ബാല്യത്തിന്റെ, ഗ്രഹാതുരതയുടെ, ആ മാമ്പഴക്കാലത്തിന്റെ പൊയ്പ്പോയ ഓര്‍മ്മകള്‍ പുതുക്കി ഒരു വിഷുക്കാലം കൂടി...
ബാല്യത്തിലെ വിഷുവിന്റെ മാധുര്യം വളർന്നപ്പോൾ എവിടെയൊക്കെയോ നഷ്ട്ടപെട്ടുപോയെങ്കിലും പുനഃ സൃക്ഷ്ടിക്കാനുള്ള ശ്രമങ്ങൾ വിജയകരമാക്കിയ വർഷങ്ങളായിരുന്നു കഴിഞ്ഞുപോയ വിഷുക്കാലങ്ങൾ..... അടിമുടി സ്വർണ്ണവർണ്ണമാർന്ന് പൂത്തുനിൽക്കുന്ന കൊന്ന കാണാനെന്താ ഭംഗി!
ആരേയും കൊല്ലാതെ കൊന്നയെന്ന പേരു വന്നതിൽ പരിഭവിക്കുന്ന കൊന്ന. രാമൻ കൊന്നയെ മറയാക്കിയാണത്രേ ബാലിയെ ഒളിഞ്ഞ് അമ്പെയ്തത്. അങ്ങനെ ‘കൊന്ന’മരമെന്ന പേരുകിട്ടിയ മരത്തിന് ഉണ്ണിക്കണ്ണൻ ശാപമോക്ഷം കൊടുത്തത്രേ! ഒരു ദരിദ്രനായ ഇല്ലത്തെ ഉണ്ണിയ്ക്ക് കൂട്ടുകാരനായ സാക്ഷാൽ ഉണ്ണിക്കണ്ണൻ കൊടുത്ത കിങ്ങിണിഅരഞ്ഞാണം. എല്ലാരുമവനെ കളളനാക്കി. ഊരിയെറിഞ്ഞ കിങ്ങിണി അടുത്തുള്ള കൊന്നമരത്തിൽ സ്വർണ്ണകിങ്ങിണി രൂപമാർന്ന കൊന്നപ്പവായ് മാറി. കൊന്നപ്പൂവ് കണ്ണന് കണിക്കൊന്നയായി.
കാർഷിക സംസ്കാരത്തിന്റെ അവശേഷിപ്പുകൾ മനസ്സിൽ സൂക്ഷിക്കുന്ന ഒരു ഗ്രാമത്തിൽ നിന്നും പട്ടണത്തിലേക്കു പറിച്ചു നട്ടപ്പോഴും മനസ്സ് അവിടെ നിന്നും പൂർണമായും നഗരത്തിലേക്ക് ചേക്കേറിയിട്ടില്ല!
തലേന്നുതന്നെ ഓട്ടുരുളിയും നിലവിളക്കും കഴുകിത്തുടച്ചു നിറം വരുത്തി.. നവധാന്യങ്ങൾ നിറയ്ക്കാൻ കാഞ്ഞിരത്തിന്റെ ഇലയാണ് എടുത്തുകൊണ്ടിരിക്കുന്നത്, അതിനുപിന്നിൽ എന്തെങ്കിലും ശാസ്ത്രം ഒളിഞ്ഞിരിപ്പുണ്ടോ നോക്കിയില്ല...കാഞ്ഞിരത്തിന്റെ ഇലകിട്ടാത്തതുകൊണ്ട് കണിക്കൊന്നയിലയിൽ നവധാന്യങ്ങൾ നിറച്ചു.
കൃഷ്ണവിഗ്രഹത്തിനു മുന്നിലായാണു സാധാരണ കണിവയ്ക്കുക. കൃഷ്ണനെകോടിമുണ്ട് ഉടുപ്പിച്ചു.വിഗ്രഹത്തില്‍ വീട്ടുമുറ്റത്തുള്ള പൂക്കള്‍ കൊണ്ട് മാലകോര്‍ത്തിട്ടു. കൂടാതെ മുല്ലപ്പൂമാലയും ഇട്ടുകൊടുത്തു ഓട്ടുരുളിയില്‍ ഉണക്കലരി പകുതിയോളം നിറച്ചു. ആദ്യം സ്വര്‍ണ്ണനിറത്തിലുള്ള കണിവെള്ളരി വെച്ചു . പിന്നീട് ചക്ക, പൊതിച്ച നാളികേരം, മാങ്ങ, കദളിപ്പഴം, നാരങ്ങ, എന്നിവ വെച്ചു. ശ്രീഭഗവതിയെ സങ്കല്‍പ്പിച്ചു ഓട്ടുരുളിയുടെ നടുക്കായി വാല്‍ക്കണ്ണാടി വെച്ചു. അതില്‍ സ്വര്‍ണ്ണമാല ചാര്‍ത്തണം. അതിനുശേഷം കണിക്കൊന്നപ്പൂക്കള്‍ വെച്ചു. കണിവെളളരിയ്ക്ക മുത്തശ്ശിമാർ കണ്ണൊക്കെയെഴുതി പൊട്ടു കുത്തി കസവുമുണ്ടോക്കെ ചാർത്തി ഭഗവത് സങ്കൽപ്പത്തിൽ വയ്ക്കുമായിരുന്നു. വാൽക്കണ്ണാടി നേര്യത് ഞൊറിഞ്ഞു വയ്ക്കുന്നു ഭഗവതീ സങ്കല്പത്തിൽ. തേങ്ങാമുറിയിൽ തിരി കത്തിച്ചുവയ്ക്കും. കൊന്നപ്പൂകൊണ്ട് കണ്ണനെ അലങ്കരിച്ചിരിക്കും.വിളക്കത്തും ഉരുളിയിലും കൊന്നപ്പൂക്കൾ വിതറും.
പീഠത്തില്‍ നിലവിളക്കുവച്ചു എണ്ണയൊഴിച്ചു അഞ്ചുതിരിയിട്ടു വെച്ചു. മുന്നിലായി സാമ്പ്രാണി, ഓട്ടുകിണ്ടിയില്‍ ശുദ്ധജലം, പൂക്കള്‍, കൊടിവിളക്ക് എന്നിവ പിറ്റേന്നേക്കായി ഒരുക്കി വെച്ചു. ഇതിന്റെ തൊട്ടടുത്തായി ഓട്ടുതാലത്തില്‍ കസവുമുണ്ട് ,ഗ്രന്ഥം ,കുങ്കുമച്ചെപ്പ് ,കണ്മഷി ,വെറ്റിലയില്‍ നാണയത്തുട്ടും പാക്കും നവധാന്യങ്ങളും വെച്ചു
പുലർച്ചെ നാലുമണിക്കുണർന്നു നിലവിളക്കുകൊളുത്തി ആദ്യം കണികണ്ടു.. അതിനുശേഷം എല്ലാവരെയും വിളിച്ചുണർത്തി കണ്ണുപൊത്തികൊണ്ട് കണികാണിച്ചുകൊടുത്തു.. വിളക്കും കണിക്കൊന്നയും കസവുമുണ്ടും വാൽകണ്ണാടിയുമൊക്കെയായി ഒരു തിളക്കം നമ്മളിലേക്കും പകർന്നുകിട്ടും.
മനസ്സില്‍, ബാല്യത്തിന്റെ, ഗ്രഹാതുരതയുടെ, പൊയ്പ്പോയ ആ മാമ്ബഴക്കാലത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി ഒരു വിഷുക്കാലം കൂടി വരവായി. .....ചില ..വിഷു ഓര്‍മ്മകള്‍..
പണ്ടൊക്കെ സ്കൂള്‍ അടച്ചതിന്റെ ഒരു ആഘോഷം ഒരു ഭാഗത്ത് , കൂട്ടുകാരുടെ കൂടെ കളിച്ചു നടക്കാനുള്ള ഒരു സ്വാതന്ത്ര്യം ആസ്വദിക്കുന്നതിന്റെ ഒരു രസം വേറൊരു ഭാഗത്ത്,.കണി ...കൈ നീട്ടം..കുശലായ സദ്യ , അങ്ങനെ ഉള്ള ദിവസങ്ങള്‍ക്കിടയില്‍ പടക്കം പൊട്ടിച്ചു അര്‍മാദിക്കാന്‍ ഉള്ള ഒരു ദിവസമായാണ് പലരും വിഷുവിനെ കണ്ടിരുന്നത്.,പടക്കം പൊട്ടിച്ചും കണികണ്ടു കാണിച്ചുമൊക്കെ ആഘോഷിച്ച് തിമിര്‍ത്തിരുന്ന അവധിക്കാലത്തിന്റെ ധാരാളിത്തം...
മാത്രമല്ല ആ ദിവസം ഓരോരുത്തര്‍ക്കും കിട്ടാന്‍ പോകുന്ന വിഷു -കൈ നീട്ടം എത്ര രൂപയുണ്ടാകും എന്നതിനെ അനുസരിച്ചിരിക്കും ആ വര്‍ഷം നമ്മുടെ കൈയില്‍ വന്നു ചേരാനുള്ള പോക്കറ്റ് മണിയുടെ കനവും.
വിഷുവിന് പിന്നിൽ ഐതിഹ്യങ്ങൾ പലത്. കൃഷ്ണൻ നരകാസുരവധം വധിച്ചതിന്റെ ഓർമ്മപുതുക്കൽ എന്നൊരു കഥ. കിഴക്കുദിക്കുന്നതിൽനിന്ന് സൂര്യനെ രാവണൻ തടഞ്ഞിരുന്നു. രാമൻ രാവണനെ കൊന്ന് സൂര്യനെ മോചിപ്പിച്ചു. അങ്ങനെ സൂര്യൻ വീണ്ടും കിഴക്കുദിച്ച ദിവസം. ഏതായാലും തിന്മയ്ക്കുമേൽ നന്മ വിജയം കണ്ട ദിനം! മുമ്പ് പുതുവർഷാരംഭം മേടമാസമായിരുന്നു. ഇന്നും വിഷുഫലം പ്രധാനം. രാവും പകലും തുല്യമായ ദിവസം.
കര്‍ണ്ണികാരത്തിന്റെ കാന്തിയുടേയും, കൈനീട്ടത്തിന്റെ നന്മയുടേയും, കണ്ണുപൊത്തുന്ന തണുത്ത കൈകളുടെ സ്നേഹത്തിന്റെയും വിഷു കണിയുടെ ഐശ്വര്യത്തിന്റെയും നിറവില്‍ "സൗഹൃദങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ വിഷുആശംസകള്‍"........