വർണവിവേചനത്തിനെതിരായ പോരാടിയ ദക്ഷിണാഫ്രിക്കൻ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു (Desmond Tutu) അന്തരിച്ചു. 90 വയസായിരുന്നു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയാണ് ടുട്ടുവിന്റെ മരണവിവരം ലോകത്തെ അറിയിച്ചത്.
കറുത്തവർഗ്ഗക്കാരനായ ആദ്യത്തെ ആഫ്രിക്കൻ ആംഗ്ലിക്കൻ ആർച്ച്ബിഷപ്പാണ് ടുട്ടു. മനുഷ്യാവകാശത്തിനായി പോരാടിയ അദ്ദേഹം, അടിച്ചമർത്തപെട്ടവർക്കായി ശബ്ദമുയർത്താനും തന്റെ പദവി ഉപയോഗപ്പെടുത്തി. ദാരിദ്ര്യം, എയ്‌ഡ്‌സ്, വംശീയത, ഹോമോഫോബിയ എന്നിവക്കെതിരെയും പ്രചാരണരംഗത്ത് സജീവമായിരുന്നു.
സമാധാനത്തിനുള്ള നൊബേൽ (Nobel) അടക്കം നിരവധി പുരസ്താരങ്ങൾ നേടിയിട്ടുണ്ട്. വർണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിലൂടെയാണ് ഡെസ്മണ്ട് ടുട്ടു ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. 1984 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടി. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള രണ്ടാമത്തെ നോബൽ സമ്മാനജേതാവാണ് അദ്ദേഹം.നോബൽ സമ്മാനം കൂടാതെ മാനുഷികസേവന പ്രവർത്തനത്തിനുള്ള ആൽബർട്ട് ഷ്വിറ്റ്സർ സമ്മാനം, ഗാന്ധി സമാധാന സമ്മാനം (2005), പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം (2009) എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.
1931 ഒക്ടോബർ 7ന് ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്വാളിലാണ് ഡെസ്മണ്ട് ടുട്ടു ജനിച്ചത്. സഖറിയ സിലിലിയോ ടുട്ടുവിന്റേയും ഭാര്യ അലെറ്റായുടേയും മൂന്നുമക്കളിൽ രണ്ടാമനായിരുന്നു. വിദ്യാഭ്യാസകാലത്ത് ഒരു ഡോക്ടറാകാനായിരുന്നു ആഗ്രഹിച്ചിരുന്നതെങ്കിലും കുടുംബത്തിലെ സാഹചര്യങ്ങൾ അതിന് അനുകൂലമായിരുന്നില്ല. വൈദ്യവിഭാഗത്തിനു പഠിക്കുന്നതിന് അന്നത്തെ കാലത്ത് നല്ല പണചെലവുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞ ഡെസ്മണ്ട് പിതാവിന്റെ പാത പിന്തുടർന്ന് ഒരു അധ്യാപകനായി തീരാൻ തീരുമാനിച്ചു.
വർണ്ണവിവേചനത്തിന്റെ എല്ലാ ദൂഷ്യവശങ്ങളുടേയും നടുവിലായിരുന്നു ഡെസ്മണ്ടിന്റേയും ജീവിതം. എന്നാൽ വെള്ളക്കാരനായ ഒരു പുരോഹിതൻ കറുത്തവർഗ്ഗക്കാരായ ഡെസ്മണ്ടിനും മാതാവിനും ആശംസകൾ അർപ്പിച്ചത് അദ്ദേഹത്തിന് വല്ലാത്ത സന്തോഷം ഉളവാക്കി. ഡെസ്മണ്ടിന്റെ ആദ്യത്തെ മാതൃകാപുരുഷനായിരുന്നു ഈ പാതിരി.
പ്രിട്ടോറിയ ബന്ദു കോളേജിലാണ് ഡെസ്മണ്ട് ഉപരിപഠനത്തിനായി ചേർന്നത്. അതോടൊപ്പം തന്നെ ജോഹന്നസ്ബർഗിലുള്ള ഒരു ബന്ദു സ്കൂളിൽ അധ്യാപകനായും ജോലിക്കുചേർന്നു. എന്നാൽ ഈ ബന്ദു വിദ്യാഭ്യാസരീതിയോടു പൊരുത്തപ്പെടാൻ ഡെസ്മണ്ടിനായില്ല, അദ്ദേഹം അധ്യാപകജോലി രാജിവെക്കുകയും പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുകയും ചെയ്തു. 1960 ൽ ജോഹന്നസ്ബർഗിലെ സെന്റ് പീറ്റേഴ്സ് കോളജിൽ നിന്നും ദൈവികശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കിയശേഷം ഒരു പുരോഹിതനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
1962 ൽ ഡെസ്മണ്ട് കിങ്സ് കോളജ് ലണ്ടനിൽ നിന്നും ദൈവികശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തബിരുദവും കരസ്ഥമാക്കി. ഇക്കാലയളവിൽ ലണ്ടനിൽ തന്നെയുള്ള വിവിധ പള്ളികളിൽ ഡെസ്മണ്ട് പകുതി സമയ പുരോഹിതനായി സേവനമനുഷ്ഠിച്ചു. വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം ഡെസ്മണ്ട് ദക്ഷിണാഫ്രിക്കയിലേക്കു മടങ്ങി.
1976 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന സൊവേറ്റോ കലാപത്തോടെയാണ് വർണ്ണവിവേചനത്തിനെതിരേയുള്ള സമരത്തിൽ പങ്കാളിയാവാൻ ഡെസ്മണ്ട് തീരുമാനിച്ചത്. 1976 മുതൽ 1978 വരെ സൗത്ത് ആഫ്രിക്കൻ കൗൺസിൽ ഓഫ് ചർച്ചസിന്റെ സെക്രട്ടറി ജനറലായി ഡെസ്മണ്ട് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ക്രൈസ്തവദേവാലയങ്ങളുടെ ഈ കൗൺസിലിന്റെ സെക്രട്ടറി ജനറൽ എന്ന സ്ഥാനം ഉപയോഗിച്ച് അദ്ദേഹം വർണ്ണവിവേചനത്തിനെതിരേ പോരാടി. തന്റെ പ്രസംഗങ്ങളിലൂടെയും രചനകളിലൂടേയും ഡെസ്മണ്ട് ഈ ദേശീയവിപത്തിനെതിരേ ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നു. വർണ്ണവിവേചനത്തിനായുള്ള പോരാട്ടാത്തിൽ ഒരുമിച്ചു പങ്കാളികളാകാൻ ഡെസ്മണ്ട് ദക്ഷിണാഫ്രിക്കയിലെ എല്ലാ രാഷ്ട്രീയപാർട്ടികളോടും ഡെസ്മണ്ട് ആഹ്വാനം ചെയ്തിരുന്നു.
'വിമോചിത ദക്ഷിണാഫ്രിക്കയെ നമുക്ക് സമ്മാനിച്ച മികച്ച ദക്ഷിണാഫ്രിക്കക്കാരുടെ ഒരു തലമുറയിലെ മറ്റൊരു വിയോഗമാണിത്' -റമഫോസ പറഞ്ഞു. അടുത്തിടെ റോഹിങ്ക്യൻ വിഷയത്തിൽ അടക്കം അഭിപ്രായപ്രകടനവുമായി ടുട്ടു രംഗത്തെത്തിയിരുന്നു.
വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ....