തിരുവനന്തപുരം : സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം രാത്രി ഒന്‍പത് മണിയ്ക്ക് തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി തീയേറ്റര്‍ ഉടമകളുടെ സംഘടയായ ഫിയോക്ക് അറിയിച്ചു. തിയറ്ററുകളുടെയും ബാറുകളുടെയും പ്രവർത്തനം ഒമ്പത് മണിക്ക് അവസാനിപ്പിക്കണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. ഇതേത്തുടർന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് പൂര്‍ണമായി സഹകരിക്കാന്‍ തീരുമാനിച്ചതായും ഫിയോക്ക് അറിയിച്ചു. സിനിമാ പ്രദര്‍ശനം രാവിലെ ഒന്‍പത് മണിയ്ക്ക് ആരംഭിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത തേടുമെന്നും സംഘടന അറിയിച്ചു.
നേരത്തെ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ നടത്താന്‍ അനുവാദം നല്‍കാതിരുന്നതില്‍ തിയറ്റർ ഉടമകൾ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കില്‍ സാമ്പത്തികമായി തകരുമെന്നും തിയേറ്റര്‍ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു തിയേറ്റര്‍ ഉടമകളുടെ നിലപാട്. തുടര്‍ന്ന് സിനിമാ റിലീസുകള്‍ കൂട്ടത്തോടെ മാറ്റിവെയ്ക്കുകയായിരുന്നു. ചര്‍ച്ചകള്‍ക്കൊടുവിലാണ് സെക്കന്‍ഡ് ഷോ അനുവദിക്കാൻ സർക്കാർ അനുമതി നൽകിയത്.