ഒരു തൈ നട്ടത് കൊണ്ട് മാത്രം പരിസ്ഥിതി സംരക്ഷണം ആകുമോ ? ഇരുപത് വർഷം കൊണ്ട് നട്ടത് ഇരുപതിനായിരം വൃക്ഷതൈകൾ.
എല്ലാ വർഷവും പരിസ്ഥിതിദിനത്തിൽ പലരും മരം നടുന്നു. പിന്നീട് എവിടെ ഈ മരങ്ങളെല്ലാം. അപ്പോൾ ഒരു തൈ നട്ടാൽ മാത്രം പോരാ സംരക്ഷിക്കുകയും വേണം
ശ്യാം കുമാർ |
ഏതു നേരവും ഇങ്ങനെ മരങ്ങളും ചെടികളും കിളികളും എന്നൊക്കെ പറഞ്ഞ് ജീവിക്കുന്നൊരാൾ. ഇതൊക്കെ എന്നും കാണുകയും കേൾക്കുകയും ചെയ്ത നാട്ടുകാർ പിന്നെ കളിയാക്കാതിരിക്കുമോ.. അവരും പറഞ്ഞു തുടങ്ങി...'ഒരു വനം മന്ത്രി വന്നിരിക്കുന്നു'. പക്ഷേ ഇങ്ങനെയൊക്കെയുള്ള കളിയാക്കലുകൾക്ക് ഇയാളെ തോൽപ്പിക്കാനായില്ല. ജീവിക്കാൻ വേണ്ടി ഓട്ടോറിക്ഷ ഓടിച്ചു തുടങ്ങിയിട്ടും ഈ സ്വാഭാവത്തിലൊന്നും മാറ്റം വന്നില്ല.
ഓടിക്കുന്ന ഓട്ടോയുടെ പിന്നിൽ Save water- Save Trees, മരം ഒരു വരം, മരം വളർത്തൂ ഭൂമിയെ രക്ഷിക്കൂ, എന്നൊക്കെ എഴുതി ചേർക്കുകയും ചെയ്തു. ദാഹിച്ചു വലയുന്ന ഒരുപാട് കിളികൾക്കാണ് ആശ്വാസമായത്.
പാലക്കാട് തേങ്കുറിശ്ശി കരിപ്പാൻകുളങ്ങര സ്വദേശിയാണ് ഓട്ടോഡ്രൈവറായ ശ്യാം കുമാർ. ഫലവൃക്ഷങ്ങൾ നട്ടുവളർത്തുക, തണ്ണീർപന്തലുകളിൽ സ്ഥാപിക്കുക.. ശ്രീബുദ്ധന്‍റെ ഈ വാക്കുകൾ ജീവിതത്തിനൊപ്പം ചേർത്തിരിക്കുകയാണ് ശ്യാം കുമാർ. കഴിഞ്ഞ 20 വർഷത്തിനിടെ ഇരുപതിനായിരത്തിലേറെ മരങ്ങളാണ് പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശ്യാം നട്ടുപിടിപ്പിച്ചത്. പക്ഷേ മരങ്ങൾ നടുക മാത്രമല്ല പൊള്ളുന്ന ചൂടിൽ ദാഹിച്ചു വലയുന്ന പക്ഷികൾക്കും അത്താണിയാണ് ഈ ചെറുപ്പക്കാരൻ. കാലങ്ങളായി കിളകളുടെയും മരങ്ങളുടെയും ചങ്ങാതിയായി മാറിയ ശ്യാം കുമാറിന്‍റെ വിശേഷങ്ങളിലേക്ക്.
"" സ്കൂളിൽ പഠിക്കുമ്പോൾ ഹിസ്റ്ററി ക്ലാസിൽ വെച്ചാണ് അശോക ചക്രവർത്തിയെക്കുറിച്ച് കേൾക്കുന്നത്. അശോക ചക്രവർത്തി ധാരാളം യുദ്ധം നടത്തുകയൊക്കെ ചെയ്തിരുന്നുവല്ലോ.. അക്കൂട്ടത്തിൽ പ്രശസ്തം കലിംഗ യുദ്ധമാണ്. ധാരാളം ആളുകളാണ് ആ യുദ്ധത്തിൽ മരിച്ചത്. ഒരുപാട് പേരുടെ മരണത്തിന് താൻ കാരണമായതിൽ ചക്രവർത്തിക്ക് വിഷമം തോന്നുകയും ഇതിനു പരിഹാരം തേടി ശ്രീബുദ്ധനെ സമീപിച്ചു. ഫലവൃക്ഷങ്ങൾ നട്ടുവളർത്തുക, തണ്ണീർപന്തലുകളിൽ സ്ഥാപിക്കുക എന്നാണ് ബുദ്ധൻ അദ്ദേഹത്തോട് പറഞ്ഞത്. ഇത് അശോക ചക്രവർത്തി പാലിക്കുകയും ചെയ്തു.
അന്നു പഠിച്ച ആ ചരിത്രം എന്‍റെ മനസിൽ കിടപ്പുണ്ടായിരുന്നു. പിന്നെ കുറേക്കാലം പത്ര ഏജന്‍റായിരുന്നു. ദിവസേന മൂന്നോ നാലോ പത്രം വായിക്കാൻ കിട്ടും. പിന്നെ പലതരത്തിലുള്ള മാഗസിനുകളും കിട്ടും. ഇതൊക്കെ വായിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയൊരിക്കൽ വർഷങ്ങൾക്ക് മുൻപ് ശാർങ്ങ്ധരനെഴുതിയ വൃക്ഷായുർവേദ ഗ്രന്ഥം എന്ന പുരാതന ആയൂർവേദ ഗ്രന്ഥത്തിലെ പ്രശസ്തമായ വരികൾ വായിക്കാനിടയായി. ഗ്രന്ഥത്തിലെ പത്ത് കിണറിന് തുല്യം ഒരു കുളം, പത്ത് കുളത്തിന് തുല്യം ഒരു തടാകം, പത്ത് തടാകത്തിന് തുല്യം ഒരു പുത്രൻ, പത്ത് പുത്രൻമാർക്ക് തുല്യം ഒരു മരം എന്ന വരികളെന്നെ സ്വാധീനിച്ചു.. ഇതൊക്കെയാണ് മരങ്ങൾ വച്ചുപിടിപ്പിക്കണമെന്ന ഒരു ചിന്ത തന്നെയുണ്ടാക്കിയത്''.
"" വൃക്ഷ തൈകൾ നട്ടു തുടങ്ങിയിട്ട് ഇപ്പോൾ ഇരുപത് വർഷം കഴിഞ്ഞു. രാവിലെ വീടുകളിലൊക്കെ പത്രം ഇട്ട ശേഷം സൈക്കിളിൽ സഞ്ചരിച്ച് വഴിയോരങ്ങളിൽ ചെടികൾ നട്ടു തുടങ്ങി. അതാണ് തുടക്കം. ആദ്യനാളിൽ നൂറെണ്ണത്തോളം നട്ടു. അതൊക്കെ ഇപ്പോ വലിയ തണൽ മരങ്ങളായി മാറി. പത്ര ഏജന്‍റിന് കിട്ടുന്ന വരുമാനം കൊണ്ടുമാത്രം ജീവിക്കാനാകാത്ത സാഹചര്യമായി.. അങ്ങനെയാണ് പത്ത് വർഷം മുൻപ് ഓട്ടോറിക്ഷ ഓടിക്കാൻ തുടങ്ങുന്നത്. സാമ്പത്തിക പ്രശ്നങ്ങളൊക്കെയുണ്ട്. രണ്ട് ലക്ഷം രൂപ വണ്ടിയുടെ പേരിൽ ബാധ്യതയുണ്ട് ഇപ്പോഴും. ബുദ്ധിമുട്ടുകളൊക്കെയുണ്ടെങ്കിലും തൈകൾ നടുന്നതിൽ നിന്നു പിൻമാറാൻ തോന്നിയില്ല. കൂടുതലും ഉങ്ങ് മരങ്ങളുടെ തൈയാണ് നടുന്നത്. ദിവസവും വണ്ടിയുടെ സീറ്റിനടിയിൽ ഇരുപത്തഞ്ചോളം തൈകൾ സൂക്ഷിക്കും. ഓട്ടം പോകുമ്പോൾ തണൽ ഇല്ലാത്ത സ്ഥലങ്ങൾ നോക്കി വയ്ക്കും. യാത്രക്കാരെ ഇറക്കിയ ശേഷം തിരികെ വരുമ്പോൾ വഴിയോരങ്ങളിൽ ഈ തൈകൾ നട്ടുപിടിപ്പിക്കും. കുറച്ചുകാലങ്ങളായി ഇതാണ് പതിവ്. ചെടികൾ നടുന്നതിന് വേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും വണ്ടിയിലുണ്ട്. കുഴിയെടുക്കാനുള്ള കമ്പിപ്പാരയും ചെടിയ്ക്ക് ഒഴിക്കാനുള്ള വെള്ളവും ഓട്ടോറിക്ഷയിലുണ്ടാകും. മഴക്കാലത്താണ് തൈകൾ നടുന്നത്. മഴക്കാലം തീരുന്നതു വരെ ചെടികൾ നടും.''
""ഒക്റ്റോബർ മാസം കഴിഞ്ഞാൽ പിന്നെ മഴ കുറഞ്ഞുവല്ലോ.. പിന്നെ വേനൽക്കാലം തുടങ്ങും. വേനലിൽ തൈകൾ നടുകയില്ല. പുതുതായി വച്ച എല്ലാ ചെടികൾക്കും വെള്ളം നനയ്ക്കലാണ്. കടകളിൽ നിന്നു വാങ്ങുന്ന കുപ്പിവെള്ളത്തിന്‍റെ ഒരു ലിറ്ററിന്‍റെയും രണ്ട് ലിറ്ററിന്‍റെയുമൊക്കെ ബോട്ടിലുകളില്ലേ.. അതൊക്കെ പലയിടത്തു നിന്നും കലക്റ്റ് ചെയ്യും. ആ കുപ്പികളിൽ വെള്ളം നിറച്ച് ചെടികളോട് ചേർത്ത് കെട്ടി വയ്ക്കും. കുപ്പികളുടെ താഴെ സ്ഫേറ്റി പിന്നുപയോഗിച്ച് ചെറിയ ഹോൾ ഇട്ടു കൊടുക്കും. അതിലൂടെ വെള്ളം മെല്ലെ മെല്ലെ തുള്ളി തുള്ളിയായി വീണ് ചെടിയെ നനച്ചു കൊണ്ടിരിക്കും. പുതുതായി നട്ട ചെടികളുടെ അടുത്ത് പോയി നിത്യേന വെള്ളം ഒഴിക്കാൻ സാധിക്കില്ലല്ലോ. അതുകൊണ്ടാണ് ഇങ്ങനെ വാട്ടർ ബോട്ടിൽ പരീക്ഷണം നടത്തിയത്. ഏതാണ്ട് പത്ത് ദിവസത്തേക്ക് ഒരു ചെടിക്ക് ആ വെള്ളം മതിയാകും. ചെടികൾക്ക് ഒഴിക്കാനുള്ള വെള്ളവും ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിട്ടുണ്ട്. ഈ വെള്ളം തീരുമ്പോൾ ഓട്ടോ സ്റ്റാൻഡിനു അടുത്ത പൊതുപൈപ്പിൽ നിന്നൊക്കെ വെള്ളം നിറച്ചു വയ്ക്കും. കുപ്പികൾ ചെടിയ്ക്കൊപ്പം കെട്ടിവയ്ക്കുന്നത് വെള്ളം ഒഴിക്കുന്നതിന് മാത്രമല്ല ഇവിടൊരു ചെടിയുണ്ടെന്നു മറ്റുള്ളവർ കാണുന്നതിനുള്ള അടയാളം കൂടിയാണിത്. മരച്ചില്ലകൾ വെട്ടാനും റോഡിലെ പുല്ലുകൾ വെട്ടിതെളിക്കാനും മറ്റു പല ജോലികൾക്കുമായി തൊഴിലുറപ്പുകാരൊക്കെ വരുമല്ലോ.. ഈ കുപ്പികൾ കണ്ടാൽ പിന്നെ ഇവരൊന്നും ആ ചെടികൾ വെട്ടിക്കളയില്ല. അങ്ങനെയൊരു ഉദ്ദേശവുമുണ്ട് ''ശ്യാം കുമാർ പറയുന്നു.
പാലക്കാട്ടെ തേങ്കുറിശ്ശി, കൊടുവായൂർ, മഹാളിക്കുടം, പെരുവമ്പ് റോഡ് എന്നിവിടങ്ങളിലൊക്കെ തൈകൾ നട്ടിട്ടുണ്ട്. പാലക്കാട് വനം വകുപ്പിനും ചെടികൾ കൊടുത്തിട്ടുണ്ട്. ആയിരത്തിലേറെ ഉങ്ങു തൈകളാണ് അവർക്ക് കൊടുത്തത്. ആ തൈകളാണ് പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ചെർപ്പുളശ്ശേരി പോകുന്ന റോഡ് വരെ നട്ടിരിക്കുന്നത്. ആ ആയിരം ഉങ്ങുകൾ തണൽ വിരിച്ചു നിൽക്കുന്നുണ്ടിപ്പോഴും. മലമ്പുഴ കനാലിന്‍റെ വരമ്പിന്‍റെ രണ്ട് വശങ്ങളിലുമായി ആയിരത്തിലേറെ കരിമ്പനകളാണ് നട്ടിട്ടുള്ളത്. പനകൾ നട്ടു പിടിപ്പിക്കാൻ തുടങ്ങിയിട്ടിപ്പോൾ അഞ്ച് വർഷമായതേയുള്ളൂ. കൂടുതലും ഉങ്ങ് മരങ്ങളാണ് നട്ടിരിക്കുന്നത്. ഉങ് പെട്ടെന്ന് നശിക്കില്ലെന്നതാണ് കാരണം. കശുമാവും മാവുമൊക്കെ നട്ടിട്ടുണ്ട്. ഫലവൃക്ഷങ്ങളൊക്കെ നടുന്നത് നല്ലതാണെന്നൊക്കെ പലരും പറയാറുണ്ട്. അതുശരിയുമാണ്. മനുഷ്യർക്കും പക്ഷിമൃഗാദികൾക്കൊക്കെ ഫലങ്ങൾ കഴിക്കാൻ കിട്ടും. പക്ഷേ അതൊക്കെ ഏതാണ്ട് ഒരു വർഷം വരെ സംരക്ഷിച്ചു കൊണ്ടിരിക്കണം. അതിനുള്ള സാമ്പത്തികമൊന്നും എനിക്കില്ല, സമയവുമില്ല. മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് സർക്കാരിന്‍റെയോ സംഘടനകളുടെയോ മറ്റുമൊന്നും സഹായമൊന്നും ഇല്ലല്ലോ.. എന്നാൽ നാട്ടിലെ ചിലരൊക്കെ സഹായിക്കാറുണ്ട്.
സാമ്പത്തികമായി നല്ല നിലയിലുള്ളവരില്ലേ അവരോട് എന്തെങ്കിലും സഹായമൊക്കെ ചോദിക്കും.. അങ്ങനെ കുറച്ചാളുകൾ സഹായിക്കും.. ആ നല്ല മനസുള്ളവർ നൽകുന്ന അഞ്ഞൂറോ ആയിരമോ ഒക്കെ കൂട്ടിച്ചേർത്തുള്ള തുകയാണ് എന്‍റെ പ്രവർത്തനങ്ങൾക്ക് സഹായകമാകുന്നത്. മരച്ചില്ല വെട്ടുന്നതും അതിന്‍റെ ചുവട്ടിലെ കളകൾ പറിച്ചു കളയുന്നതുമൊക്കെ ഈ കിട്ടുന്ന പണം ഉപയോഗിച്ചാണ് ചെയ്യുന്നത്. വർഷത്തിലൊരിക്കൽ ആറോ ഏഴോ കിലോമീറ്റർ ദൂരത്തിൽ എന്ന കണക്കിലാണ് ഇതൊക്കെ ചെയ്യുന്നത്''
""വഴിയോരങ്ങളിൽ മാത്രമല്ല സ്കൂളുകൾ, കോളെജുകൾ എന്നിവിടങ്ങളിലും തൈകൾ നടാറുണ്ട്. മാഷുമാരുടെയും പ്രിൻസിപ്പൽമാരുടെയുമൊക്കെ അനുവാദം ചോദിച്ചിട്ടാണ് തൈകൾ നടുക. വീട്ടിൽ പ്രത്യേകിച്ചൊന്നും വച്ചു പിടിപ്പിച്ചിട്ടില്ല. പൊതുഇടങ്ങളിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കാനാണിഷ്ടം. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ മരങ്ങൾ വച്ചുപിടിപ്പിക്കണമെന്നാണ് തീരുമാനം. നമ്മുടെ നാട്ടിൽ പരിസ്ഥിതി സംരക്ഷണത്തിനെന്ന പേരിൽ തൈകളൊക്കെ നട്ടുപിടിപ്പിക്കുന്നുണ്ട്. എന്നാൽ അതൊന്നും കാര്യക്ഷമമല്ല. തൈകൾ നടും. എന്നാൽ അവയ്ക്ക് വളർന്നുവരാനുള്ള സാഹചര്യം ഒരുക്കി കൊടുക്കണ്ടേ.. അത് ആരും ചെയ്യുന്നില്ല. പരിസ്ഥിതി ദിനത്തിൽ കുറേയാളുകൾ തൈകളൊക്കെ നട്ടുപിടിപ്പിക്കും, വലിയ പരിപാടികൾ സംഘടിപ്പിക്കും, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വലിയ പ്രസംഗങ്ങളൊക്കെ നടത്തും.. മന്ത്രി തൈ നട്ടു, സിനിമാനടീടൻമാർ ചെടി നട്ടു എന്നൊക്കെ പറയുന്നതല്ലാതെ പിന്നീട് ആ നട്ട തൈയ്ക്ക് ആരും സംരക്ഷണമൊന്നും നൽകുന്നില്ല. ആരും നട്ട ചെടി പിടിച്ചോ വെള്ളം കിട്ടുന്നുണ്ടോ ഉണങ്ങിപ്പോയോ എന്നൊന്നും അന്വേഷിക്കുന്നില്ല. ഇതിനാണ് മാറ്റം വരേണ്ടത്. ഓട്ടോ സവാരിക്കിടെ പെരുംപത്തൂരിൽ കോളെജിൽ ജോലി ചെയ്യുന്ന ഒരാളെ പരിചയപ്പെട്ടു. ആ കോളെജിൽ അഡ്മിഷന് വരുന്ന വിദ്യാർഥികൾ ഒരു മരം ക്യാംപസിൽ വച്ചുപിടിപ്പിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടത്ര. വനം വകുപ്പ് ട്രീ ഗാർഡ് എന്ന വൃക്ഷതൈയാണ് കുട്ടികൾക്ക് നൽകുന്നത്. അങ്ങനെയൊരു സംസ്കാരം നമ്മുടെ നാട്ടിലും വരണം''.
""രാവിലെ ഉറക്കമുണർന്നാൽ ആദ്യം ചെയ്യുന്നത് ചെടികൾക്കും മരങ്ങൾക്കും വെള്ളം നൽകലാണ്. എന്നിട്ടേ മറ്റെന്തും ചെയ്യൂ. മണ്ണത്തുകാവാണ് എന്‍റെ ഓട്ടോറിക്ഷ സ്റ്റാൻഡ്. ഓട്ടോ സ്റ്റാൻഡിൽ പൊതുപൈപ്പ് ഉണ്ട്. കാലിയാകുന്ന കുപ്പികളിൽ വെള്ളം നിറയ്ക്കുന്നതിന് ഇവിടെ നിന്നാണ് വെള്ളമെടുക്കുന്നത്. ആദ്യമൊക്കെ പലരും പരിഹസിച്ചിരുന്നു. അന്നാളിൽ ഒരാളെന്നെ വിളിച്ചിരുന്ന് വനം വകുപ്പ് മന്ത്രിയെന്നാണ്. എപ്പോൾ നോക്കിയാലും ഞാൻ മരത്തിന്‍റെ താഴെയോ ചെടി നനച്ചു കൊണ്ടു നിൽക്കുന്നതോ പുതിയ വൃക്ഷ തൈ നടുന്നതോ കളകൾ വെട്ടിപ്പറിച്ച് കളയുന്നതോ അങ്ങനെ എന്തെങ്കിലും ചെയ്തു കൊണ്ടുനിൽക്കുന്നതാണ് എല്ലാവരും കാണുന്നത്. അതുകൊണ്ടാകും വനം മന്ത്രിയെന്നൊക്കെ വിളിച്ചു കളഞ്ഞത്''.
വൃക്ഷതൈകൾ നടുന്നത് മാത്രമല്ല ശ്യാംകുമാറിന്‍റെ സന്തോഷങ്ങൾ. കഴിഞ്ഞ കുറേ വർഷങ്ങളായി ഇദ്ദേഹത്തിന്‍റെ വീട്ടിലെ പതിവുകാരായി കുറച്ചധികം പക്ഷികളും അണ്ണാൻമാരും പാമ്പുകളുമൊക്കെയുണ്ട്. ഏഴു വർഷമായി ശ്യാമിന്‍റെ വീട്ടിൽ കിളികൾക്ക് വെള്ളം വച്ചു കൊടുക്കുന്നുണ്ട്. ഈ വേനലിലും അതു തുടരുന്നു. "" ഒരു ദിവസം ഉച്ചയൂണിന് വീട്ടിലെത്തിയ നേരത്ത്, മുറ്റത്തെ മഹാഗണിയ്ക്ക് വെള്ളം കൊടുക്കാനുള്ള ഒരു ബോട്ടിലുണ്ട്.. ആ കുപ്പിയിൽ നിന്നു ഇലകളിലേക്ക് ഇറ്റുവീണ വെള്ളം കുടിച്ചുകൊണ്ടിരിക്കുന്ന ഒരു കിളിയെ കണ്ടു. അങ്ങനെയാണ് ഈ പക്ഷികൾക്കും വെള്ളം കൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ആദ്യമൊക്കെ ചിരട്ടയിലാണ് വെള്ളം വച്ചു കൊടുത്തിരുന്നത്. പിന്നീട് കിളികളുടെ എണ്ണം കൂടി കൂടി വരുന്നതായി തോന്നി.
റോബിൻ, കരിയിലകിളികൾ, മൈനകൾ, ആറ്റക്കറുപ്പൻ, വണ്ണാത്തിപ്പുള്ള്, പ്രാവുകൾ, പൂത്താങ്കിരി, കറുപ്പൻ തേൻകിളി, വേഴാമ്പൽ, നാട്ടുമരംകൊത്തി, ഇരട്ടത്തലച്ചി, മീൻകൊത്തി, പനംകാക്ക, തന്നാരൻ, കരിങ്കയിൽ, ചെമ്പോത്ത്, മൈന, നാഗമോഹൻ, പച്ചിലക്കിളികൾ, കാവി, ഈച്ചപൊളിപ്പൻ തുടങ്ങിയ പക്ഷികൾ മാത്രമല്ല മയിലുകളും അണ്ണാനും ഓന്തുകളും എല്ലാം ഇവിടെ വെള്ളം കുടിക്കാനെത്തി തുടങ്ങി. അതോടെ മൺചട്ടികൾ വച്ചു തുടങ്ങി. കിളികൾ വെള്ളം കുടിക്കാൻ മാത്രമല്ല വെള്ളത്തിൽ തത്തിക്കളിക്കാനും വേണ്ടി പരന്ന മൺ ചട്ടികളിലാണ് വെള്ളം നിറച്ചു വച്ചത്. 22 പാത്രത്തിൽ വെള്ളമെടുത്ത് മരച്ചില്ലകളിലും മറ്റും അവിടെവിടെയായി സ്ഥാപിച്ചു.
കഴിഞ്ഞ വർഷം (2019)മാത്രം മുപ്പതോളം കിളികൾ വന്നു. ഈ വർഷം ഈ മൂന്നു മാസത്തിനിടയിൽ പുതിയ തരം എട്ട് കിളികളാണ് വന്നത്. പരുന്തിനത്തിൽപ്പെട്ട പ്രാപ്പിടിയൻ ഇവിടെ മരത്തിൽ കൂട് വച്ചിട്ടുണ്ട്. വെള്ളം കുടിക്കാൻ വരുന്ന കുഞ്ഞുകിളികളെ ഈ പരുന്ത് വന്ന് റാഞ്ചി കൊണ്ടു പോകും.. അതിന്‍റെ കുഞ്ഞുങ്ങളൊക്കെ കൂട്ടിലുണ്ട്. കിളികൾ ഇവിടെ വരാറുണ്ടെന്നു പരുന്തിന് അറിയാം.. ചെറിയ കിളികൾക്കാണെങ്കിലോ ഇങ്ങനെയൊരു ശത്രു ഈ മുറ്റത്ത് കൂട് വച്ച് വിലസുണ്ടെന്നു അറിയില്ല. വെള്ളം കുടിക്കാനും പഴം തിന്നാനുമൊക്കെയായി വരുന്ന കുഞ്ഞിക്കിളികളെ പരുന്ത് പിടിച്ചു കൊണ്ടു പോകാതെ നോക്കേണ്ടതുമുണ്ട് ഇപ്പോൾ'' അഭിമാനത്തോടെയും സന്തോഷത്തോടെയും ശ്യാം പറയുന്നു.
""കടയിൽ നിന്നൊക്കെ ചെറുപഴം വാങ്ങിയാണ് കിളികൾക്ക് നൽകുന്നത്. നല്ല പഴുത്ത പഴം വാങ്ങി മരത്തിലും മറ്റുമൊക്കെയായി അവിടെവിടെയായി കെട്ടി തൂക്കിയിടും. അണ്ണാനും കിളികളുമൊക്കെ തിന്നുന്ന പഴത്തിന്‍റെ വേസ്റ്റ് ഉണ്ടാകുമല്ലോ.. ആ വേസ്റ്റ് മണ്ണിൽ കിടന്ന് അലിയുമല്ലോ അതാണ് പൂമ്പാറ്റകൾക്കിഷ്ടം. ഇതു തിന്നാൻ വേണ്ടി പൂമ്പാറ്റയും വരും. ചെറിയ ഉറുമ്പുകളും മറ്റും വെള്ളം കുടിക്കാനായി ഇവിടെ വരുന്നുണ്ട്. ചേര പാമ്പുകളൊക്കെ വരും. വെള്ളത്തിന്‍റെ നനവ് എപ്പോഴും ഉള്ളതിനാലാണ് പാമ്പുകള്‍ വരുന്നത്. ഉടുമ്പും വരും. വീട്ടില്‍ കിളികള്‍ക്ക് വെള്ളം വയ്ക്കുന്നതിനെക്കുറിച്ച് കേട്ടറിഞ്ഞവര്‍ പലരും അതു അനുകരിക്കുന്നുണ്ടിപ്പോള്‍. ഓട്ടം പോകുമ്പോള്‍ പലരും ഞങ്ങളും കിളികള്‍ക്ക് വെള്ളം കൊടുക്കുന്നുണ്ടട്ടോ എന്നു പറയാറുണ്ട്. അറുപത് സെന്‍റ് സ്ഥലത്താണ് വീടിരിക്കുന്നത്. ഞങ്ങള്‍ ആറു സഹോദരങ്ങളാണ്.. പാര്‍ട്ടീഷനൊന്നും കഴിഞ്ഞിട്ടില്ല. ഈ അറുപത് സെന്‍റിലും മരങ്ങളും ചെടികളുമുണ്ട്. പക്ഷേ വീട്ടുമുറ്റത്ത് നടുന്നതിനെക്കാൾ വഴിയോരങ്ങളിൽ തണൽ മരങ്ങൾ വച്ചുപിടിപ്പിക്കാനാണ് എനിക്കിഷ്ടം''.
""ചൂടു കൂടുകയല്ലേ പച്ചപ്പും നനവുമൊക്കെ ഭൂമിയിൽ വേണം. കുളങ്ങളൊക്കെ വരൾച്ചയെ ഇല്ലാതാക്കും. അങ്ങനെയാണ് കുളങ്ങൾ നന്നാക്കിയാലോ എന്നു ചിന്തിക്കുന്നത്. ""
പാലക്കാട് കുറേ കുളങ്ങളുണ്ട്. പക്ഷേ അതൊക്കെ നശിച്ച അവസ്ഥയിലാണ്. 15 കുളങ്ങള്‍ വൃത്തിയാക്കി കൊടുത്തു. ആദ്യമൊക്കെ രണ്ട് മൂന്നു കുളങ്ങള്‍ ഞാന്‍ തന്നെയാണ് വൃത്തിയാക്കി കൊടുത്തത്. പക്ഷേ ഇങ്ങനെ വൃത്തിയാക്കി കൊടുക്കുന്നതിലൂടെ വരുമാനമൊന്നും കിട്ടില്ലാല്ലോ.. സ്വയം വൃത്തിയാക്കുന്നത് അവസാനിപ്പിച്ചു, പകരം മറ്റൊരു വഴി കണ്ടെത്തി. പാലക്കാട് ചിറ്റൂര്‍ ഗവണ്‍മെന്‍റ് കോളേലെ എന്‍എസ്എസിന്‍റെ കോ ഓഡിനേറ്ററുമായി ബന്ധപ്പെട്ടു, എന്‍എസ്എസിലെ കുട്ടികളെ കുളം വൃത്തിയാക്കല്‍ ജോലികള്‍ക്ക് അയക്കാമെന്നു അദ്ദേഹം പറഞ്ഞു. കുളം ഏതാണെന്നു ഞാന്‍ അദ്ദേഹത്തെ അറിയിക്കും.. ഒരു നൂറു കുട്ടികള്‍ വന്ന് രണ്ട് ദിവസം കൊണ്ട് കുളം വൃത്തിയാക്കും. അങ്ങനെ 15 ഓളം കുളങ്ങളാണ് അവര്‍ വൃത്തിയാക്കിയത്. അതിനുള്ള അംഗീകാരവും അവര്‍ക്ക് കിട്ടി. സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച ജൈവ വൈവിധ്യ ബോര്‍ഡിന്‍റെ ഹരിത കോളേനുള്ള പുരസ്‌കാരം കഴിഞ്ഞവര്‍ഷം ചിറ്റൂര്‍ കോളേജിനായിരുന്നു. കോളേജിന്‍റെ പുറകില്‍ പുഴയാണ്.. ആ പുഴയോരത്ത് കുറേ മുളം തൈകള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. മൂന്നൂറോളം തൈകളാണ് അവര്‍ക്ക് നല്‍കിയത്.. അവരത് ഭംഗിയായി നട്ടുപിടിപ്പിക്കുകയും ചെയ്തു.. ഈ പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിന് അവരെ അര്‍ഹരാക്കിയത്. ഇതിനു പുറമേ സംസ്ഥാനത്തെ മികച്ച എന്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ കോളേജ് എന്ന അവാര്‍ഡും കിട്ടിയിട്ടുണ്ട്''.
""ചെടി നടലും നനയ്ക്കലിനും ഓട്ടോ സവാരിയ്ക്കും ഇടയിൽ വേറെയും ചില കാര്യങ്ങൾ കൂടിയുണ്ട്. ഓട്ടോറിക്ഷയാണല്ലോ എന്‍റെ ജീവനോപാധി. ഓട്ടം പോകുന്നതിനിടയില്‍ അപകടം വരുത്തിവയ്ക്കുന്ന കുഴികള്‍ കണ്ടാല്‍ അപ്പോള്‍ തന്നെ തിരുവനന്തപുരത്ത് പിഡബ്ല്യൂഡിയുടെ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് പരാതി കൊടുക്കും. പരാതി കൊടുത്താല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ആ പ്രശ്‌നം പരിഹരിച്ചിരിക്കും. ഇരുപതോളം പരാതികള്‍ അങ്ങനെ കൊടുത്തിട്ടുണ്ട്. തേങ്കുറിശി, കുറുവായൂര്‍ റോഡ്, സെമിത്തേരി റോഡ്, ചിറ്റൂര്‍ - കൊഴിഞ്ഞാംപ്പാറ റോഡ് അങ്ങനെ പലഭാഗങ്ങളിലെ റോഡുകളിലെ കുഴികള്‍ അടയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇങ്ങനെയൊരു നമ്പറില്‍ വിളിച്ച് പരാതി പറയാമെന്ന കാര്യം പലര്‍ക്കും അറിയില്ലെന്നതാണ് യാഥാര്‍ഥ്യം''
""ഇരുപതിനായിരത്തിലേറെ തൈകൾ നട്ടതിനും കിളികൾക്ക് വെള്ളം കൊടുത്തതിനുമൊക്കെയായി ചില അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
സംസ്ഥാന ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡിന്‍റെ 2010-11 ലെ ഹരിതവ്യക്തി അവാര്‍ഡ്, വനംവകുപ്പിന്‍റെ വനമിത്ര, പ്രകൃതിമിത്ര, ഒയിസ്‌ക ഇന്‍റര്‍നാഷണലിന്‍റെ മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള ജില്ല അവാര്‍ഡ്, ഇതു രണ്ട് തവണ കിട്ടിയിട്ടുണ്ട്. ആലുവ പരിസ്ഥിതി സംരക്ഷണസംഘത്തിന്‍റെ ഭൂമിമിത്ര അവാര്‍ഡ് ഇതൊക്കെയാണ് കിട്ടിയത്. അനിരുദ്ധ് ഭാര്‍ഗവ പരിസ്ഥി പുരസ്‌കാരമാണ് അവാര്‍ഡുകളില്‍ ഏറ്റവും പുതിയത്. ശ്യാം കുമാർ പറയുന്നു.
8 വർഷങ്ങൾക്ക് മുൻപാണ് ശ്യാം ഓട്ടോ വാങ്ങുന്നത് . Save water- Save Trees എന്നും മരം ഒരു വരം എന്നും ഓട്ടോയുടെ പിന്നിൽ എഴുതിയിട്ടുണ്ട്. ഓട്ടോയിൽ കയറുന്നവരിൽ മിക്കവരും ഇതു കണ്ടിട്ടു പ്രകൃതി സംരക്ഷണത്തെ പറ്റി സംശയങ്ങൾ ചോദിക്കാറുണ്ടെന്നും അവരുടെ എല്ലാ ചോദ്യങ്ങൾക്കും തന്നെ മറുപടി കൊടുക്കാറുണ്ടെന്നും ശ്യാം. എല്ലാത്തിനും പിന്തുണയേകി ഭാര്യ സജിതയും മക്കളായ സായൂജും സഞ്ജനയും ശ്യാമിന്‍റെ കൂടെയുണ്ട്.
Credits: author/Nawfia-Sulaiman 2019
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- Telegram Join : https://t.me/+nSjzAWg3jZYwZTNk
- ACCOMMODATION: https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- Telegram Join : https://t.me/+nSjzAWg3jZYwZTNk
- ACCOMMODATION: https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland