ഇന്ത്യയിൽ 17,59,000 അക്കൗണ്ടുകൾ നിരോധിച്ച് വാട്‌സ്ആപ്പ്. കഴിഞ്ഞ നവംബറിൽ 17.5 ലക്ഷം നിരോധിച്ചത്.
പുതിയ ഐടി നിയമം അനുസരിച്ചാണ് കണക്കുകൾ പുറത്ത് വിട്ടത്. കൂടാതെ നവംബറിൽ മാത്രം 602 പരാതികൾ ലഭിച്ചെന്നും ഇതിൽ 36 പേർക്കെതിരെ നടപടി സ്വീകരിച്ചെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
‘ഐടി നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം ആറാമത്തെ മാസക്കണക്കാണ് ഞങ്ങൾ പുറത്തുവിടുന്നത്. ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച പരാതിയുടെ വിവരങ്ങളും, ഇതിനെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും പുറത്തുവിട്ട റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്’ വാട്‌സ്ആപ്പ് അറിയിച്ചു.
മാത്രമല്ല ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് മാസംതോറും കണക്കുകൾ പുറത്തുവിടുന്നതെന്നും വാട്‌സ്ആപ്പ് കൂട്ടിച്ചേർത്തു.
അതേസമയം ഒക്ടോബറിൽ ഏകദേശം 20 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകളാണ് വാട്‌സ്ആപ്പ് നിരോധിച്ചത്. കൂടാതെ ധാരാളം പരാതികളും ലഭിച്ചിരുന്നു. താരതമ്യേന കുറവാണ് നവംബർ മാസത്തെ കണക്കെന്ന് വാട്‌സ്ആപ്പ് ചൂണ്ടിക്കാട്ടി.
എന്നാൽ ലോകത്ത് ഏറ്റവും അധികം ആളുകൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. 487 മില്യൺ ഉപഭോക്താക്കളാണ് രാജ്യത്തുള്ളത്. രണ്ടാം സ്ഥാനം ബ്രസീലിനാണ്. 118.5 മില്യൺ ഉപഭോക്താക്കളാണ് ബ്രസീലിലുള്ളത്.