1899 ൽ ജനിച്ച ലെഫബ്രേ അമ്മ മാരിക്ക് ഒപ്പം പിതാവിനെയും സഹോദരങ്ങളെയും കാണാനായി ന്യൂയോർക്കിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന ആർഎംഎസ് ടൈറ്റാനിക്ക് കപ്പൽ മഞ്ഞ് പാളിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ 1912 ഏപ്രിൽ 15 നാണ് അമ്മയും മകളും മരണപ്പെട്ടത്. വടക്കൻ അറ്റ്ലാന്റിക്ക് സമുദ്രത്തിൽ നടന്ന അപകടത്തിൽ 1500 പേരാണ് മരിച്ചത്. 2224 യാത്രക്കാരുമായി ഇംഗ്ലണ്ടിലെ സത്താപ്ടണിൽ നിന്നും ന്യൂയോർക്കിലേക്ക് പുറപ്പെട്ട കപ്പൽ നാലാം ദിവസം അപകടത്തിൽ പെടുകയായിരുന്നു. അന്നത്തെ ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പലായ ടൈറ്റാനിക്ക് അതിൻ്റെ കന്നിയാത്രയിലാണ് അപകടം ഉണ്ടാക്കിയത്.
ഗ്ലാസ് ബോട്ടിലിനുള്ളിൽ നിന്നും കണ്ടെത്തിയ കുറിപ്പ് ഫ്രഞ്ച് ഭാഷയിലാണ് എഴുതിയിരിക്കുന്നത്. 1912 ഏപ്രിൽ 13 എന്ന തീയ്യതിയും കത്തിൽ ഉണ്ട്. “അറ്റ്ലാന്റിക്കിന് മധ്യത്തിൽ നിന്നായി ഈ കുപ്പി ഞാൻ സമുദ്രത്തിലേക്ക് എറിയുന്നു. ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഞങ്ങൾ ന്യൂയോർക്കിൽ എത്തേണ്ടതാണ്. ഇത് അരെങ്കിലും കണ്ടെത്തുകയാണെങ്കിൽ ലീവിനിൽ ഉള്ള
ലെഫ്ബ്രവ് കുടുംബത്തെ അറിയിക്കണം” എന്നിങ്ങനെ കുറിപ്പിൽ പറയുന്നതായി സിബിസി റിപ്പോർട്ട് ചെയ്യുന്നു.
കുറിപ്പ് അന്നത്തെ കാലത്ത് എഴുതപ്പെട്ടത് തന്നെയാണ് എന്നാണ് ചരിത്രകാരൻമാരുടെ കണ്ടെത്തൽ. എഴുത്തും, കുപ്പിയും, എഴുതാൻ ഉപയോഗിച്ച ഘടകങ്ങളും പരിശോധിച്ചതിൻ്റെ അടിസ്ഥനത്തിലാണ് ഈ വിലയിരുത്തൽ. കാർബൺ ഡേറ്റിംഗ് രീതിയും മറ്റും ഇതിനായി
ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. ടൈറ്റാനിക്ക് കപ്പൽ മുങ്ങിയ കാലത്ത് എഴുതപ്പെട്ട കുറിപ്പ് ആണെങ്കിലും ഇത് മതഡേ ലെഫ്ബ്രേവ് തന്നെയാണോ എഴുതിയത് എന്നാണ് കണ്ടത്തേണ്ടത്. അന്നത്തെ പത്ര മാധ്യമങ്ങളിൽ എല്ലാം ലെഫ്ബ്രേവിനെ കുറിച്ചുള്ള വാർത്തകൾ വന്നിരുന്നു. കബളിപ്പിക്കാനായി മറ്റ് ആരെങ്കിലും എഴുതി കുപ്പിയിൽ ആക്കി ഉപേക്ഷിച്ചതാണോ എന്ന കാര്യവും പലരും സംശയിക്കുന്നുണ്ട്. പഴയ കാലത്തെ വസ്തുക്കൾ ഉപയോഗിച്ച് വ്യാജമായി കുറിപ്പ് നിർമ്മിക്കുന്നതിനുള്ള സാധ്യതകളും ഗവേഷകർ സംശയിക്കുന്നു.
ധാരാളം മാധ്യമ ശ്രദ്ധ ലഭിക്കും എന്നതിനാൽ ഇത്തരത്തിൽ എഴുത്തുകൾ ബീച്ചുകളിൽ നിന്നും ലഭിക്കുന്നത് അന്നത്തെ കാലത്ത് നിത്യസംഭവം ആയിരുന്നു എന്ന കാര്യവും ഗവേഷകർ മുഖവിലക്കെടുക്കുന്നുണ്ട്. എഴുത്ത് ലഭിച്ച സ്ഥാനത്തെക്കുറിച്ചും സംശയങ്ങളുണ്ട്. അറ്റ്ലാന്റിക്ക് സമുദ്രത്തിന് മധ്യത്തിൽ നിന്നും കടലിലേക്ക് എറിഞ്ഞ എഴുത്ത് അടങ്ങിയ കുപ്പി കാനഡയിലെ ന്യൂ ബ്രൻസ്വിക്കിൽ എത്താൻ സാധ്യത എത്രത്തോളം എന്ന ചോദ്യങ്ങളും ഉയരുന്നു. അസാധാരമായ കാര്യമാണെങ്കിലും അസാധ്യമായത് അല്ല എന്നാണ് ഇക്കാര്യത്തിൽ ഗവേഷകരുടെ അഭിപ്രായം.