരുർത്തരുടെയും യുദ്ധങ്ങൾ വ്യത്യസ്തമാണ് എന്ന് തീർച്ചറിയുക..ഒരുമിച്ചു പോകാൻ കഴിയാത്ത വിധം മനസ്സ് അകന്നു കഴിഞ്ഞാൽ സന്തോഷപൂർവം പിരിയുക..
"എ ഡിവോഴ്‌സ്ഡ് മതർ ഈസ് ബെറ്റർ താൻ എ ഡെഡ് മദർ" എന്നേ കുട്ടികൾപോലും പറയു....ചിന്തിക്കുക... ആത്മ ഹത്യ.... ഒരു പ്രശ്‌ന പരിഹാരമല്ല!! തോറ്റു പോയവരായിട്ടല്ല നിങ്ങളെ നിങ്ങൾ അടയാളപ്പെടുത്തേണ്ടത്... തോൽപ്പിക്കാൻ ശ്രമിച്ചവരുടെ മുൻപിൽ ഒരു പുഞ്ചിരിയോടെ പൊരുതി ജീവിക്കാൻ നോക്ക് പെണ്ണുങ്ങളെ... നഴ്സ് മാരെ പോലെ പോരാളികൾ ആരുണ്ട് ഈ ലോകത്ത്..
മറ്റുള്ളവരുടെ രോഗവും കഷ്ടതയും, മുറിവുകളും, വേദനയും ഒക്കെ നിസ്സാരമാക്കി മാറ്റി സുഖപെടുത്തുന്നവർക്ക് സ്വന്തം മനസ്സിനെ പരിചരിക്കാൻ കരുത്തുണ്ടാകില്ല എന്നുള്ള ചിന്ത തന്നെ മാറ്റു...ഇനി അങ്ങനെ കഴിഞ്ഞില്ലെങ്കിൽ ദയവായി നിങ്ങൾ ഒരു തെറാപ്പിസ്റ്റിനെ കാണു...
നിങ്ങൾക്ക് വഴക്കുണ്ടാക്കാൻ തോന്നുമ്പോൾ അത് ചെയ്യ്, ഉറക്കെ ഉറക്കെ പോട്ടി കരയാൻ തോന്നിയാൽ അങ്ങനെ,കേൾക്കാനാളില്ലാത്തവർ മനസ്സിലെ വേദനകൾ, വെറുപ്പുകൾ, ദേഷ്യങ്ങൾ ഒരു കടലാസിൽ എഴുതി കത്തിച്ചു കളഞ്ഞാൽ മനസ്സ് തണുക്കും എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്... വികാരങ്ങൾ അത് പ്രകടമാക്കേണ്ട സമയത്ത് പ്രകടിപ്പിക്കുക.. നിങ്ങളുടെ മച്ചുരിറ്റി അളക്കുന്ന അളവുകോലാക്കി അതിനെ മാറ്റരുത്... ചിലരുടെ സങ്കടങ്ങൾ ഒന്ന് സ്വയം പൊട്ടിക്കരഞ്ഞാൽ തീരാവുന്നതയുള്ളു.. പക്ഷെ മനുഷ്യരല്ലേ.. പല വിധമാണ് മനസ്സ് നമ്മുടെ പ്രവർത്തിക്കുന്നത്...
എന്റെ സുഹൃത്ത് വലയത്തിലുള്ളവർ ആരെങ്കിലും ഡിപ്രഷനോ, മറ്റുള്ള മാനസിക ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുവെങ്കിൽ
എനിക്ക് കഴിയുന്ന സഹായങ്ങളവർക്ക് ചെയ്യാൻ സന്തോഷമുണ്ട് എന്നറിയിക്കട്ടെ... ഞാനുമൊരു സർവയ്വർ ആണ്... ഡിപ്രഷൻ, മാനസിക സംഘർഷങ്ങൾ, മരണ ചിന്തകൾ ഒക്കെ മിന്നി മാഞ്ഞുപോയൊരു കാലമെനിക്കുമുണ്ട്... നല്ല ചില സൂർത്തുക്കൾ, എന്റെ സഹോദരിമാർ, എന്റെ വീട്ടുകാർ ഒക്കെ ഇതിൽ നിന്നും കരകയറാൻ എന്നെ ഒരുപാട് സഹായിച്ചു...അതൊരു പ്രിവിലേജ് ആയിരിക്കാം...എല്ലാവർക്കും സ്നേഹം...
നിങ്ങൾ സന്തോഷമായിരിക്കുക..


5) ആവശ്യത്തിൽ കൂടുതൽ ഉള്ളത് എന്തും വിഷമാണ്. അതിപ്പോ പണമായാലും, പദവി ആയാലും, വീടും, കൂടും, ഭക്ഷണം പോലും... നമുക്ക് ജീവിക്കാൻ ഒരുപാട് കാശിന്റെ ഒന്നും ആവശ്യമില്ലെന്നുള്ള തിരിച്ചറിവ്, പണത്തേക്കാൾ നമ്മൾ നമ്മുടെ മനസമാധാനത്തിന് വിലകൊടുക്കുന്ന സമയം നമ്മുടെ "നൽപ്പതു" കളിലെ തിരിച്ചറിവുകൾ ആയിരിക്കും...ഇതുവരെയുള്ള ഓട്ട പാച്ചിലുകളിൽ നേടിയത് എന്ത് എന്ന് മനസ്സ് ശാന്തമാക്കി ചിന്തിക്കാൻ, ഒന്ന് റിഫ്ളക്ട് ചെയ്യാൻ, തിരുത്താൻ, മുന്നോട്ട് പോകാൻ ഒക്കെ നമുക്ക് കഴിയണം...

മരണപെട്ടു പോയ ആ നഴ്സ് കുട്ടിക്ക് ആത്മ ശാന്തി ലഭിക്കട്ടെ... ഇനിയും ഇതുപോലുള്ള ആത്മഹത്യ വാർത്തകൾ കേൾക്കാതിരിക്കട്ടെ...
മറുനാടൻ വാർത്തയുടെ ലിങ്ക് കമെന്റ് ബോക്സിൽ...
കടപ്പാട് :
കൂടുതൽ വായിക്കുക
🔘"520 രോഗികളുടെ കോർപ്പറേറ്റ് രേഖ ഡാർക്ക് വെബിൽ" ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് | കോവിഡ്-19 അപ്ഡേറ്റ്
🔘സ്കാം അലേർട്ട്: ടൊയോട്ട അതിന്റെ 80-ാം വാർഷികം ആഘോഷിക്കുന്നില്ല! 🔘അനധികൃത പാര്ക്കിംഗുകാര്ക്ക് "സ്പോട്ട് പിഴ" പൈലറ്റ് പദ്ധതി "ജൂണ് ഒന്നു മുതല് "ഡബ്ലിന് സിറ്റി കൗണ്സില്
അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക IRELAND: UCMI (യുക് മി) 8മുകളിൽ നൽകിയവിവരങ്ങൾ യഥാസമയം അപ്ഡേറ്റ് ചെയ്യുന്നതാണ്.വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് ,നിങ്ങളുടെ ചിന്തകൾ ഷെയർ ചെയ്യാൻ, അറിയാൻ ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി) . VISIT : www.ucmiireland.com കൂടുതൽ വിവരങ്ങൾക്ക് കാണുക :
അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
IRELAND: UCMI (യുക് മി) 8
മുകളിൽ നൽകിയവിവരങ്ങൾ യഥാസമയം അപ്ഡേറ്റ് ചെയ്യുന്നതാണ്.
വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് ,നിങ്ങളുടെ ചിന്തകൾ ഷെയർ ചെയ്യാൻ, അറിയാൻ ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി) .
VISIT : www.ucmiireland.com
കൂടുതൽ വിവരങ്ങൾക്ക് കാണുക :