സോവ വൈറസ് പുതിയ പതിപ്പ് ഇന്ത്യയിലും എത്തി. സോവയുടെ ഏറ്റവും പുതിയ പതിപ്പാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരുതവണ ഫോണിൽ പ്രവേശിച്ചാൽ നീക്കം ചെയ്യാൻ ബുദ്ധിമുട്ടുള്ളവയാണ് പുതിയ പതിപ്പ്. ഫോണിൽ കയറിക്കൂടിയാലുടൻ ഫയലുകൾ എൻക്രിപ്റ്റ് ചെയ്യുന്ന തരത്തിലുള്ള രീതിയാണ് സോവ വൈറസിന് ഉള്ളത്. ചില വ്യാജ ആൻഡ്രോയ്ഡ് ആപ്പുകൾ വഴിയാണ് പ്രധാനമായും ഫോണുകളിലേക്ക് സോവ പ്രവേശിക്കുന്നത്.
ഓൺലൈൻ പേയ്മെന്റുകൾ നടത്തുന്നവർക്ക് ജാഗ്രത നിർദ്ദേശവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ ഓൺലൈൻ ബാങ്കിംഗ് ഉപയോക്താക്കളെ ലക്ഷ്യം വയ്ക്കുന്ന സോവ വൈറസിനെ കുറിച്ചാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നെറ്റ് ബാങ്കിംഗ് ആപ്പുകളിൽ ഉപയോക്താക്കൾ നൽകുന്ന പാസ്‌വേഡ്, യൂസർ നെയിം എന്നിവ ചോർത്തിയതിനുശേഷമാണ് അക്കൗണ്ടുകളിലെ പണം തട്ടുന്നത്. വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കാൻ ബാങ്കിംഗ് ആപ്പുകളെ ലക്ഷ്യമിടുന്ന ഒരു ക്ഷുദ്രവെയറാണ് SOVA. ലിങ്കിൽ ക്ലിക്ക് ചെയ്തോ അനൗദ്യോഗിക സ്റ്റോറിൽ നിന്നോ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്. എസ്ബിഐ പറയുന്നു.
ഗൂഗിൾ ക്രോം, ആപ്പിൾ, എൻഎഫ്ടി ആപ്പുകൾ എന്നിവയുടെ ലോഗോയുടെ മറവിലാണ് ഇവയുടെ പ്രവർത്തനം. അതേസമയം, ബാങ്കുകളുടേതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള എസ്എംഎസുകളും ലിങ്കുകളും ഫോണുകളിലേക്ക് എത്തും.
ആദ്യ ഘട്ടത്തിൽ യുഎസ്, റഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ ഉപയോക്താക്കളുടെ ലക്ഷ്യമിട്ടാണ് പ്രവർത്തനം തുടങ്ങിയത്. എന്നാൽ, ജൂലൈയോടെ ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിൽ സോവ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.