കോഴിക്കോട് നഗരത്തിലെ കെ എസ് ഇ ബിയുടെ ഓട്ടോറിക്ഷ ചാർജിംഗ് സ്റ്റേഷനുകൾക്ക് ജനപ്രീതിയേറുന്നു!
നഗരത്തിലെ തെരഞ്ഞെടുത്ത പത്ത് കേന്ദ്രങ്ങളിലായി കെ എസ് ഇ ബിയുടെ ഇലക്ട്രിക് പോസ്റ്റുകളില്‍ ഘടിപ്പിക്കുന്ന തരത്തിലുള്ള പോള്‍ മൗണ്ടട് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക് ഓട്ടോറിക്ഷയിലേക്ക് മാറുന്നതിലൂടെ പ്രതിമാസം പതിനായിരം രൂപയിലധികം ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ഇന്ധനചെലവില്‍ ലാഭിക്കാം.
വീടുകളില്‍ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ചാല്‍, ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നതിനും വീട്ടിലെ വൈദ്യുതി ഉപയോഗത്തിനും മാത്രമല്ല പാചകത്തിനും വൈദ്യുതി ഉപയോഗിച്ച്, പ്രതിമാസ കുടുംബചെലവുകള്‍ കുറയ്ക്കാന്‍ കഴിയും. കേരള ബാങ്കുമായി ചര്‍ച്ചചെയ്ത് ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കായി കുറഞ്ഞ പലിശ നിരക്കില്‍ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നതിനായി വായ്പ ലഭ്യമാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നു.
അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കാൻ
ഈ സ്റ്റേഷനുകള്‍ ഉപയോഗപ്പെടുത്തി കോഴിക്കോട് ടൗണില്‍ ഓടുന്ന എല്ലാ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്കും മൊബൈല്‍ ഫോണ്‍ വഴി പണമടച്ച് ചാര്‍ജ്ജ് ചെയ്യാന്‍ കഴിയും. എറ്റവും കുറഞ്ഞ പ്രീ-പെയ്ഡ് വാലറ്റ് നിരക്ക് 100 രൂപയാണ്. ഒരു തവണ ഫുള്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ 70 രൂപ മൊബൈല്‍ ഫോണ്‍ വഴി അടയ്ക്കാം. തുടര്‍ന്ന് 120-130 കി.മീ. ഓടുവാന്‍ കഴിയും.
ഓരോ ഓട്ടോറിക്ഷയും ചാര്‍ജ്ജ് ചെയ്യാന്‍ എടുക്കുന്ന സമയം, ഉപയോഗിച്ച വൈദ്യുതി, അടച്ച തുക ഇവയെല്ലാം തന്നെ കെ എസ് ഇ ബിയിൽ നിന്നും അതുപോലെ തന്നെ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും തല്‍സമയം അറിയുവാന്‍ കഴിയും. ഇപ്രകാരം സിറ്റിയില്‍ ഓടുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് കൂടുതല്‍ സമയം ഓടുവാനും തൊഴിലാളികളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും സാധിക്കും.
കോഴിക്കോട് ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ചാർജ് മോഡ് ആണ് ഇതിനായി ചാര്‍ജ്ജിംഗ് ഉപകരണങ്ങളും സോഫ്റ്റ് വെയറും മറ്റും വികസിപ്പിച്ചത്. സംസ്ഥാന ഗവണ്‍മെന്റിന്റെ ഈ-മൊബിലിറ്റി പ്രമോഷന്‍ ഫണ്ടില്‍ നിന്നും 2.52 ലക്ഷം രൂപ ചിലവഴിച്ചാണ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചത്. രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലുമായി 1000 പോള്‍ മൗണ്ടഡ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഒരു പെട്രോള്‍ ഓട്ടോറിക്ഷ 120 കി. മീ. ഓടുവാന്‍ 14 ലിറ്റര്‍ പെട്രോള്‍ വേണ്ടി വരും. എന്നാല്‍ ഇത്രയും ദൂരം ഓടാന്‍ ഒരു ഇലക്ടിക് ഓട്ടോയ്ക്ക് ശരാശരി ഏഴ് യൂണിറ്റ് വൈദ്യുതി മതിയാകും. പെട്രോള്‍ ഓട്ടോ ഓടിക്കുന്ന ഒരാള്‍ ശരാശരി ഒരു മാസം 3600 കി. മീ. ഓടുവാന്‍ വരുന്ന ചിലവ് 13,500/- രൂപയോളം ചെലവ് വരും. ഇലക്ടിക് ഓട്ടോറിക്ഷ ഒരു മാസം ഇതേ ദൂരം ഓടാന്‍ എകദേശം 2,220/- രൂപയോ ആകൂ. അതായത് ശരാശരി ഒരു മാസം 11,000/- രൂപയോളം ഒരു ഓട്ടോറിക്ഷയ്ക്ക് ലാഭിക്കാം.