ന്യൂയോർക്ക്: ഇൻറർനെറ്റ് ഭീമന്മാരായ ഗൂഗിളിനെതിരെ അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്മെൻറ് കേസ് എടുത്തു. ഇൻറർനനെറ്റ് സെർച്ചിൽ ഗൂഗിളിനുള്ള മേധാവിത്വം എതിരാളികൾക്കും, ഉപയോക്താക്കൾക്കും ദോഷകരമായ രീതിയിൽ ദുരുപയോഗം ചെയ്തു എന്നതാണ് കേസിന് ആധാരം. ആൽഫബെറ്റിന് കീഴിലുള്ള ഗൂഗിൾ നേരിടുന്ന ആദ്യത്തെ ആൻറി ട്രസ്റ്റ് കേസാണ് ഇത്.
യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെൻറ്, അമേരിക്കൻ കോൺഗ്രസ്, യുഎസ് സ്റ്റേറ്റ് അറ്റോർണിമാർ, ഫെഡറൽ ഓഫീസർമാർ എന്നിവർ നടത്തിയ ആന്വേഷണങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരമാണ് ഇപ്പോൾ നിയമ നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഗൂഗിളിൻറെ ഓൺലൈൻ പരസ്യലോകത്തെ പെരുമാറ്റം അടക്കം ഈ അന്വേഷണത്തിൻറെ ഭാഗമായി എന്നാണ് റിപ്പോർട്ട്.ഗൂഗിളിന് എതിരായി ഇപ്പോൾ എടുത്തിരിക്കുന്ന നടപടി ഗൂഗിളിൽ മാത്രം ഒതുങ്ങില്ലെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. ഇത് ഇന്നത്തെ ടെക് ഭീമന്മാർക്കെതിരെ വരാൻ ഇരിക്കുന്ന നടപടികളുടെ തുടക്കമാകാം എന്നാണ് വിലയിരുത്തൽ. അറ്റോർണി ജനറൽ വില്യം ബാർ ആണ് ഈ നിയമ നടപടികൾക്ക് നേതൃത്വം നൽകുന്നത്. 11 സംസ്ഥാനങ്ങൾ ഈ നടപടികൾക്ക് പിന്തുണ നൽകുന്നുണ്ട്.
എന്നാൽ സർക്കാർ ഉയർത്തുന്ന ആരോപണങ്ങൾ എല്ലാം ഗൂഗിൾ നിഷേധിക്കുകയാണ്. തങ്ങൾ എതിരാളികൾക്ക് തടസമാകുന്നില്ല. എതിരാളികൾ ഇൻറർനെറ്റിൽ ഒരു ക്ലിക്കിൽ തന്നെ ലഭിക്കുമല്ലോ എന്നാണ് ഗൂഗിൾ ചോദിക്കുന്നത്.ഈ കേസിൽ ഗൂഗിളും അമേരിക്കൻ നീതിന്യായ വിഭാഗവും തമ്മിൽ ധാരണയുണ്ടാക്കിയേക്കാം. അതിനുള്ള സാധ്യതകൾ അമേരിക്കൻ നീതിന്യായ വ്യവസ്ഥയിലുണ്ട്. അതേ സമയം അത്തരം ഒരു ധാരണയിൽ എത്തിയില്ലെങ്കിൽ ഇത് കോടതിയിൽ വ്യവഹാരമായി വളരെക്കാലം നീളും. എങ്കിലും ഗൂഗിളിന് മുകളിലുള്ള നിരീക്ഷണക്കണ്ണുകൾ അടുത്തകാലത്തൊന്നും നീങ്ങില്ല എന്ന് വ്യക്തം.