ഡബ്ലിന്‍: കോവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാരോട് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ നിര്‍ദ്ദേശിച്ചു.
വാക്സിനേഷന്‍ നടത്തിയവര്‍ക്ക് വരെ കോവിഡ് രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്നും നിലവിലെ സ്ഥിതിയില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോണ്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു.
അത്യാവശ്യമുള്ളവര്‍ ഇന്ത്യയിലേക്ക് പോകുന്നതിന് മുമ്പ് പൂര്‍ണമായും വാക്‌സിനേഷന്‍ നടത്തണമെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 2,59,170 പുതിയ കേസുകളാണ് ചൊവ്വാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.24 മണിക്കൂറിനുള്ളില്‍ 1761 മരണങ്ങളും കോവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 1,53,21,089 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 20,31,977 ആണ്. 1,80,530 ആളുകളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
കോവിഡ് അതീവ ഗുരുതരമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മേയ് ഒന്ന് മുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കോവിഡ് വാക്‌സിനുകളില്‍ രാജ്യം ദൗര്‍ലഭ്യം നേരിടുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.
കേരളത്തില്‍ സ്ഥിതി പിടിവിട്ടുപോകുന്നു
കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രവ്യാപനം പിടിച്ച് നിര്‍ത്താന്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ.
രാത്രി ഒമ്പത് മണി മുതല്‍ രാവിലെ അഞ്ച് വരെയാണ് നൈറ്റ് കര്‍ഫ്യൂ. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം നടപ്പാക്കുക. പൊതുഗതാഗത്തിനും ചരക്കുനീക്കത്തിനും തടസ്സമുണ്ടാകില്ല. എന്നാല്‍ ടാക്‌സികളില്‍ നിശ്ചിത ആളുകള്‍ മാത്രമേ കയറാവൂ. സിനിമ തിയേറ്ററുകളുടേയും മാളുകളുടേയും മള്‍ട്ടിപ്ലക്‌സുകളുടേയും സമയം രാത്രി എഴര മണി വരെയാക്കി കുറച്ചു.
അതേസമയം നാളെയും മറ്റനാളും 3 ലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ ദിവസം ആഘോഷങ്ങളും ആള്‍ക്കൂട്ടവും പാടില്ലെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കോര്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചു.സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാണ് നടത്തേണ്ടതെന്ന് നിര്‍ദേശമുണ്ട്.
അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുടെ നിലപാട് തുടരുമെന്ന് സൂചനയുണ്ട്. അതീവ അത്യാവശ്യമല്ലാത്ത യാതൊരു കാരണങ്ങള്‍ക്കും ഇന്ത്യ അടക്കമുള്ള കോവിഡ് ബാധിതരാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കുന്നതാണ് നല്ലതെന്ന് യുറോപ്യന്‍ ഹെല്‍ത്ത് അഡൈ്വസറി കൗണ്‍സിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വര്‍ക്ക് ഫ്രം ഫോം നടപ്പാക്കണമെന്ന നിര്‍ദ്ദേശത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ തീരുമാനം ഇന്നുണ്ടായേക്കും. മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പ്, പത്രം, പാല്‍, മാധ്യമ പ്രവര്‍ത്തകര്‍ രാത്രി ഷിഫ്റ്റിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
ഹോട്ടലുകളില്‍ നിന്നും രാത്രി 9ന് ശേഷം പാര്‍സല്‍ വിതരണം പാടില്ല. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം പരമാവധി കുറക്കണം. ആരാധനാലയങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലുടെ ആരാധനകള്‍ ബുക്ക് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
READ ALSO