എല്ലാം പിന്നെ പറയാം’– സ്വപ്‌ന ജയിൽമോചിതയായി
സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച സ്വപ്ന സുരേഷ് ജയിൽ മോചിതയായി. ശനി പകൽ പതിനൊന്നരയോടെ അട്ടക്കുളങ്ങര ജയിലിൽനിന്ന് പുറത്തിറങ്ങിയ സ്വപ്ന ‘എല്ലാം പിന്നെ പറയാമെന്ന്’ മാധ്യമങ്ങളോട് പ്രതികരിച്ചു. തുടർന്ന്, ബാലരാമപുരത്തെ വീട്ടിലേക്ക് പോയി.
രാവിലെ പത്തിന് സ്വപ്നയുടെ അമ്മ ശോഭ ജാമ്യരേഖകളുമായി ജയിലിലെത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി അമ്മയുടെ കൈപിടിച്ച് സ്വപ്ന പുറത്തേക്ക്. ഉടൻ മാധ്യമങ്ങൾ വളഞ്ഞെങ്കിലും വിശദമായ പ്രതികരണത്തിന് മുതിർന്നില്ല.
ശാരീരികബുദ്ധിമുട്ടുള്ളതിനാൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും കുറെ കാര്യങ്ങൾ പറയാനുണ്ടെന്നും വീട്ടിലെത്തിയശേഷം ശോഭ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ രണ്ടിനാണ് എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതിയിൽനിന്ന് ജാമ്യം ലഭിച്ചത്.
കേസില്‍ പ്രതികളായ സരിത്, റബിന്‍സ്, മുഹമ്മദ് ഷാഫി, എം.എം. ജലാല്‍ എന്നിവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. ഇവര്‍ നേരത്തേ പുറത്തിറങ്ങി. വ്യവസ്ഥകള്‍ പാലിക്കാനുള്ള കാലതാമസമാണ് ജാമ്യം അനുവദിച്ച് പുറത്തിറങ്ങാന്‍ നാലു ദിവസം വൈകിയത്. 25 ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും അടക്കമുള്ള രേഖകളാണ് ജാമ്യത്തിനായി നല്‍കിയിരിക്കുന്നത്.
2020 ജൂലൈ അഞ്ചിന് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയ്ക്കായി ദുബായില്‍ നിന്ന് എത്തിയ നയതന്ത്ര ബാഗേജില്‍ കസ്റ്റംസ് 30 കിലോ സ്വര്‍ണ്ണം കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ തുടക്കം. യുഎഇ കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒ സരിത്തിനെ കസ്റ്റംസും, കോണ്‍സുലേറ്റ് ജീവനക്കാരിയായ സ്വപ്ന സുരേഷ് സുഹൃത്ത് സന്ദീപ് നായര്‍ എന്നിവരെ എന്‍ഐഎയും അറസ്റ്റ് ചെയ്തതോടെ സംസ്ഥാനം സമീപകാലത്ത് കണ്ട ഏറ്റവും വലിയ വിവാദമായി ഇത് മാറി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന എം ശിവശങ്കറിനെതിരെ പ്രതികള്‍ മൊഴി നല്‍കിയതോടെ സ്വര്‍ണക്കടത്തില്‍ സര്‍ക്കാരും പ്രതിക്കൂട്ടിലായി.