കേരളത്തില്‍ ഇന്നലെ 1,167 പേര്‍ക്ക് കോവിഡ്. 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 55 പേരുടെ ഉറവിടം അറിയില്ല. വിദേശത്തുനിന്നെത്തിയ 122 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 96 പേര്‍ക്കും രോഗംബാധിച്ചു. 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ഇന്നലെ 679 പേര്‍ക്ക് രോഗമുക്തി.
കോവിഡ് ബാധിച്ച് ഇന്നലെ നാലു പേർ മരിച്ചു. എറണാകുളം സ്വദേശി അബൂബക്കര്‍ (72), കാസര്‍കോട് സ്വദേശി അബ്ദുറഹിമാന്‍(70), ആലപ്പുഴ സ്വദേശി സൈനുദ്ദീന്‍(65), തിരുവനന്തപുരത്ത് സെല്‍വമണി(65) എന്നിവരാണു മരിച്ചത്.
കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കവിഞ്ഞു. 10,091 പേരാണു ചികില്‍സയിലുള്ളത്. ഇതുവരെ 20,896 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. 1,50,716 പേരാണ് നിരീക്ഷണത്തിലുള്ളത്. സംസ്ഥാനത്ത് നിലവില്‍ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 486 ആണ്.
രോഗബാധിതരുടെ ജില്ലതിരിച്ചുള്ള വിവരം: തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശൂര്‍ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂര്‍ 43, കാസര്‍കോട് 38, ഇടുക്കി 7.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പത്തു മണിക്കൂര്‍ ചോദ്യം ചെയ്തശേഷം എന്‍ഐഎ വിട്ടയച്ചു. ഇന്നലെ രാത്രി എട്ടരവരെ ചോദ്യംചെയ്തു. ശിവശങ്കര്‍ തിരുവനന്തപുരത്തേക്കു മടങ്ങി. സ്വര്‍ണക്കടത്തു കേസില്‍ അദ്ദേഹത്തെ സാക്ഷിയാക്കിയേക്കും. രണ്ടുദിവസമായി 20 മണിക്കൂറിലേറെ ചോദ്യംചെയ്തു.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സരിത്ത് തുറമുഖങ്ങളിലൂടെയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് എന്‍ഐഎ. രാജ്യത്തും പുറത്തുമുള്ള ഉന്നതരെ ഗൂഢാലോചനയില്‍ കണ്ണികളാക്കിയിട്ടുണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
വിവാഹത്തിലും മരണാനന്തര ചടങ്ങിലും ഇനി 20 പേരെ മാത്രമേ അനുവദിക്കൂവെന്ന് മുഖ്യമന്ത്രി. വിവാഹത്തിനു നേരത്തെ അമ്പതുപേരെ അനുവദിച്ചിരുന്നു. ഇതു പലയിടത്തും രോഗവ്യാപനത്തിന് ഇടയാക്കിയതിനാലാണ് 20 പേരാക്കി കുറച്ചത്. അതതു പ്രദേശത്തെ വാര്‍ഡ് ആര്‍ആര്‍ടികളുടെ സാക്ഷ്യപത്രത്തോടെ മാത്രമേ രണ്ടു ചടങ്ങും അനുവദിക്കൂ.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍. ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മന്ത്രി ക്വാറന്റീനിലായത്.
കോവിഡ് വ്യാപനംമൂലം തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ നഗര്‍ പച്ചക്കറി മാര്‍ക്കറ്റ് അടച്ചു. ചരക്കിറക്കിയ രണ്ടു പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു.
ഏറ്റുമാന്നൂര്‍ മാര്‍ക്കറ്റും സമീപ പ്രദേശങ്ങളും അടച്ചിട്ടു. പച്ചക്കറി മാര്‍ക്കറ്റില്‍ ആന്റിജന്‍ പരിശോധനയ്ക്കു വിധേയരാക്കിയ 67 പേരില്‍ 45 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം മേനംകുളം കിന്‍ഫ്ര പാര്‍ക്കിലെ 90 പേര്‍ക്ക് കോവിഡ്. 300 ജീവനക്കാരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം കണ്ടെത്തിയത്. ഇവരുമായി സമ്പര്‍ക്കത്തിലുള്ളവരെല്ലാം ക്വാറന്റീനിലായി.
സംസ്ഥാനത്തു പ്ലസ് വണ്‍ പ്രവേശനം ഇന്നു മുതല്‍. 2078 സ്‌കൂളുകളിലായി ആകെ 3.61 ലക്ഷം സീറ്റാണുള്ളത്.
രോഗവ്യാപനം തടയുന്നതിന് ഫോര്‍ട്ടുകൊച്ചി-മട്ടാഞ്ചേരി മേഖലയിലം പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി കര്‍ഫ്യൂ പ്രഖ്യാപിക്കുമെന്നും കളമശ്ശേരി നഗരസഭ കണ്ടെയ്ന്‍മെന്റ് സോണാക്കുമെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍.
തിരുവനന്തപുരത്ത് ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മൂന്നിലൊന്ന് ജീവനക്കാരെ അനുവദിക്കും. ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രം അനുവദിക്കും.
മുഖ്യമന്ത്രിസ്ഥാനം എങ്ങനെയെങ്കിലും ഒന്ന് ഒഴിഞ്ഞുകിട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചിന്തിക്കുന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതൊക്കെ യാഥാര്‍ഥ്യമാകാന്‍ പോകുന്നുണ്ടോ? എല്ലാ ദിവസവും അദ്ദേഹം പ്രസ്താവനകള്‍ ഇറക്കുന്നു. താനെന്ത് മറുപടി നല്‍കാനാണ്. പിണറായി പറഞ്ഞു.
തിരുവനന്തപുരത്ത് 18 പേരെ ടെസ്റ്റ് ചെയ്യുമ്പോള്‍ ഒരാള്‍ക്കു കോവിഡ് സ്ഥിരീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി. രാജ്യത്ത് 12 പേരെ പരിശോധിക്കുമ്പോഴാണ് ഒരാള്‍ പോസിറ്റീവെങ്കില്‍ കേരളത്തിലത് 36 പേരില്‍ ഒന്നെന്നാണ് കണക്ക്.
പട്ടാമ്പിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. ഓങ്ങല്ലൂര്‍ ചുങ്കത്തു വീട്ടില്‍ ബാദുഷ (38), ഷാജഹാന്‍ (40), സാബിറ (45) എന്നിവരാണു മരിച്ചത്. ഇവരുടെ അമ്മ നബീസയ്ക്കു ഗുരുതരമായ പരിക്കുണ്ട്.
സൗത്ത് ഫ്‌ളോറിഡയിലെ കോറല്‍ സ്പിംഗ്‌സില്‍ നഴ്‌സായ മലയാളി യുവതി കുത്തേറ്റു മരിച്ചു. കോട്ടയം സ്വദേശീനി മെറിന്‍ ജോയിയാണു മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു പോകാന്‍ പാര്‍ക്കിംഗിലുള്ള വാഹനത്തിന് അരികില്‍ എത്തിയപ്പോഴാണു കുത്തേറ്റത്. അക്രമി ശരീരത്തിലൂടെ വാഹനം കയറ്റി ഓടിച്ചുപോയി.
ഭീമ കൊറേഗാവ് കേസില്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ടമെന്റിലെ അസിസ്റ്റന്റ് പ്രഫസര്‍ ഹനി ബാബുവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. നക്സല്‍, മാവോയിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് ആരോപണം. ഒരാഴ്ചയായി ഹനി ബാബുവിനെ എന്‍ഐഎ മുംബൈയില്‍ ചോദ്യം ചെയ്യുകയായിരുന്നു.
'ചെലോല്‍ത് റെഡിയാകും ചെലോല്‍ത് റെഡിയാകൂല, റെഡി ആയില്ലെങ്കിലും ഞമ്മക്ക് ഒരു കൊയപ്പല്ല്യാ' എന്ന കൊച്ചുഫായിസിന്റെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ആ വാക്കുകളെ പരസ്യവാചകമാക്കിയ മില്‍മയുടെ പരസ്യവും തരംഗമായി. ഫായിസിനു 25,000 രൂപയുടെ സമ്മാനങ്ങളുമായി മില്‍മ അധികൃതര്‍ വീട്ടിലെത്തി. പതിനായിരം രൂപയും 14,000 രൂപയുടെ ആന്‍ഡ്രോയ്ഡ് ടിവിയും, ആയിരം രൂപയുടെ മില്‍മ ഉല്‍പ്പന്നവുമാണു സമ്മാനിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം മെഡിക്കല്‍ കോളജില്‍ സര്‍ക്കാര്‍ ഫീസ് മാത്രമേ ഈടാക്കാവു എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. പരിയാരം മെഡിക്കല്‍ കോളജിനും സംസ്ഥാന സര്‍ക്കാരിനുമാണ് നോട്ടീസ്. മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം ജില്ലയില്‍ മഴയ്ക്കു സാധ്യത. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവരും നദീതീരങ്ങളില്‍ ഉള്ളവരും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ള മലയോര പ്രദേശങ്ങളില്‍ ഉള്ളവരും ജാഗ്രത പുലര്‍ത്തണം.
ആലപ്പുഴ മാരാരിക്കുളത്ത് ഇന്നലെ മരിച്ച ത്രേസ്യാമ്മയുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇടവക സെമിത്തേരിയില്‍ ദഹിപ്പിച്ചു. മൃതദേഹം ദഹിപ്പിക്കുന്ന പുക ശ്വസിച്ചാല്‍ രോഗമുണ്ടാകുമെന്ന വ്യാജപ്രചാരണം കോട്ടയത്തു സംഘര്‍ഷമുണ്ടാക്കിയിരുന്നു. മൃതദേഹം ദഹിപ്പിക്കാമെന്ന ആലപ്പുഴ ലത്തീന്‍ രൂപതയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇന്നലെ 770 പേര്‍കൂടി മരിച്ചു. 49,632 പേര്‍കൂടി രോഗികളായി. ഇതുവരെ 34,224 പേര്‍ മരിച്ചു. 15,32,135 പേര്‍ രോഗികളായി. അഞ്ച് ലക്ഷം പേരാണു ചികില്‍സയിലുള്ളത്. 9.88 ലക്ഷം പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ ഇന്നലെ 282 പേര്‍കൂടി മരിക്കുകയും 7,717 പേര്‍കൂടി രോഗികളാകുകയും ചെയ്തു. 1.44 ലക്ഷം പേരാണു ചികില്‍സയിലുള്ളത്. തമിഴ്‌നാട്ടില്‍ 6,972 പേര്‍കൂടി രോഗികളായതോടെ ചികികില്‍സയിലുള്ളവരുടെ എണ്ണം 57,000 കടന്നു. ആന്ധ്രപ്രദേശില്‍ 7,948 പേരും കര്‍ണാടകത്തില്‍ 5,536 പേരും പുതുതായി രോഗബാധിതരായി.
ബംഗളൂരുവിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ അശ്ലീല വെബ്‌സൈറ്റില്‍. സാമൂഹികമാധ്യമങ്ങളില്‍ നേരത്തെ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ദുരുപയോഗം ചെയ്തത്. ബംഗളൂരു സിറ്റി പോലീസ് കേസെടുത്ത് ചിലരെ കസ്റ്റഡിയിലെടുത്തു.
കനത്ത നഷ്ടത്തെ തുടര്‍ന്ന് ചൈനീസ് ടെലികോം ഉപകരണ നിര്‍മാതാക്കളായ വാവേ ഈ വര്‍ഷത്തെ ഇന്ത്യയിലെ വരുമാന ലക്ഷ്യം 50 ശതമാനം വരെ വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട്. 70 ശതമാനം വരെ ജീവനക്കാരെ പിരിച്ചുവിടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടി റിയ ചക്രവര്‍ത്തിക്കെതിരെ കേസ്. സുശാന്തിനെ സാമ്പത്തികമായും മാനസികമായും തളര്‍ത്തിയത് റിയ ആണെന്ന് ആരോപിച്ച് സുശാന്തിന്റെ അച്ഛന്‍ പരാതി നല്‍കിയിരുന്നു.
ലോകത്ത് കോവിഡ് ബാധിച്ച് ഇന്നലെ 5,068 പേര്‍കൂടി മരിച്ചു. 2,35,045 പേര്‍കൂടി രോഗികളായി. ഇതുവരെ 6,61,982 പേര്‍ മരിക്കുകയും 1.68 കോടി ജനങ്ങള്‍ രോഗികളാകുകയും ചെയ്തു. അമേരിക്കയില്‍ ഇന്നലെ 1,067 പേരും ബ്രസീലില്‍ 860 പേരും മരിച്ചു.
വെസ്റ്റിന്‍ഡീസിനെ 269 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ടിനു പരമ്പര ജയം. മൂന്നില്‍ രണ്ടു വിജയവും ഇംഗ്ലണ്ട് സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനെ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്‌സും നാലു വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡും ചേര്‍ന്ന് 129 റണ്‍സിന് എറിഞ്ഞിട്ടു. രണ്ട് ഇന്നിംഗ്‌സിലുമായി ബ്രോഡ് 10 വിക്കറ്റ് വീഴ്ത്തി. നേരത്തെ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റിനെ പുറത്താക്കിയ ബ്രോഡ് ടെസ്റ്റില്‍ 500 വിക്കറ്റുകള്‍ പിന്നിട്ടിരുന്നു.
റയല്‍ മാഡ്രിഡ് താരം മാരിയാനോ ഡയസിനു കോവിഡ് സ്ഥിരീകരിച്ചു. അടുത്തയാഴ്ച ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ പൊരുതാനിരിക്കേയാണ് താരത്തിനു കോവിഡ് ബാധിച്ചത്.
ബിഗ് ബസാര്‍, ബ്രാന്‍ഡ് ഫാക്ടറി ഉള്‍പ്പടെയുള്ള റീട്ടെയില്‍ ചെയിനുകളുടെ ഉടമസ്ഥരായ ഫ്യൂച്ചര്‍ ഗ്രൂപ്പിനെ റിലയന്‍സ് ഏറ്റെടുക്കുന്നു. രാജ്യത്തെ പലചരക്ക് ഫാഷന്‍ ഉത്പന്നമേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് റിലയന്‍സിന്റെ നീക്കം. 27,000 കോടി രൂപയ്ക്കായിരിക്കും ഏറ്റെടുക്കലെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ ബാധ്യതകളോടൊപ്പമായിരിക്കും ഏറ്റെടുക്കല്‍.
രാജ്യത്തെ ഏറ്റവും വലിയ കമ്മോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സിന് 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 56.43 കോടി രൂപ ലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലാഭത്തില്‍ 29 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 43.70 കോടി രൂപയായിരുന്നു ലാഭം. കമ്പനിയുടെ വരുമാനം 11 ശതമാനം വര്‍ധിച്ച് 122.70 കോടി രൂപയിലെത്തി.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന 'വാലാട്ടി' എന്ന പുതിയ ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നത് പട്ടിക്കുട്ടികളാണ്. വാലാട്ടി എന്ന സിനിമ പട്ടിക്കുട്ടികളുടെ പ്രണയകഥയാണ് പറയുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ദേവന്‍. പട്ടിക്കുട്ടികളാണ് ഇതിലെ നായകനും നായികയും വില്ലനും എല്ലാം. ഇവര്‍ക്കിടയില്‍ ചില മനുഷ്യ കഥാപാത്രങ്ങളും. ഇന്ത്യയില്‍ തന്നെ ഇങ്ങനെ ഒരു സിനിമ ആദ്യമായാണ്. ഗോള്‍ഡന്‍ റിട്രീവര്‍, കോക്കര്‍ സ്പാനിയല്‍, റോട് വീലര്‍, നാടന്‍ നായ ഇനങ്ങളിലുള്ള പട്ടികളാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. കൂടാതെ മറ്റ് കഥാപാത്രങ്ങളും പട്ടികളാണ്.
മഹാനടി'ക്ക് ശേഷം വീണ്ടും തെലുങ്കില്‍ തിളങ്ങാന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ കണ്‍സപ്റ്റ് പോസ്റ്ററാണ് പുറത്തു വിട്ടിരിക്കുന്നത്. ''യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലെഫ്റ്റനന്റ് റാമിന്റെ പ്രണയകഥ'' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ദുല്‍ഖറിന് ജന്മദിനാശംസകള്‍ നേര്‍ന്നാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി ഒരുക്കുന്ന ചിത്രം ഹന്നു രാഘവപുടിയാണ് സംവിധാനം ചെയ്യുന്നത്. സ്വപ്ന സിനിമാസിന്റെ ബാനറില്‍ പ്രിയങ്ക ദത്താണ് നിര്‍മ്മാണം. ചിത്രത്തില്‍ ദുല്‍ഖറിന്റെ ഭാര്യയായി നടി പൂജ ഹെഗ്ഡെ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രെയ്‌സ് പ്രോ എന്ന പുതിയ മോഡലുമായി ഇന്ത്യന്‍ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒഖിനാവ സ്‌കൂട്ടേഴ്‌സ്. ഇന്ത്യന്‍ വിപണിയില്‍ 79,277 രൂപയാണ് ഈ സ്‌കൂട്ടറിന്റെ വില. 2-3 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഒരൊറ്റ ചാര്‍ജില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം എന്നാണ് കമ്പനിയുടെ അവകാശവാദം.
പശ്ചിമഘട്ടം ആവാസഭൂമിയാക്കിയ പക്ഷികളെയും സസ്തനികളെയും മത്സ്യങ്ങളെയും വൃക്ഷങ്ങളെയും പ്രകൃതിസ്‌നേഹികള്‍ക്കായി, പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കായി, വിദ്യാര്‍ഥികള്‍ക്കായി പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. 'ഒരു ജീവജാതിയെ അറിയുകയാണ്, അതിനെ സംരക്ഷിക്കുന്നതിലേക്കുള്ള ആദ്യ ചുവടുവെപ്പ്' - ഇതാണ് ഈ ഗ്രന്ഥത്തിന്റെ സന്ദേശവും ആഹ്വാനവും. 'പശ്ചിമഘട്ടത്തിലെ ദേശജാതികള്‍'. ഡോ. ടി.ആര്‍. ജയകുമാരി, ആര്‍. വിനോദ്കുമാര്‍. എച്ച് & സി ബുക്‌സ്. വില : 170 രൂപ.
ഈ മണ്‍സൂണ്‍ കാലത്ത്, ആരോഗ്യകരമായി തുടരുന്നതിന് നിങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. പ്രതിരോധശേഷി നിലനിര്‍ത്താന്‍ ഭക്ഷണ കാര്യത്തിലാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തുക എന്നതാണ് ഏറ്റവും പ്രധാനം. ഇതിനായി വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കാം. ഓറഞ്ച്, പപ്പായ, നാരങ്ങ, നെല്ലിക്ക, ആപ്പിള്‍, പേരയ്ക്ക, മാതളം, കിവി തുടങ്ങിയ പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. അതുപോലെ തന്നെ പോഷകങ്ങള്‍ ധാരാളം അടങ്ങിയ പാല്‍, മുട്ട, പനീര്‍ , സോയ, തൈര്, ചീര എന്നിവയും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. ചൂടുള്ള ഭക്ഷണം കഴിക്കുന്നതാണ് ഈ മണ്‍സൂണ്‍ കാലത്ത് ഉത്തമം. മഞ്ഞള്‍, കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മികച്ചതാണ്. ഇവ ഭക്ഷണത്തില്‍ പരമാവധി ഉള്‍പ്പെടുത്താം. ചെറുചൂടുവെള്ളത്തില്‍ നാരങ്ങാനീരും ഇഞ്ചിയും ഇട്ട് കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വെള്ളം ധാരാളമായി കുടിക്കാം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക. കടകളില്‍ നിന്നും വാങ്ങുന്ന ഭക്ഷണസാധനങ്ങളില്‍ ബാക്ടീരിയകള്‍ ഉണ്ടാകാം. അതിനാല്‍ കടകളില്‍ നിന്നും വാങ്ങുന്ന പച്ചക്കറികളും മറ്റും ചെറുചൂടുവെള്ളത്തില്‍ കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.