യുകെ നീങ്ങുന്നത് ന്യൂ ഇയര്‍ ലോക്ക്ഡൗണിലേക്ക്?
ഡെല്‍റ്റയെ മറികടന്ന് ഒമിക്രോണ്‍ ബ്രിട്ടനില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കര്‍ശനമായ വിലക്കുകള്‍ നടപ്പാക്കാത്ത പക്ഷം ഈ വിന്ററില്‍ പ്രതിദിനം 5000 ഒമിക്രോണ്‍ മരണങ്ങള് രേഖപ്പെടുത്താന്‍ ഇടയാകുമെന്ന് സര്‍ക്കാര്‍ ശാസ്ത്രജ്ഞന്. ബ്രിട്ടനിലെ ആകെ കോവിഡ് കേസുകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും റെക്കോര്‍ഡ് നിലയിലേക്ക് കുതിച്ചുയര്‍ന്നതോടെയാണ് ആദ്യ ലോക്ക്ഡൗണിലേക്ക് നയിച്ച സേജ് ശാസ്ത്രജ്ഞന് പ്രൊഫസര്‍ നീല്‍ ഫെര്ഗൂസണ് ഭയപ്പെടുത്തുന്ന കണക്കുകള്‍ പങ്കുവെയ്ക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറില്‍ 93,045 രോഗികളെയാണ് കണ്ടെത്തിയത്. ഒരാഴ്ചയ്ക്കിടെ 60 ശതമാനം വര്‍ദ്ധനവാണ് കണക്കുകളിലുള്ളത്. ഓരോ രണ്ട് ദിവസത്തിലും സൂപ്പര്‍ വേരിയന്റ് ഇരട്ടിക്കുന്നുവെന്നാണ് കരുതുന്നത്. ടെസ്റ്റിംഗ് നടത്താന്‍ കഴിയുന്നതിലും വേഗത്തില്‍ പടരുന്നതിനാല്‍ യഥാര്‍ത്ഥ രോഗികളുടെ എണ്ണം വളരെ മുകളിലാകുമെന്നാണ് കരുതുന്നത്.
ന്യൂ ഇയറിനകം രാജ്യത്ത് കര്‍ശനമായ വിലക്കുകള്‍ അടിയന്തരമായി നടപ്പാക്കാനാണ് പ്രൊഫസര്‍ നീല്‍ ഫെര്ഗൂസണ് ആവശ്യപ്പെടുന്നത്. മ്യൂട്ടന്റ് സ്ട്രെയിന്‍ സംബന്ധിച്ച തന്റെ പുതിയ മോഡലിംഗ് അനുസരിച്ചാണ് കര്‍ശന വിലക്കുകള്‍ വേണമെന്ന് ഇദ്ദേഹം പറയുന്നത്. ഏറ്റവും മികച്ച ഘട്ടത്തില്‍ പോലും ഒമിക്രോണ്‍ കേസുകള്‍ പ്രതിദിനം 3000 മരണങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഇദ്ദേഹത്തിന്റെ ലണ്ടന്‍ ഇംപീരിയല്‍ കോളേജ് ടീം കണ്ടെത്തിയിരിക്കുന്നത്.
മിക്രോൺ വകഭേദം യൂറോപ്പിൽ മിന്നൽ വേഗത്തിലാണ് പടരുന്നതെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റക്സ്.
അടുത്ത വർഷം ആരംഭത്തോടെ ഫ്രാൻസിലും അതിതീവ്ര രോഗ വ്യാപനമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രോഗ പകർച്ചയുടെ പശ്ചാത്തലത്തിൽ യുകെയിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ഫ്രാൻസ്.
രോഗവ്യാപനം തടയാൻ ജർമനി, അയർലൻഡ്, നെതർലാൻഡ്സ് സർക്കാരുകൾ അധിക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
നെതർലാൻഡ്സിൽ വെള്ളിയാഴ്ച 15,400-ലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗം പടരാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങളിലേക്കാണ് യൂറോപ്യൻ രാജ്യങ്ങൾ നീങ്ങുന്നത്. പൊതുയിടങ്ങളിലേക്കുള്ള പ്രവേശനത്തിനും ആഘോഷങ്ങൾക്കും എല്ലാം വലിയ നിയന്ത്രണങ്ങളാണ് കൊണ്ടുവരുന്നത്
ജർമനിയിൽ വെള്ളിയാഴ്ച മാത്രം 50,000ലേറെ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു വെല്ലുവിളിക്ക് നേരിടാൻ രാജ്യം തയാറെടുക്കുകയാണെന്ന് ആരോഗ്യമന്ത്രി കാൾ ലൗട്ടർബാക്ക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, അയർലൻഡ് പുതിയതായി റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ മൂന്നിൽ രണ്ടും പുതിയ വകഭേദം മൂലമാണ്.
അയർലണ്ട് ഇന്ന് മുതൽ പബ്ബ്കൾക്കും റെസ്റ്റോറന്റ് കൾക്കും രാത്രി കർഫ്യു 8 മണി മുതൽ ബാധകമാക്കി. ബൂസ്റ്റർ വാക്സിൻ 40 വയസിനു മുകളിൽ വിതരണം ചെയ്തു തുടങ്ങിയതിനാൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വലിയ ക്യു അനുഭവപ്പെട്ടു. എന്നിരുന്നാലും ക്രിസ്തുമസ് കുർബാനകളും മറ്റ് മതപരമായ ചടങ്ങുകളും മറ്റു പ്രതിസന്ധികളില്ലാതെ നടക്കും സ്കൂളുകൾ ഈ വർഷത്തെ അധ്യയനം 23 നു അവസാനിപ്പിക്കും