കഴിഞ്ഞ ദിവസം തിരുവനന്തപുരം പൂവാര്‍ സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ വലയില്‍ മത്സ്യത്തിനൊപ്പം കടലാമ കുടുങ്ങി. മത്സ്യം ലേലം ചെയ്തതിനൊപ്പം ഇയാള്‍ കടലാമയെയും ലേലത്തില്‍ വിറ്റു.
∙ഇറച്ചിക്കു വേണ്ടി കൊല്ലാൻ തെങ്ങിൽ കെട്ടിയിട്ടിരുന്ന കടലാമയ്ക്ക് പൂവാർ കോസ്റ്റൽ പൊലീസ് രക്ഷകരായി.
വിലകൊടുത്തു വാങ്ങിയ ആള്‍ ആമയെ മാംസം ആക്കാനായി വീടിന് സമീപത്തെ തെങ്ങില്‍ കെട്ടിയിട്ടിരിക്കുന്ന വിവരമറിഞ്ഞാണ് പൂവാര്‍ കോസ്റ്റല്‍ പോലീസ് സ്ഥലത്തെത്തിയത്. കടലാമ സംരക്ഷിത പട്ടികയിലുളള ജീവിയാണെന്നും തിരികെ കടലിലേയ്ക്ക് വിടണമെന്നും പോലീസ് ആവശ്യപ്പെട്ടെങ്കിലും താന്‍ വിലകൊടുത്ത് വാങ്ങിയ ആമയെ വിട്ടുതരില്ല എന്ന നിലപാടിലായിരുന്നു ലേലത്തില്‍ വാങ്ങിയ ആള്‍.
ലേലത്തില്‍ പങ്കെടുത്ത ഇരുകൂട്ടരെയും വിളിച്ചുവരുത്തിയ പോലീസ്, സംരക്ഷിത ഇനത്തില്‍ പെട്ട ജീവിയെ വില്‍ക്കുന്നതും വാങ്ങുന്നതും കുറ്റമാണെന്ന വിവരം ബോധ്യപ്പെടുത്തി കടലാമയെ വീണ്ടെടുത്തു. പൂവാര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐമാരായ ശക്തികുമാര്‍.എസ്, ബൈജു.എ.എസ്, ആന്‍റണി.എഫ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
തുടര്‍ന്ന് കോസ്റ്റല്‍ വാര്‍ഡന്‍മാരായ ഷെറിന്‍.എസ്, ജോണ്‍ ടൈറ്റസ് എന്നിവരുടെ സഹായത്തോടെ കടലാമയെ സുരക്ഷിതമായി കടലിലേയ്ക്ക് വിട്ടു. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന കടലാമയെ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് പൂവാർ കോസ്റ്റൽ പോലീസ്.
കടപ്പാട് :സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍