കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ ഇന്നു സ്വാതന്ത്ര്യദിനാഘോഷം. എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍. ഇന്നു രാവിലെ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യും.
സംസ്ഥാന സര്‍ക്കാര്‍ ക്വാറന്റൈനില്‍. മുഖ്യമന്ത്രി പിണറായി വിജയനും ഏഴു മന്ത്രിമാരും നിയമസഭാ സ്പീക്കറും ചീഫ് സെക്രട്ടറിയും ഡിജിപിയും സ്വയം നിരീക്ഷണത്തിലായി. കോവിഡ് സ്ഥിരീകരിച്ച മലപ്പുറം ജില്ലാ കളക്ടറുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനാലാണ് ഇവരെല്ലാം കൂട്ടത്തോടെ ക്വാറന്റൈനിലായത്. ഇവര്‍ക്കെല്ലാം കോവിഡ് പരിശോധന നടത്തി. മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.കെ ശൈലജ, എ.കെ ശശീന്ദ്രന്‍, എ.സി. മൊയ്തീന്‍, വി.എസ് സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഡോ. കെ.ടി ജലീല്‍ എന്നീ മന്ത്രിമാരും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ഡിജിപി ലോക്‌നാഥ് ബഹറ എന്നിവരാണു നിരീക്ഷണത്തിലായത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സമ്പര്‍ക്ക പട്ടികയിലുണ്ട്. വിമാനാപകടമുണ്ടായ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇവര്‍ ഒന്നിച്ചുണ്ടായിരുന്നു.
കോവിഡ് വ്യാപന ഭീഷണിമൂലം സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷത്തിന്റെ സമയം വെട്ടിക്കുറച്ചു. പതാക ഉയര്‍ത്തുന്നതടക്കമുള്ള പരിപാടികളുടെ സമയം 15 മിനിറ്റായാണ് വെട്ടിക്കുറച്ചത്. സ്പീക്കറും മുഖ്യമന്ത്രിയും മന്ത്രിമാരും ക്വാറന്റൈനില്‍ കഴിയുന്നതിനാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പു നടക്കുന്ന 24 നു നടത്താനിരുന്ന നിയമസഭാ സമ്മേളനം അനിശ്ചിതാവസ്ഥയിലാകും.
നികുതി വെട്ടിക്കുന്ന സ്വര്‍ണം കണ്ടുകെട്ടുമെന്ന് ധനമന്ത്രി തോമസ് ഐസക്. സ്വര്‍ണം കൊണ്ടുപോകുന്നതിന് കേരളത്തിനകത്ത് ഇ-വേ ബില്‍ നിര്‍ബന്ധമാക്കും. അനധികൃത സ്വര്‍ണം പിടിച്ചാല്‍ മൂന്നു ശതമാനം നികുതിയും തുല്യമായ പിഴയും അടച്ചാല്‍ സ്വര്‍ണം വിട്ടുകൊടുക്കുമായിരുന്നു. ഇനി അതുണ്ടാകില്ല. കണ്ടുകെട്ടുന്ന സ്വര്‍ണത്തിന്റെ 20 ശതമാനം കള്ളക്കടത്തു വിവരം അറിയിക്കുന്നവര്‍ക്ക് സമ്മാനമായി നല്‍കും. മന്ത്രി പറഞ്ഞു.
കേരളത്തില്‍ ഇന്നലെ 1,569 പേര്‍ക്ക് കോവിഡ്-19. പത്തു പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 139 ആയി. 14,094 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇന്നലെ സമ്പര്‍ക്കത്തിലൂടെ 1354 പേര്‍ക്കു രോഗം ബാധിച്ചു. 86 പേരുടെ ഉറവിടം വ്യക്തമല്ല. 56 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 132 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 1,55,025 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്നലെ രോഗമുക്തരായ 1304 പേരടക്കം 26,996 പേര്‍ രോഗമുക്തരായി. 555 ഹോട്ട് സ്‌പോട്ടുകള്‍.
ഇന്നലെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം. തിരുവനന്തപുരം 310, മലപ്പുറം 198, പാലക്കാട് 180, എറണാകുളം 114, ആലപ്പുഴ 113, കോട്ടയം 101, കോഴിക്കോട് 99, കണ്ണൂര്‍ 95, തൃശൂര്‍ 80, കൊല്ലം 75, ഇടുക്കി 58, വയനാട് 57, കാസര്‍ഗോഡ് 49, പത്തനംതിട്ട 40.
കോവിഡ്-19 ബാധിച്ച് ഇന്നലെ മരിച്ചതു പത്തുപേര്‍. ഓഗസ്റ്റ് 10 ന് മരിച്ച തിരുവനന്തപുരം കടുങ്ങനല്ലൂര്‍ സ്വദേശിനി ലക്ഷ്മി (74), തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി നിര്‍മ്മല (65), തിരുവനന്തപുരം വിതുര സ്വദേശിനി ഷേര്‍ളി (62), ആഗസ്റ്റ് 11ന് മരണമടഞ്ഞ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മൊയ്ദുപ്പ (82), തിരുവനന്തപുരം സ്വദേശിനി ലളിത (70), തിരുവനന്തപുരം മാധവപുരം സ്വദേശി എം. സുരേന്ദ്രന്‍ (60), 12 ന് മരിച്ച എറണാകുളം നോര്‍ത്ത് പരവൂര്‍ സ്വദേശി തങ്കപ്പന്‍ (70), 14 ന് മരിച്ച തിരുവനന്തപുരം പൗണ്ട്കടവ് സ്വദേശി സ്റ്റാന്‍സിലാസ് (80), എട്ടിനു മരിച്ച തൃശൂര്‍ അരിമ്പൂര്‍ സ്വദേശി ജോര്‍ജ് (65), ഒമ്പതിനു മരിച്ച എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശിനി റുകിയ (60) എന്നിവര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് പുതിയ 18 ഹോട്ട് സ്‌പോട്ടുകള്‍. നാലു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍നിന്ന് ഒഴിവാക്കി. പുതിയ ഹോട്ട് സ്‌പോട്ടുകള്‍: കൊല്ലം ജില്ലയിലെ ശാസ്താംകോട്ട (കണ്‍ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 8), വെസ്റ്റ് കല്ലട (6), ശൂരനാട് സൗത്ത് (11), പോരുവഴി (4, 5), എരുമപ്പെട്ടി (17), മറ്റത്തൂര്‍ (4, 5 (സബ് വാര്‍ഡുകള്‍), വെങ്കിടങ്ങ് (1, 3, 17), ആലപ്പുഴ ജില്ലയിലെ തിരുവന്‍വണ്ടൂര്‍ (2, 9), പള്ളിപ്പുറം (10, 16), എറണാകുളം ജില്ലയിലെ രായമംഗലം (19), വടവുകോട് (സബ് വാര്‍ഡ് 15), പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (15, 17 (സബ് വാര്‍ഡുകള്‍), 16), പന്തളം മുന്‍സിപ്പാലിറ്റി (20, 21), കോഴിക്കോട് ജില്ലയിലെ തൂണേരി (1), വയനാട് ജില്ലയിലെ മൂപ്പൈനാട് (9, 12), ഇടുക്കി ജില്ലയിലെ മുട്ടം (10), പാലക്കാട് ജില്ലയിലെ കോട്ടോപ്പാടം (10), മലപ്പുറം ജില്ലയിലെ അരീക്കോട് (4, 6, 7, 12, 13, 14, 16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍. ആലപ്പുഴ ജില്ലയിലെ ചെറിയനാട് (വാര്‍ഡ് 8), തൃശൂര്‍ ജില്ലയിലെ അവിണിശേരി (9), പഴയന്നൂര്‍ (8, 9, 16), വയനാട് ജില്ലയിലെ പൊഴുതന (സബ് വാര്‍ഡ് 10), കണിയാമ്പറ്റ (5), ആലപ്പുഴ ജില്ലയിലെ അരുകുറ്റി (7), കൊല്ലം ജില്ലയിലെ എഴുകോണ്‍ (7).
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. സ്വര്‍ണ്ണക്കടത്തു കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വപ്നയുടെ കസ്റ്റഡി നീട്ടാനുള്ള അപേക്ഷയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനം ഉണ്ടായിരുന്നെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലം. പ്രളയഫണ്ട് ശേഖരണത്തിനായി സര്‍ക്കാര്‍സംഘം യുഎഇയിലുണ്ടായിരുന്നപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയെന്നു സ്വപ്ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ടെന്നും സത്യവാങ്മൂലം.
രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന പോലീസ് മെഡലുകള്‍ ആറു മലയാളികള്‍ക്ക്. വി. മധുസൂദനന്‍-ഡെപ്യൂട്ടി സൂപ്രണ്ട്, വിജിലന്‍സ്, കണ്ണൂര്‍, രാജന്‍ മാധവന്‍-ഡെപ്യൂട്ടി കമാന്‍ഡന്റ്, എസ്.എസ്.ബി. ഹെഡ് ക്വാര്‍ട്ടേഴ്സ് തിരുവനന്തപുരം, ആര്‍.വി. ബൈജു- അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍, നരുവാമൂട്, സുരാജ് കരിപ്പേരി-അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍, ക്രൈം ബ്രാഞ്ച് തൃശ്ശൂര്‍, ഹരിഹരന്‍ ഗോപാലന്‍ പിള്ള-സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, വിജിലന്‍സ് കൊല്ലം, മോഹന കൃഷ്ണന്‍ പി.എന്‍. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, വിജിലന്‍സ് മലപ്പുറം എന്നിവരാണു മെഡല്‍ ജേതാക്കളായത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 63 തടവുകാര്‍ക്കുകൂടി കോവിഡ്. ഇതോടെ ജയിലില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 164 ആയി. കഴിഞ്ഞ ദിവസം 99 പേരില്‍ പരിശോധന നടത്തിയപ്പോള്‍ 59 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് 163 പേരെ പരിശോധിച്ചപ്പോഴാണ് 63 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
കൂടത്തായി കൊലപാതക പരമ്പര കേസില്‍ നോട്ടറി സി. വിജയകുമാറിനെ പ്രതി ചേര്‍ക്കാന്‍ കോടതിയുടെ അനുമതി. ഒസ്യത്ത് വ്യാജമാണെന്നറിഞ്ഞിട്ടും സാക്ഷ്യപ്പെടുത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസിലെ പ്രാരംഭ വാദം ഈ മാസം 24 മുതല്‍.
കോവിഡ് രോഗികളുടെ ഫോണ്‍വിളി വിവരങ്ങള്‍ ശേഖരിക്കുന്നതു നിയമവിരുദ്ധമല്ലെന്നും സ്വകാര്യതയുടെ ലംഘനമല്ലെന്നും കേരള പോലീസ്. മഹാമാരികള്‍ തടയാന്‍ സ്വീകരിക്കുന്ന നടപടികള്‍ സ്വകാര്യതയുടെ ലംഘനമാകില്ലെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. കേരള എപിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം രോഗം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടിയെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. സാധാരണ സാഹചര്യത്തില്‍ വ്യക്തി സ്വാതന്ത്ര്യങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ ആവശ്യമായിവരും. പോലീസ് വിശദീകരിച്ചു.
തിരുവനന്തപുരം നഗരത്തില്‍ കോവിഡ് വ്യാപനംമൂലം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു. ജൂലൈ ആറിനാണ് തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
ഒന്നര മാസമായി ശമ്പളം കിട്ടാത്തതിന്റെ പേരില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍മാര്‍ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. ഉച്ചയ്ക്കുശേഷം മൂന്നരയോടെ ശമ്പളം വിതരണം ചെയ്തതോടെയാണ് സമരം അവസാനിപ്പിച്ചത്.
ഭിന്നശേഷി സംവരണം സംബന്ധിച്ച് പി.എസ്.സിക്ക് പൊതുനിര്‍ദേശം നല്‍കി സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഒരു തസ്തികയുടെ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചതിന് ശേഷം പ്രസ്തുത തസ്തിക ഭിന്നശേഷിക്കാര്‍ക്കായി കണ്ടെത്തി ആ സംവരണം തുടര്‍ന്ന് വരുന്ന നോട്ടിഫിക്കേഷനുകള്‍ക്ക് ബാധകമാക്കിയാല്‍ മതി എന്നാണ് പുതിയ നിര്‍ദ്ദേശം.
നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കള്ളക്കടത്ത് നടത്തിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഒഴിയാനാകില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിമാനത്താവളത്തില്‍ നയതന്ത്ര പരിരക്ഷ ലഭിക്കണമെങ്കില്‍ മുഖ്യമന്ത്രിക്കു കീഴിലുള്ള പൊതുഭരണ വകുപ്പിലെ ചീഫ് പ്രോട്ടോക്കോള്‍ ഓഫീസര്‍ അനുമതി നല്‍കണം. ഈ അനുമതിയോടെയാണ് സ്വര്‍ണം കടത്തിയതെന്നും ചെന്നിത്തല.
കെഎസ്എഫ്ഇക്കുവേണ്ടി മൊബൈല്‍ ആപ്പും വെബ് പോര്‍ട്ടലും നിര്‍മ്മിക്കാന്‍ ടെണ്ടര്‍ നല്‍കിയത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ്. ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന പി.ടി. തോമസിന്റെ ആരോപണം അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണ്. ഏത് അന്വേഷണവും ആകാമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 25 ലക്ഷം കടന്നു. മരിച്ചവരുടെ എണ്ണം അമ്പതിനായിരത്തിലേക്ക്. ഇന്നലെ 990 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 49,134 ആയി. 65,610 പേര്‍കൂടി രോഗികളായതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 25,25,222 ആയി. 6.68 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 18.07 ലക്ഷം പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രിയില്‍ ഇന്നലെ 364 പേര്‍കൂടി മരിക്കുകയും 12,608 പേര്‍കൂടി രോഗികളാകുകയും ചെയ്തു. 1.51 ലക്ഷം പേരാണു ചികില്‍സയിലുള്ളത്. 117 പേര്‍കൂടി മരിച്ച തമിഴ്‌നാട്ടില്‍ 5,860 പേര്‍കൂടി രോഗികളായി. ആന്ധ്രയില്‍ 8,943 പേരും കര്‍ണാടകത്തില്‍ 7,908 പേരും പുതുതായി രോഗബാധിതരായി.
രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ വിശ്വാസ വോട്ടു നേടി. 200 അംഗ നിയമസഭയില്‍ 107 എംഎല്‍എമാരുടെ പിന്തുണ. ബിഎസ്പി എംഎല്‍എമാരും ഗലോട്ടിന് വോട്ടു ചെയ്തു. സഭ 21 വരെ പിരിഞ്ഞു. ബിജെപി ശ്രമങ്ങളെ പരാജയപ്പെടുത്തി എന്ന് സച്ചിന്‍ പൈലറ്റ്.
കോവിഡിനെതിരേ പോരാട്ടം നടത്തിയ എല്ലാ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരടക്കം മുന്നില്‍നിന്ന് പൊരുതിയ എല്ലാവരോടും രാജ്യം കടപ്പെട്ടിരിക്കുന്നെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് രാഷ്ട്രപതി നന്ദി പ്രകടിപ്പിച്ചത്. മാതൃകാപരമായ പ്രവര്‍ത്തനമാണ് അവര്‍ കാഴ്ചവച്ചത്. കോവിഡ് മഹാമാരി ലോകത്തെ ജനജീവിതം തകിടംമറിച്ചെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യദിന പരേഡിനു ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ കനത്ത സുരക്ഷ. സല്യൂട്ട് സ്വീകരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തിയേക്കും. നയതന്ത്രജ്ഞര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടക്കം 4000 പേര്‍ക്കാണ് പ്രവേശനമുള്ളത്. ആറടി അകലത്തിലാണു സീറ്റുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
കൊവിഡ് ബാധിച്ച ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നില മോശമായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.
കോവിഡ് ബാധിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ല. ഡല്‍ഹി സൈനിക ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രോഗമുക്തനായി. കുറച്ചു ദിവസംകൂടി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയും.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളിന് കോവിഡ്. രാജ്യത്തെ കോവിഡ് വിവരങ്ങള്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനുവേണ്ടി വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചിരുന്നത് ഇദ്ദേഹമായിരുന്നു.
പൊലീസ് വേഷത്തില്‍ ജനങ്ങളില്‍നിന്നു പിഴപ്പിരിവു നടത്തിയ ഇരുപതുകാരിയെ ഡല്‍ഹിയില്‍ പോലീസ് പിടികൂടി. കൊവിഡ് നിയന്ത്രണം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി വ്യാജ രസീത് നല്‍കി പിഴത്തുക പിരിച്ച നംഗോളി സ്വദേശി തമന്ന ജഹാന്‍ ആണു തിലക് നഗറില്‍ പിടിയിലായത്.
ലോക സമ്പന്നരില്‍ നാലാമനായ മുകേഷ് അംബാനി ബിസിനസില്‍ പുതുതലമുറയെ സജീവമാക്കുന്നതിനു 'ഫാമിലി കൗണ്‍സില്‍' രൂപീകരിക്കുന്നു. മക്കളായ ആകാശ്, ഇഷ, അനന്ത് എന്നിവരുള്‍പ്പടെ എല്ലാ കുടുംബാംഗങ്ങള്‍ക്കും തുല്യ പ്രാതിനിധ്യം നല്‍കിയാണ് കുടുംബ സമതിയുണ്ടാക്കുന്നത്.
ലോകത്ത് കോവിഡ് ബാധിച്ച് ഇന്നലെ 5,684 പേര്‍കൂടി മരിച്ചു. 2,75,983 പേര്‍കൂടി രോഗികളായി. ഇതുവരെ മരിച്ചത് 7,62,403 പേരാണ്. ആകെ 2.13 കോടി പേര്‍ രോഗബാധിതരായി. അമേരിക്കയില്‍ 1,081 പേരും ബ്രസീലില്‍ 1007 പേരും മെക്‌സിക്കോയില്‍ 627 പേരും ഇന്നലെ മരിച്ചു.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ പാക്കിസ്ഥാന്‍ പരുങ്ങലില്‍. രണ്ടാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളി അവസാനിപ്പിച്ചപ്പോള്‍ പാക്കിസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെന്ന നിലയിലാണ്. 60 റണ്‍സോടെ മുഹമ്മദ് റിസ്വാനും ഒരു റണ്ണോടെ നസീം ഷായുമാണ് ക്രീസില്‍. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഇന്ത്യ ആമസോണ്‍ ഫാര്‍മസി എന്ന പുതിയ വിഭാഗം ആരംഭിച്ചു. ഓണ്‍ലൈന്‍ മെഡിസിന്‍ വില്‍പ്പനയിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമാണ് ഈ നടപടി. തുടക്കം എന്ന നിലയില്‍ ബാംഗ്ലൂരിലാണ് സേവനം ആരംഭിച്ചിരിക്കുന്നത്. മറ്റ് നഗരങ്ങളില്‍ സേവനം സംബന്ധിച്ച പൈലറ്റ് സര്‍വീസ് പ്രോഗ്രാമുകള്‍ കമ്പനി നടപ്പാക്കി വരുകയാണ്.
ജനപ്രിയ ക്ലൗഡ് അധിഷ്ഠിത മെസേജിങ് അപ്ലിക്കേഷനായ ടെലിഗ്രാമിനും വീഡിയോ കോളിംഗ് ഫീച്ചര്‍. വോയ്സ് കോളിംഗ് 2017ല്‍ ഒരു എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷനോടെ അവതരിപ്പിച്ചിരുന്നു. അതിന്റെ 7.0.0 ബീറ്റ വേര്‍ഷനിലാണ് വീഡിയോ കോളിംഗ് സവിശേഷതയുള്ളത്. ഉപയോക്താക്കള്‍ക്ക് ടെലിഗ്രാമിന്റെ ആപ്പ് സെന്റര്‍ പേജില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. രണ്ട് ഉപകരണങ്ങളിലും ബീറ്റ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ വീഡിയോ കോളിംഗ് പ്രവര്‍ത്തിക്കൂ.
ടൈറ്റാനിക് സിനിമയുടെ റീമേക്ക് ഒരുക്കുകയാണെങ്കില്‍ ആലിയ ഭട്ടിനേയും രണ്‍ബീര്‍ കപൂറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കുമെന്ന് സംവിധായകന്‍ സഞ്ജയ് ഗുപ്ത. 1997 ല്‍ ജയിംസ് കാമറോണ്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച വിസ്മയ ചിത്രം പ്രണയത്തിന്റെ തീവ്രത കൊണ്ടും വിരഹത്തിന്റെ കാഠിന്യം കൊണ്ടും പ്രേക്ഷകമനസില്‍ ഇടം നേടിയ സിനിമയാണ്.
തീയേറ്ററുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ മലയാളത്തില്‍ വീണ്ടും ഓണ്‍ലൈന്‍ റിലീസ്. ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സുമേഷ് ആന്‍ഡ് രമേഷ് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാലാണ് തീരുമാനമെന്ന് നിര്‍മ്മാതാവ് ഫരീദ്ഖാന്‍. ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യേണ്ടതായിരുന്നു.
എക്‌സ്‌സി40 എസ്യുവിയ്ക്ക് വമ്പന്‍ ഡിസ്‌കൗണ്ടുമായി വോള്‍വോ. കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള മോഡല്‍ ആയ എക്‌സ്‌സി40 ന് മൂന്നുലക്ഷം രൂപയുടെ ഡിസ്‌കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചത്. ഓഫര്‍ പ്രകാരം 39.90 ലക്ഷം വിലയുള്ള വോള്‍വോ എക്‌സ്‌സി40 യ്ക്ക് ഇപ്പോള്‍ 36.90 ലക്ഷം ആണ് വില. മൂന്നു ലക്ഷം രൂപയുടെ ഡിസ്‌കൗണ്ട് കൂടാതെ ഒരു ലക്ഷം രൂപ വിലയുള്ള അക്സെസ്സറികളും ഹാസില്‍ ഫ്രീ ഓഫറിന്റെ ഭാഗമായി സൗജന്യമായി ലഭിക്കും.
കാരശ്ശേരിയുടെ മാനസജീവിതത്തില്‍ സ്വാധീനം ചെലുത്തിയ വ്യക്തികളെ നിറഞ്ഞ സ്‌നേഹത്തോടെ ഓര്‍മ്മിക്കുകയാണ് ഈ കുറിപ്പുകളിലൂടെ. 'സ്‌നേഹിച്ചും തര്‍ക്കിച്ചും'. എച്ച്ആന്‍ഡ്‌സി ബുക്‌സ്. വില 70 രൂപ.
വായു മലിനീകരണം ഉള്ള പ്രദേശങ്ങളില്‍ ആളുകള്‍ക്ക് കൊറോണ വൈറസ് പിടിപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ശാസ്ത്രജ്ഞര്‍. കാരണം കണങ്ങള്‍ക്ക് വൈറസ് വഹിക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. ലണ്ടന്‍, ന്യൂയോര്‍ക്ക്, മെക്‌സിക്കോ സിറ്റി, ദില്ലി എന്നിവിടങ്ങളിലെല്ലാം ഉയര്‍ന്ന തോതിലുള്ള മലിനീകരണമുണ്ടെന്നും കൊവിഡ് വ്യാപിച്ചതായും ശാസ്ത്രജ്ഞര്‍ പറയുന്നു. ഉയര്‍ന്ന വായു മലിനീകരണമുള്ള നഗരങ്ങളിലെ സ്ഥിതി വളരെ രൂക്ഷമാകാം. കാരണം, കൊവിഡ് -19 ഉം വായു മലിനീകരണവും ആളുകളുടെ ശ്വസനവ്യവസ്ഥയെ ബാധിക്കാമെന്ന് 'നേച്ചര്‍ പബ്ലിക്ക് ഹെല്‍ത്ത് എമര്‍ജന്‍സി കളക്ഷന്‍' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. വായുവിലെ പൊടിപടലങ്ങളിലും മറ്റും പറ്റിപ്പിടിച്ച് വൈറസ് കൂടുതല്‍ ദൂരം സഞ്ചരിക്കുമെന്നാണ് കണ്ടെത്തല്‍. കണികകള്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ഭാഗികമായോ പൂര്‍ണമായോ ബാധിക്കാം. ചുമ, തുമ്മല്‍ എന്നിവയില്‍ നിന്ന് പുറത്ത് വരുന്ന വലിയ ശ്വസന തുള്ളികളില്‍ നിന്നാണ് കൊറോണ വൈറസ് പടരുന്നത്. വൈറസ് വായുവിലൂടെയും പകരാനുളള സാധ്യത ശരിവയ്ക്കുന്നതാണ് കണ്ടെത്തലുകള്‍.