വാര്‍ത്തകള്‍ | കേരളം | പ്രഭാതം


തിരുവനന്തപും ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. വെട്ടൂർ സ്വദേശി മഹദ് (48) ആണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പ്രമേഹത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു.

തിരുവനന്തപുരത്ത് ഇന്ന് മൂന്ന് മരണമാണ് റിപ്പോർട്ട് ചെയ്തത്. ചിറയിൽകീഴ് സ്വദേശി രമാദേവി (68),

പടനിലം സ്വദേശി കമലമ്മ (85), തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ വിചാരണ തടവുകാരൻ മണികണ്ഠൻ (72) എന്നിവരാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്ന് എട്ട് കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്തിന് പുറമേ വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

വയനാട് വാളാട് സ്വദേശി ആലിയാണ് മരിച്ചത്. 73 വയസായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ മാസം 28 നാണ് ആലിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ചികിത്സയിലായിരുന്നു. ഏറെ നാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യനില വഷളായിരുന്നു.

കണ്ണൂരിൽ കെ.കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനാണ് മരിച്ചത്. ഇവരുടെ ആദ്യ പരിശോധനാഫലം പോസിറ്റീവ് ആയിരുന്നു. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനാഫലം കൂടി വരാനുണ്ട്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് എലിയത്തിനെ തിങ്കളാഴ്ച കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. തുടർന്ന് ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. ആലപ്പുഴയിൽ പത്തിയൂർ സ്വദേശി സദാനന്ദൻ (63)ആണ് മരിച്ചത്. പത്തനംതിട്ടയിൽ കോന്നി സ്വദേശി ഷെബർബാ(48)നും കൊവിഡ് ബാധിച്ച് മരിച്ചു.

കേരളത്തില്‍ ഇന്നലെ 1,608 പേര്‍ക്ക് കോവിഡ്-19. സമ്പര്‍ക്കത്തിലൂടെ 1,409 പേര്‍ക്ക്  രോഗം ബാധിച്ചു. 112 പേരുടെ ഉറവിടം വ്യക്തമല്ല. 74 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 31 ആരോഗ്യ പ്രവര്‍ത്തകരും രോഗികളായി. കോവിഡ് മൂലം ഏഴു പേര്‍ മരിച്ചു. 14,891 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇന്നലെ രോഗമുക്തരായ 803 പേരടക്കം 27,779 പേര്‍ ഇതുവരെ രോഗമുക്തരായി. 1,60,169 പേരാണ് നിരീക്ഷണത്തിലുള്ളത്.

കോവിഡ് ബാധിച്ചു മരിച്ചവര്‍. ഓഗസ്റ്റ് നാലിനു മരിച്ച തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ജൂഡി (69), 13 ന് മരിച്ച കൊല്ലം കുണ്ടറ സ്വദേശിനി ഫിലോമിന (70), മൂന്നിന് മരിച്ച എറണാകുളം ആലുവ സ്വദേശിനി സതി വാസുദേവന്‍ (64), എട്ടിനു മരിച്ച കാസര്‍ഗോഡ് സ്വദേശിനി അസീസ് ഡിസൂസ (81), 11 നു മരിച്ച എറണാകുളം വട്ടപ്പറമ്പ് സ്വദേശി എം.ഡി. ദേവസി (75), 13 നു മരണമടഞ്ഞ തിരുവനന്തപുരം പൂന്തുറ സ്വദേശിനി ലക്ഷ്മിക്കുട്ടി (69), ഏഴിനു മരിച്ച അയിര ചെങ്കവിള സ്വദേശി രവി (58). ഇതോടെ ആകെ മരണം 146 ആയി.

ഇന്നലെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം : മലപ്പുറം 362,  തിരുവനന്തപുരം 321, കോഴിക്കോട് 151, ആലപ്പുഴ 118, എറണാകുളം 106, കൊല്ലം 91, തൃശൂര്‍ 85, കാസര്‍ഗോഡ് 81, പാലക്കാട് 74, കണ്ണൂര്‍ 52, പത്തനംതിട്ട 49, വയനാട് 48, കോട്ടയം 39, ഇടുക്കി 31.

സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,108 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 11,54,365 സാമ്പിളുകൾ പരിശോധിച്ചു. 9246 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.

20 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ആകെ 562 ഹോട്ട് സ്‌പോട്ടുകള്‍. പുതിയ ഹോട്ട് സ്‌പോട്ടുകള്‍: തിരുവന്തപുരം ജില്ലയിലെ വെമ്പായം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15, 21), കരവാരം (സബ് വാര്‍ഡ് 6), തിരുപുറം (2, 3), മാണിക്കല്‍ (18, 19, 20), മടവൂര്‍ (15), പുല്ലമ്പാറ (3, 11, 12, 15), പാങ്ങോട് (10), തൃശൂര്‍ ജില്ലയിലെ മുല്ലശേരി (4), കടങ്ങോട് (11), പാഞ്ഞാള്‍ (11), ഇടുക്കി ജില്ലയിലെ പീരുമേട് (9), വാത്തിക്കുടി (13), ഇടവെട്ടി (സബ് വാര്‍ഡ് 11), പാലക്കാട് ജില്ലയിലെ എരിമയൂര്‍ (14, 16), വടക്കാഞ്ചേരി (8), അയിലൂര്‍ (7), കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് (5, 7, 8, 1, 9 (സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ മൂത്തേടം (5, 7, 9, 10), കൊല്ലം ജില്ലയിലെ ഇളമ്പൂര്‍ (12), പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ (2, 5 , 12 (സബ് വാര്‍ഡ്).

ഹോട്ട് സ്‌പോട്ടില്‍നിന്ന് ഒഴിവാക്കിയ 12 പ്രദേശങ്ങള്‍. തൃശൂര്‍ ജില്ലയിലെ കൊണ്ടാഴി (വാര്‍ഡ് 1), മണലൂര്‍ (3), കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ (6), കീഴരിയൂര്‍ (10), വയനാട് ജില്ലയിലെ തിരുനെല്ലി (സബ് വാര്‍ഡ് 10), പുല്‍പ്പള്ളി (5), തിരുവനന്തപുരം ജില്ലയിലെ ഒറ്റശേഖരമംഗലം (1, 8), മുദാക്കല്‍ (20), എറണാകുളം ജില്ലയിലെ പൂത്രിക (12), കൂത്താട്ടുകുളം മുന്‍സിപ്പാലിറ്റി (5), ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ (4), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (17).

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 53 പേര്‍ക്കുകൂടി കോവിഡ്. ജയില്‍ ഡോക്ടറും രണ്ടു ജീവനക്കാരും അമ്പതു തടവുകാരും അടക്കമുള്ളവര്‍ക്കാണു കോവിഡ്. ജയിലിലെ 218 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു.

10 രൂപയ്ക്ക് മാസ്‌ക്, 15 രൂപയ്ക്ക് ഗ്ലൗസ്, 50 രൂപയ്ക്ക് സാനിറ്റൈസര്‍,. ഇങ്ങനെ കൊവിഡ് പ്രതിരോധത്തിനുപയോഗിക്കുന്ന സാധനങ്ങള്‍ ഇനി മുതല്‍ തിരുവനന്തപുരം നഗരത്തില്‍ വെന്‍ഡിങ് യന്ത്രത്തില്‍ നിന്നു ലഭിക്കും. ആള്‍ക്കൂട്ടമുണ്ടാകാന്‍ സാധ്യതയുള്ള പുത്തരിക്കണ്ടം, മ്യൂസിയം, സെക്രട്ടേറിയറ്റ്, പാളയം തുടങ്ങിയ നഗരത്തിലെ പത്തിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കോര്‍പറേഷന്‍ വെന്‍ഡിങ് യന്ത്രം സ്ഥാപിച്ചത് .

സാനിറ്റൈസറും മാസ്‌ക്കും ഗ്ലൗസും വേണ്ടവര്‍ക്ക് വെന്‍ഡിങ് യന്ത്രത്തില്‍ നേരിട്ടു പണം നിക്ഷേപിക്കാം. ഇതിനു പുറമെ ഗൂഗിള്‍ പേ വഴിയോ, ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ പണം അടയ്ക്കാം. ലോക്ക് ഡൗൺ പിന്‍വലിച്ചതോടെ നഗരത്തില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍തന്നെ കൂടുതല്‍ ആളുകള്‍ ഈ സേവനം ഉപയോഗപ്പെടുത്തുമെന്നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ കരുതുന്നത്.

തിരുവനന്തപുരം നഗരത്തിലെ ഒന്നേകാല്‍ മാസം നീണ്ട ലോക്ക് ഡൗൺ ഇന്നലെ രാത്രിയാണ് പിന്‍വലിച്ചത്. വ്യാപാരമേഖല ഉണരുന്ന കാഴ്ച്ചയാണ് ഇന്ന് തലസ്ഥാനത്ത് ദൃശ്യമായത്. തലസ്ഥാനത്തെ ഭൂരിഭാഗം വ്യാപാരസ്ഥാപനങ്ങളും തുറന്നതോടെ പലയിടത്തും ജനത്തിരക്കുണ്ടായി

മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ അഞ്ചര മണിക്കൂര്‍ ചോദ്യംചെയ്തു. ഉച്ചയ്ക്കു മൂന്നരയ്ക്ക് കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ രാത്രി ഒന്‍പതുവരെ ചോദ്യംചെയ്തു. കസ്റ്റഡിയിലുള്ള സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവര്‍ക്കൊപ്പം ഇരുത്തിയാണ് ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തത്. അഞ്ചുമണിവരെ മാത്രമെ ഇവരെ ചോദ്യം ചെയ്യാവൂവെന്ന് കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ അഞ്ചിനുശേഷം ശിവശങ്കറെ തനിച്ചാണ് ചോദ്യം ചെയ്തത്.

ഓണത്തിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നാലായിരം രൂപ ബോണസ്. 2,750 രൂപ ഉല്‍സവബത്ത. അഡ്വാന്‍സായി പതിനയ്യായിരം രൂപയും നല്‍കും. 27,360 രൂപവരെ ശമ്പളമുള്ളവര്‍ക്കാണ് നാലായിരം രൂപയുടെ ബോണസ്. അതിലേറെ ശമ്പളമുള്ളവര്‍ക്ക് ഉല്‍സവബത്തയാണു ലഭിക്കുക.

അഫ്ഗാനിസ്ഥാനിലെ കാബൂള്‍ ഗുരുദ്വാര ആക്രമണത്തിന് പിന്നില്‍ മലയാളി.  തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മുഹ്‌സീനാണു അക്രമിയെന്നു ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചു. മുഹ്‌സീന്റെ ബന്ധുക്കളുടെ ഡിഎന്‍എ ശേഖരിച്ചിരുന്നു. മാര്‍ച്ചില്‍ നടന്ന ചാവേറാക്രമണത്തില്‍ 27 പേര്‍ മരിച്ചിരുന്നു.

കോഴിക്കോട് ജില്ലയില്‍ കോവിഡ് സമ്പര്‍ക്കവ്യാപനം ഒഴിവാക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ ഉപാധികളോടെ പിന്‍വലിച്ചു.

കെഎസ്ആര്‍ടിസി ബംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലേക്കും തിരികേയും ഓണത്തിന് പ്രത്യേക സര്‍വീസുകള്‍ നടത്തും. കോഴിക്കോട് വഴിയും പാലക്കാട് വഴിയും സര്‍വീസ് ഉണ്ടാകും. 10 ശതമാനം അധിക നിരക്ക് ഈടാക്കും. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാകും.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പെട്രോള്‍ പമ്പുകളില്‍നിന്ന് പണം തട്ടുന്ന മുംബൈ സംഘത്തെ പോലീസ് പിടികൂടി. മലബാറിലായിലുന്നു സംഘത്തിന്റെ തട്ടിപ്പ്. പണം തിരികെ ലഭിച്ചെന്നും പരാതിയില്ലെന്നും തട്ടിപ്പിനിരയായ ഒരു പമ്പിന്റെ ഉടമ നിലപാടെടുത്തതോടെ പോലീസ് കേസ് എടുത്തില്ല.

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അമ്പതിനായിരം കടന്നു. ഇന്നലെ 950 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 50,084 ആയി. 63,986 പേര്‍കൂടി രോഗികളായി. 25,89,208 പേര്‍ ഇതുവരെ രോഗബാധിതരായി. 6.77 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 18.6 ലക്ഷം പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയില്‍ ഇന്നലെ 322 പേര്‍ മരിക്കുകയും 12,020 പേര്‍ക്കു രോഗം ബാധിക്കുകയും ചെയ്തു. 1.56 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 127 പേര്‍കൂടി മരിച്ച തമിഴ്‌നാട്ടില്‍ 5,860 പേര്‍കൂടി രോഗികളായി. ആന്ധ്രയില്‍ 8,732 പേരും കര്‍ണാടകത്തില്‍ 8,818 പേരും പുതുതായി രോഗികളായി.

സ്ത്രീകള്‍ക്ക് കുറഞ്ഞ നിരക്കില്‍ സാനിറ്ററി പാഡുകള്‍ ലഭ്യമാക്കിയതിനെക്കുറിച്ചും സ്ത്രീശാക്തീകരണത്തെക്കുറിച്ചും സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് സാമൂഹിക മാധ്യമങ്ങള്‍. ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു മോദിയുടെ പരാമര്‍ശം.

സ്വാതന്ത്ര്യത്തിന്റെ അര്‍ഥമെന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ സ്വന്തം മനസാക്ഷിയോട് ചോദിക്കണമെന്ന് എഐസിസി അധ്യക്ഷ സോണിയാഗാന്ധി. രാജ്യത്ത് ഇന്ന് സംസാരിക്കാനും എഴുതാനും ചോദ്യങ്ങള്‍ ഉന്നയിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടോ? മോദി സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധ സര്‍ക്കാരാണെന്നും സ്വാതന്ത്ര്യദിനത്തില്‍ സോണിയ വിമര്‍ശിച്ചു.

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഒമ്പതു മാസം ശേഷിക്കേ, ഭരണകക്ഷിയായ എഐഎഡിഎംകെയില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം. ഉപമുഖ്യമന്ത്രിയായ ഒ. പനീര്‍സെല്‍വം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന  പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മുഖ്യമന്ത്രി പളനിസ്വാമി പക്ഷത്തെ ഇതു ചൊടിപ്പിച്ചിരിക്കുകയാണ്.

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. അദ്ദേഹം ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഐസിയുവില്‍ തുടരുന്നത്.

ഭൂമിയിടപാടിന് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഡല്‍ഹി വികസന അതോറിറ്റിയിലെ മൂന്ന് ജീവനക്കാരെ സിബിഐ സംഘം അറസ്റ്റ് ചെയ്തു. അസിറ്റന്റ് ഡയറക്ടര്‍ സുധാന്‍ഷു രഞ്ജന്‍, യുഡി ക്ലര്‍ക് അജീത് ഭരദ്വാജ്, സുരക്ഷാ ഉദ്യോഗസ്ഥനായ ദര്‍വന്‍ സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ലോകത്ത് കോവിഡ് ബാധിച്ച് ഇന്നലെ 5,140 പേര്‍ കൂടി മരിച്ചു. 2,47,335 പേര്‍ക്കുകൂടി രോഗം ബാധിച്ചു. ഇതുവരെ 7,67,956 പേര്‍ മരിക്കുകയും 2.15 കോടി ജനങ്ങള്‍ രോഗബാധിതരാകുകയും ചെയ്തു. അമേരിക്കയില്‍ 1,071 പേരും ബ്രസീലില്‍ 726 പേരും ഇന്നലെ മരിച്ചു.

ലോകത്തിലെ ആദ്യ കോവിഡ് വാക്സിന്‍ ഉല്‍പാദനം റഷ്യയില്‍ ആരംഭിച്ചു. ഗമേലയ സയന്റിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി റഷ്യന്‍ പ്രതിരോധമന്ത്രാലയവുമായി ചേര്‍ന്ന് വികസിപ്പിച്ച സ്പുട്നിക് വാക്സിന്റെ ഉത്പാദനമാണ് തുടങ്ങിയത്.

ശിലായുഗത്തിലും കട്ടിലും കിടക്കയും ഉപയോഗിച്ചിരുന്നെന്ന് പുരാവസ്തു ശാസ്ത്രജ്ഞര്‍ കണ്ടെത്തി. രണ്ടു ലക്ഷത്തിലേറെ വര്‍ഷം പഴക്കമുള്ള കട്ടിലും കിടക്കയും ദക്ഷിണാഫ്രിക്കയ്ക്കും സ്വാസിലാന്‍ഡിനുമിടയിലുള്ള അതിര്‍ത്തിക്കടുത്തുള്ള ഗുഹയിലാണു കണ്ടെത്തിയത്. കാലനിര്‍ണയത്തിനു വേണ്ടി നിരവധി പരീക്ഷണങ്ങള്‍ നടത്തി. പുല്ലും ചാരവും ചേര്‍ന്ന രൂപത്തിലാണ് കിടക്ക.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുന്‍ ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്സ്മാന്‍ ചേതന്‍ ചൗഹാന്‍ (73) ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ മാസമാണ് കോവിഡ് സ്ഥിരീകരിച്ചത്.

മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ഒരു വര്‍ഷത്തെ ഊഹാപോഹങ്ങള്‍ക്കുശേഷം ഇന്നലെ വൈകീട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 28 വര്‍ഷം സ്വപ്‌നം കണ്ട  ലോകകപ്പും ഐസിസിയുടെ മൂന്ന് പ്രധാന ട്രോഫികളും ഇന്ത്യക്കു നേടിത്തന്ന ക്യാപ്റ്റനാണ് ധോണി. കഴിഞ്ഞ വര്‍ഷം ലോകകപ്പ് സെമിഫൈനലില്‍ കിവീസിനോട് തോറ്റതിനു ശേഷം ധോണി മത്സരിച്ചിട്ടില്ല.

രാജ്യാന്തര ക്രീസില്‍ ഇനി തലയുടെ ഹെലികോപ്റ്റര്‍ ഷോട്ടുകളില്ല. വിരമിക്കല്‍ പ്രഖ്യാപിച്ചതിനു പുറകേ എം.എസ് ധോണി സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു. 2004 ല്‍ ബംഗ്ലാദേശിനെതിരേ അരങ്ങേറ്റം കുറിച്ച ധോണി 350 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്. അദ്ദേഹം 50.57 ശരാശരിയില്‍ 10773 റണ്‍ നേടി. 10 സെഞ്ചുറികളും 73 അര്‍ദ്ധ സെഞ്ചുറികളും പേരിലുണ്ട്. 98 ട്വന്റി-20 മത്സരങ്ങളില്‍ നിന്നായി 1617 റണ്‍സ് നേടി.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തി മിനിറ്റുകള്‍ക്കകം സഹതാരമായ സുരേഷ് റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് റെയ്ന വിരമിക്കല്‍ പ്രഖ്യാപിച്ചത്. അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഐപിഎല്ലില്‍ ധോനിയും റെയ്‌നയും ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിക്കും.

ഇന്‍സ്റ്റഗ്രാമിലേയും മെസഞ്ചറിന്റേയും ചാറ്റിങ് സേവനങ്ങള്‍ തമ്മില്‍ ലയിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് ഫെയ്സ്ബുക്ക്. ഐഓഎസിലും, ആന്‍ഡ്രോയിഡിലുമുള്ള ഇന്‍സ്റ്റാഗ്രാം ആപ്ലിക്കേഷനില്‍ പുതിയ അപ്ഡേറ്റ് സ്‌ക്രീന്‍ പ്രത്യക്ഷപ്പെട്ടതായി ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്തു.  2012 ല്‍ നൂറ് കോടി ഡോളറിനാണ് ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാമിനെ സ്വന്തമാക്കിയത്. 

കൊവിഡ്-19 പകര്‍ച്ചവ്യാധിയുടെ അസാധാരണ കാലത്ത് കര്‍ഷകരുടെ ജീവിതം സുഗമമാക്കുതിനായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) റിവ്യൂവിന് യോനോ കൃഷിയില്‍ അവസരം ഒരുക്കുന്നു. ഈ പുതിയ ഫീച്ചറിന്റെ അവതരണത്തോടെ കര്‍ഷകര്‍ക്ക് ഇനി കെസിസി പരിധി പുതുക്കുതിനായി ബാങ്ക് ബ്രാഞ്ചിലേക്ക് പോകേണ്ടതില്ലെന്ന് സ്റ്റേറ്റ് ബാങ്ക് വ്യക്തമാക്കി. കര്‍ഷകര്‍ക്ക് ഇനി വീടിന്റെ സുരക്ഷിതത്വത്തില്‍ ഇരുന്ന് യോനോ കൃഷിയിലൂടെ കെസിസി പുതുക്കാം.

ദുല്‍ഖര്‍ നായകനാകുന്ന പുതിയ സിനിമയാണ് മണിയറയിലെ അശോകന്‍. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. കെ എസ് ഹരിശങ്കര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്‍ ബി കെയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ശ്രീഹരി കെ നായര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അനുപമ പരമേശ്വരന്‍ ആണ് ചിത്രത്തിലെ നായിക.  ചിത്രത്തില്‍ ദുല്‍ഖര്‍ പാടിയ ഗാനം നേരത്തെ പുറത്തുവിട്ടിരുന്നു. ഗ്രിഗറിയും അനുപമ പരമേശ്വരനും ഒന്നിച്ചുള്ള ഗാനരംഗമാണ് പുറത്തുവിട്ടിരിക്കുന്നത്.

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സിനിമ, ടെലിവിഷന്‍, സോഷ്യല്‍മീഡിയ മേഖലകളിലെല്ലാം ഉളവാക്കിയ സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച ഒരു വെര്‍ച്വല്‍ സമ്മിറ്റ്, ഈ രംഗത്തെ മാറ്റങ്ങളെ സംബന്ധിച്ച് ഗവേഷണം നടത്തുന്ന റോഡ്ട്രിപ്പ് ഇന്നവേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 8ന് നടത്തിയിരുന്നു.  ഇടവേള ബാബു മോഡറേറ്ററായിരുന്ന വെര്‍ച്വല്‍ സമ്മിറ്റില്‍ സിനിമ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ വക്താക്കളും പങ്കെടുത്തിരുന്നു. ഈ സമ്മിറ്റിന്റെ പൂര്‍ണരൂപം ഓഗസ്റ്റ് 17 തിങ്കളാഴ്ച റോഡ്ട്രിപ്പ് ഇന്നവേഷന്റെ വെബ്‌സൈറ്റിലും റോഡ്ട്രിപ്പന്‍സ്, മലനാട് ടെലിവിഷന്‍സ്, ന്യൂഏജ് തുടങ്ങിയ ഫേസ്ബുക് പേജുകളിലും യു ട്യൂബ് ചാനലുകളിലും പ്രസിദ്ധീകരിക്കുന്നു.

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ പ്രീമിയം സെഡാന്‍ എലാന്‍ട്രയുടെ എന്‍ ലൈന്‍ പതിപ്പ് അവതരിപ്പിച്ചു. എന്‍ ലൈന്‍ ബാഡ്ജ്, കറുത്ത നിറത്തിലുള്ള ഗ്രില്ല്, അമ്പുകളുടെ ആകൃതിയിലുള്ള എയര്‍ ഇന്റേക്കുകള്‍, ഒആര്‍വിഎമ്മുകള്‍ക്കും സൈഡ് സ്‌കോര്‍ട്ടുകള്‍ക്കുമായി ഗ്ലോസ്സ് ബ്ലാക്ക് ഫിനിഷ്, 18 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയികള്‍, സൂക്ഷ്മമായ ഫോക്സ് റിയര്‍ ഡിഫ്യൂസര്‍, ക്രോം ഘടകങ്ങളുള്ള ഇരട്ട ടെയില്‍പൈപ്പുകള്‍ എന്നിവയാണ് എലാന്‍ട്ര എന്‍ ലൈനിന്റെ പ്രത്യേകതകള്‍. എലാന്‍ട്ര എന്‍ ലൈന്‍ ഇന്ത്യയിലേക്ക് ഉടന്‍ എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശാസ്ത്രീയമായ അറിവിന്റെയും പ്രായോഗിക പരിജ്ഞാനത്തിന്റെയും വേര്‍തിരിവില്ലാതെ സിനിമറ്റോഗ്രഫി എന്ന ഛായാഗ്രഹഹണകലയെ സിനിമാസ്വാദകര്‍ക്കും സിനിമാ വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. 'സിനിമറ്റോഗ്രഫി പഠനവും പ്രയോഗവും'. എ.എം മനോജ് കുമാര്‍. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്. വില 100 രൂപ.

കൊവിഡ് വാക്സിന്‍ ആദ്യ ബാച്ച് ഉല്‍പാദനം പൂര്‍ത്തിയായെന്ന് റഷ്യ. ഗമാലെയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ആദ്യബാച്ച് വാക്സിന്‍ ഉല്‍പാദനം പൂര്‍ത്തിയായതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. റഷ്യന്‍ വാര്‍ത്താഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. അതേസമയം വാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ണമായിട്ടില്ല. 2000 ആളുകളിലുള്ള പരീക്ഷണം ഈ ആഴ്ചയാണ് തുടങ്ങിയത്. വാക്സിന്റെ സുരക്ഷയെ സംബന്ധിച്ച് ലോകാരോഗ്യ സംഘടനയും സംശയമുന്നയിച്ചിരുന്നു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും വാക്സിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്പുട്നിക് അഞ്ച് എന്നാണ് വാക്സിന് റഷ്യ പേരിട്ടത്. സെപ്റ്റംബറോടുകൂടി വ്യാവസായികാടിസ്ഥാനത്തില്‍ വാക്സിന്‍ ഉല്‍പാദിപ്പിക്കാനാകുമെന്നാണ് റഷ്യ പ്രതീക്ഷിക്കുന്നത്. പ്രതിമാസം അഞ്ച് മില്ല്യണ്‍ ഡോസ് നിര്‍മിക്കാനാണ് തീരുമാനം. ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പിന്നീട് സ്വയം തയ്യാറായി വരുന്നവര്‍ക്കും വാക്സിന്‍ നല്‍കാനാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി  അറിയിച്ചു.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...