ഒട്ടാവ: ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കാനഡ. കോവിഡ് വ്യാപനം അതി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള യാത്രാ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. വരുന്ന 30 ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, വാക്സിനുകൾ, പി പി ഇ കിറ്റുകൾ, അവശ്യവസ്തുക്കൾ എന്നിവയുമായി എത്തുന്ന ചരക്കു വിമാനങ്ങൾക്ക് ഇത് ബാധകമല്ല. അതേസമയം, ഇന്ത്യയിൽ കോവിഡ് 19 കേസുകൾ അതിവേഗത്തിൽ വ്യാപിക്കുകയാണ്. വ്യാഴാഴ്ച മാത്രം മൂന്നുലക്ഷം ആളുകൾക്ക് ആണ് കോവിഡ് ബാധിച്ചത്. കാനഡയിലേക്കുള്ള യാത്രക്കാരിൽ 1.8 ശതമാനം മാത്രമാണ് കൊറോണ വൈറസിന് പോസിറ്റീവ് പരീക്ഷിച്ചതെന്ന് ആരോഗ്യമന്ത്രി പാറ്റി ഹാജു പറഞ്ഞു.
'ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നും കാനഡയിൽ എത്തിച്ചേരുന്ന യാത്രക്കാരിൽ കോവിഡ് 19 കേസുകൾ കൂടുതലായി കണ്ടെത്തിയതിനാൽ പാകിസ്ഥാനിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള എല്ലാ വാണിജ്യ, സ്വകാര്യ, യാത്രാ വിമാനങ്ങൾക്കും അടുത്ത 30 ദിവസത്തേക്ക് വിലക്ക് ഏർപ്പെടുത്തുകയാണ്' - ഗതാഗതമന്ത്രി പറഞ്ഞു.