ഇന്ത്യയിലും ഒരു എസ്‌യുവി സ്പെഷ്യലിസ്റ്റുണ്ട്, മഹീന്ദ്ര & മഹീന്ദ്ര. എണ്ണം പറഞ്ഞ ആറോളം എസ്‌യുവി മോഡലുകളാണ് മഹീന്ദ്ര ഇന്ത്യയിൽ വിൽക്കുന്നത്. കൂട്ടത്തിൽ മഹീന്ദ്രയുടെ തിലകക്കുറിയാണ് ഥാർ. 2010-ൽ വില്പനക്കെത്തിയ കാര്യമായ വ്യത്യാസങ്ങളില്ലാതെ 10 കൊല്ലം ഓഫ്‌റോഡ് വിപണിയിൽ വിരാജിച്ചു. ഒടുവിൽ ഥാറിനെ അഴിച്ചു പണിയാൻ തന്നെ മഹീന്ദ്ര തീരുമാനിച്ചു. ഈ വർഷം ഓട്ടോ എക്‌സ്‌പോയിൽ എത്തും എന്ന് കരുതിയിരുന്നെങ്കിലും ഒടുവിൽ സ്വാതന്ത്ര ദിനത്തിലാണ് മഹീന്ദ്ര പുത്തൻ ഥാറിനെ അവതരിപ്പിച്ചത്. ഇന്ത്യയുടെ സ്വന്തം എസ്‌യുവി' എന്ന വിശേഷണം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഉദ്ദേശം എന്ന് വ്യക്തം. ഒക്ടോബർ 2-ന് തന്നെയാണ് പുത്തൻ ഥാറിന്റെ ബുക്കിങ്ങും മഹീന്ദ്ര ആരംഭിക്കുക
പുത്തൻ മോഡലിന്റെ മറ്റൊരു പ്രത്യേകത ആദ്യമായി ഥാർ പെട്രോൾ എൻജിനിലും ലഭ്യമാണ് എന്നുള്ളതാണ്. 152 എച്ച്പി പവറും 320 എൻഎം ടോർക്കും നിർമ്മിക്കുന്നതാണ് പുതിയ 2.0 ലിറ്റർ 'എംസ്റ്റാലിയൻ' പെട്രോൾ എഞ്ചിൻ. 132 എച്ച്പി പവറും 300 എൻഎം ടോർക്കും നിർമ്മിക്കുന്നതാണ് 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ. 6 സ്പീഡ് മാന്വൽ, ഐസിൻ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് ഗിയർബോക്‌സുകളിൽ ഈ എൻജിൻ ലഭ്യമാണ്.
മാനുവൽ-ഷിഫ്റ്റ് ട്രാസ്ഫർ കേസ്, ഫോർ-വീൽ ഡ്രൈവ് എന്നിവ ഇരു എൻജിനൊപ്പവും ലഭ്യമാണ്. 226 എംഎം ആണ് പുത്തൻ ഥാറിന്റെ ഗ്രൗണ്ട് ക്ലിയറൻസ്. 650 മില്ലിമീറ്റർ ആഴമുള്ള വെള്ളക്കെട്ടിലും ഥാർ സുഗമമായി സഞ്ചരിക്കും. 42 ഡിഗ്രി, 27 ഡിഗ്രി, 37 ഡിഗ്രി എന്നിങ്ങനെയാണ് പുത്തൻ ഥാറിന്റെ അപ്രോച്ച്, റാമ്പ് ഓവർ, ഡിപ്പാർച്ചർ ആംഗിളുകൾ.
എഎക്‌സും എൽഎക്സും

എഎക്‌സ്, എൽഎക്സ് എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് 2020 മഹീന്ദ്ര ഥാർ വില്പനക്കെത്തുക. ഓഫ്‌റോഡിങ് സീരിയസ് ആയി എടുക്കുന്നവർക്കാണ് എഎക്‌സ് പതിപ്പ്. ഥാർ ഒരു ലൈഫ് സ്റ്റൈൽ വാഹനമായി ഉപയോഗിക്കുന്നവർക്കാണ് എൽഎക്സ് പതിപ്പ്. സോഫ്റ്റ് ടോപ്പ്, അഭിമുഖമായി ഇരിക്കുന്ന പിൻസീറ്റുകൾ, 16 ഇഞ്ച് സ്റ്റീൽ വീലുകൾ, മെക്കാനിക്കൽ ലോക്കിംഗ് ഡിഫറൻഷ്യൽ, പവർ വിൻഡോ, പവർ സ്റ്റിയറിംഗ്, മാന്വൽ എയർ-കണ്ടീഷൻ, സെൻട്രൽ ലോക്കിംഗ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയാണ് എഎക്‌സ് മോഡലിന്റെ പ്രത്യേകത. രണ്ട് എഞ്ചിൻ ഓപ്ഷനുകളും ഥാർ എഎക്‌സ് പതിപ്പ് ലഭിക്കുമെങ്കിലും മാന്വൽ മാത്രമാണ് ഗിയർബോക്‌സ്.
കൺവേർട്ടിബിൾ അല്ലെങ്കിൽ ഹാർഡ് ടോപ്പ്, മുൻ നിര സീറ്റുകളെപോലെ തന്നെ മുൻവശത്തേക്ക് മുഖമായ 4-സീറ്റ് ലേഔട്ട്, ഡ്യുവൽ-ടോൺ ബമ്പറുകൾ, 255/65 R18 ഓൾ-ടെറൈൻ ടയറുകളുള്ള 18 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി ഡിആർഎൽ ഫോഗ് ലാമ്പുകൾ, എട്ട് രീതിയിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, 7.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് എസി, ഇഎസ്പി എന്നിവയാണ് എൽഎക്സും പതിപ്പിന്റെ പ്രത്യേകത. ഈ പതിപ്പ് പെട്രോൾ-ഓട്ടോ, ഡീസൽ-മാനുവൽ, ഡീസൽ-ഓട്ടോമാറ്റിക് കോൺഫിഗറേഷനിൽ വാങ്ങാം.