ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമായ കാനഡയിൽ വീട് വയ്ക്കാൻ അനുയോജ്യമായ ഭൂമി കുറയുന്നതായി റിപ്പോർട്ട്. ലോകത്തിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ റിയൽ എസ്റ്റേറ്റ് മേഖല കുതിച്ചുയരുന്നുണ്ടെങ്കിലും കാനഡയിൽ വീട് വയ്ക്കാൻ ആവശ്യമായ ഭൂമി കുറയുന്നതായാണ് വിവരം. വിതരണവും ആവശ്യവും തമ്മിലുള്ള അസന്തുലിതാവസ്ഥയാണ് ഇതിന് കാരണമെന്ന് റിയൽ എസ്റ്റേറ്റ് വിദഗ്ധർ പറയുന്നു.
രാജ്യത്ത് വീട് വാങ്ങാൻ ആഗ്രഹിക്കുന്ന പലർക്കും വലിയ വീടുകളാണ് ആവശ്യം. എന്നാൽ ആളുകൾ ജോലി ചെയ്യുന്ന പ്രധാന നഗരങ്ങളിലെല്ലാം വീട് വയ്ക്കാൻ മതിയായ സ്ഥലം ഇപ്പോൾ ലഭ്യമല്ലാത്ത സ്ഥിതിയാണ്. കാനഡയിലുള്ളവർക്ക് സാധാരണയായി ഒറ്റ നില വീടുകളോടാണ് താത്പര്യം. അതുകൊണ്ട് തന്നെ ഇത്തരം വീടുകളോ വീട് വയ്ക്കാൻ ആവശ്യമായ സ്ഥലം പ്രധാന നഗരങ്ങളിൽ ലഭിക്കാത്ത സ്ഥിതിയാണ്.
യൂറോപ്പിനെയോ ജപ്പാനെയോ ലോകത്തിന്റെ മറ്റു ഭാഗങ്ങളെയോ അപേക്ഷിച്ച് കാനഡയിൽ അടുത്തിടെ നടക്കുന്ന ഒരു പ്രതിഭാസമാണ് വീട് വയ്ക്കാൻ ആവശ്യമായ ഭൂമിയുടെ ലഭ്യതക്കുറവെന്ന് റോയൽ ബാങ്ക് ഓഫ് കാനഡയിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ റോബർട്ട് ഹോഗ് പറയുന്നു.
ഒരു വീട് വാങ്ങുന്നത് കാനഡയിലെ മധ്യവർഗ വിഭാഗം വളരെ സുരക്ഷിതമായ ഒരു നിക്ഷേപമായാണ് കാണുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വീടുകളിൽ താമസിക്കുന്നവരാണ് കാനഡയിലുള്ളവർ. പ്രാദേശിക റിയൽ എസ്റ്റേറ്റ് ബോർഡുകളിൽ നിന്ന് ശേഖരിച്ച കണക്കുകൾ പ്രകാരം, ടൊറന്റോ, മോൺട്രിയൽ, വാൻകൂവർ, ഒട്ടാവ എന്നിവിടങ്ങളിലെ 18 കമ്മ്യൂണിറ്റികളിലെ 2020 ലെ ഭവന വിൽപ്പനയുടെ 60 ശതമാനവും ഒരു കുടുംബത്തിന് താമസിക്കാനുള്ള ഒറ്റ വീടുകളാണ്. ഈ സ്ഥലങ്ങളിലെ വീട് വിൽപ്പനയുടെ നാലിലൊന്ന് മാത്രമാണ് അപ്പാർട്ടുമെന്റുകളുടെ വിൽപ്പന നടന്നിട്ടുള്ളത്.
എന്നാൽ വിൽപ്പനയ്ക്കായുള്ള പുതിയ വീടുകളിൽ 60 ശതമാനവും അപ്പാർട്ടുമെന്റുകളാണ്. വെറും 25 ശതമാനം വീടുകൾ മാത്രമാണ് സിംഗിൾ-ഫാമിലി ഉടമസ്ഥതയിലുള്ളത്. കാനഡയുടെ മൊത്തം വിസ്തീർണ്ണം ഏകദേശം 10 മില്യൺ ചതുരശ്ര കിലോമീറ്റർ (3.9 മില്യൺ ചതുരശ്ര മൈൽ) ആണ്. എന്നാൽ മിക്ക കാനഡക്കാരും യുഎസ് അതിർത്തിയിൽ നിന്ന് വളരെ അകലെയുള്ള പ്രധാന നഗരങ്ങളിലാണ് താമസിക്കുന്നത്. ഈ നഗരങ്ങളിലെ ജോലിയുടെ ലഭ്യത മൂലമാണ് ഇവിടെ ജനസാന്ദ്രത കൂടുന്നത്.
രാജ്യത്തെ പർവതങ്ങൾ, ദ്വീപുകൾ എന്നിവയും നഗരങ്ങളിലെ ഭൂവിനിയോഗത്തെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളാണ്. ഇത്തരം സാഹചര്യത്തിൽ സിംഗിൾ ഫാമിലി വീടുകൾക്ക് കൂടുതൽ ആവശ്യം ഉള്ളതിനാൽ രാജ്യത്ത് ബിൽഡേഴ്സിന് വീട് പണിയാൻ ഭൂമി കുറഞ്ഞു വരികയാണ്.
വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഒരു രാജ്യമാണ് കാനഡ. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യവും ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യവുമാണ് കാനഡ. വലിപ്പത്തിൽ മുന്നിലാണെങ്കിലും സമീപമുള്ള അമേരിക്കയെ അപേക്ഷിച്ച് കാനഡയിൽ ജനവാസം കുറവാണ്. ആർട്ടിക് പ്രദേശത്തോട് ചേർന്നു കിടക്കുന്നതിനാൽ മിക്ക സ്ഥലങ്ങളും മഞ്ഞുമൂടി ജനവാസ യോഗ്യമല്ലാത്തതിനാലാണിത്.