ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെ പ്രതിഷേധം, സുരക്ഷാ വീഴ്ച; അന്വേഷണത്തിനായി മൂന്നംഗ സംഘത്തെ പ്രഖ്യാപിച്ച് കേന്ദ്രം
ന്യൂഡൽഹി : പഞ്ചാബിലെ ഫിറോസ്പുരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിലെ സുരക്ഷ വീഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുന്നു. ഇതിനായി മൂന്നംഗ സമിതി രൂപീകരിച്ചു.
കാബിനറ്റ് സെക്രട്ടറിയേറ്റിലെ സെക്രട്ടറി സുധീർകുമാർ സക്‌സേനയാണ് അന്വേഷണത്തിന് നേതൃത്വം നൽകുക. എസ്പിജി ഐജി എസ് സുരേഷ്, ഐബി ജോ ഡയറക്ടർ ബൽബീർ സിങ് എന്നിവരാണ് സമതിയിലെ മറ്റ് അംഗങ്ങൾ. വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കാനാണ് നിർദേശം.
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം ഫ്‌ലൈ ഓവറിൽ കുടുങ്ങി. വൻസുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികൾക്കായി പഞ്ചാബിൽ എത്തിയ നരേന്ദ്രമോദിക്ക് നേരെയാണ് പ്രതിഷേധമുണ്ടായത്. ഹുസൈൻവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധം.