റവന്യൂ വകുപ്പിന്റെ സേവനങ്ങള്‍ ഡിജിറ്റലാക്കുന്നു | ഭൂ നികുതി അടയ്ക്കല്‍ മുതല്‍ ഭൂമി തരംമാറ്റലിനുള്ള അപേക്ഷാ സമര്‍പ്പണം വരെ ഓണ്‍ലൈനാകും https://revenue.kerala.gov.in/
തിരുവനന്തപുരം : റവന്യൂ വകുപ്പിന്റെ സേവനങ്ങള്‍ ഡിജിറ്റലാക്കുന്നു. പുതിയ സേവനങ്ങള്‍ നിലവില്‍ വരുന്നതോടെ, ഭൂ നികുതി അടയ്ക്കല്‍ മുതല്‍ ഭൂമി തരംമാറ്റലിനുള്ള അപേക്ഷാ സമര്‍പ്പണം വരെ ഓണ്‍ലൈനാകും. പുതിയ ഡിജിറ്റൽ സംവിധാനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍വഹിക്കും.
ഭൂ നികുതി അടയ്ക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍, തണ്ടപ്പേര് അക്കൗണ്ട്, അടിസ്ഥാന ഭൂനികുതി രജിസ്റ്റര്‍ എന്നിവയുടെ ഡിജിറ്റൈസേഷന് പൂര്‍ത്തീകരണം, എഫ്എംബി സ്കെച്ച്, ലൊക്കേഷന്‍ സ്കെച്ച് എന്നിവ ഓണ്‍ലൈനായി നല്‍കുന്നതിനുള്ള മൊഡ്യൂള്‍, ഭൂമി തരംമാറ്റം അപേക്ഷ സ്വീകരിക്കാനുള്ള ഓണ്‍ലൈന്‍ മൊഡ്യൂള്‍ എന്നിവയാണ് ഒരുക്കുന്നത്.
നവീകരിച്ച ഇ പേയ്മെന്റ് പോര്‍ട്ടല്‍, 1666 വില്ലേജുകള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റുകള്‍, സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് മൊഡ്യൂള്‍ എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ രാജന് പരിപാടിയില്‍ അധ്യക്ഷത വഹിക്കും.
ഭൂ നികുതി ഓണ്‍ലൈനായും സ്വന്തം മൊബൈലില്‍ നിന്നും റവന്യൂ ഇ- സര്‍വീസസ് എന്ന ആപ്ലിക്കേഷന്‍ വഴിയും അടക്കാം. ഇതിനായി നേരിട്ട് വില്ലേജ് ഓഫീസില്‍ എത്തേണ്ടതില്ല. വര്‍ഷാവര്‍ഷം ഒടുക്കേണ്ട നികുതി സംബന്ധിച്ച വിവരം ഗുണഭോക്താവിന് എസ്എംഎസ് വഴി നല്‍കും. രസീത് ഡൗണ്‍ലോഡ് ചെയ്യാം.
ഓണ്‍ലൈന്‍ അപേക്ഷ, ഓണ്‍ലൈന്‍ പേമെന്റ്, സ്റ്റാറ്റസ് വെരിഫിക്കേഷന് എന്നീ സൗകര്യങ്ങള്‍. അപേക്ഷയിലെ ന്യൂനതകള്‍ ഓണ്‍ലൈനില്‍ പരിഹരിക്കാം. തീര്‍പ്പായ അപേക്ഷയില്‍ താലൂക്ക്, വില്ലേജ് ഓഫീസുകലില് നിന്ന് ഉടനടി ഭൂരേഖകളില് വേണ്ട മാറ്റങ്ങള്‍ വരുത്താം. പെന്‍ഷനുകള്‍ക്കായി ഇനി ഓണ്‍ലൈനില്‍ അപേക്ഷിക്കാവുന്നതാണ്.
സര്‍വേ മാപ്പ്, തണ്ടപ്പേര് പകര്‍പ്പ്, ലൊക്കേഷന്‍ മാപ്പ് എന്നിവക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഫീസും ഓണ്‍ലൈനായി അടയ്ക്കാം. പകര്‍പ്പും ലഭിക്കും. ഓണ്‍ലൈന്‍ ആയി ഇവയുടെ ആധികാരികത ഉറപ്പുവരുത്താം. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതി പ്രകാരം ഭൂമിയുടെ തരംമാറ്റത്തിന് അപേക്ഷ സമര്‍പ്പിക്കാം.
റവന്യൂ വകുപ്പിന്റെ ഓണ്‍ലൈൻ സേവനങ്ങള്‍
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക
ലാൻഡ് റവന്യൂ വകുപ്പ്
കേരള സർക്കാരിന്റെ റവന്യൂ വകുപ്പിന് കീഴിൽ ലാൻഡ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് ആണ് ലാൻഡ് റവന്യൂ വകുപ്പിന്റെ ആസ്ഥാന കാര്യാലയം. ലാൻഡ് റവന്യൂ കമ്മീഷണറെ സഹായിക്കുന്നതിനായി ജോയിന്റ് / അസിസ്റ്റന്റ് കമ്മീഷണർമാർ എന്നിവർ പ്രവർത്തിച്ചു വരുന്നു. 14 ജില്ലാ കളക്ടറേറ്റുകൾ, 27 റവന്യൂ ഡിവിഷനുകൾ, 77 താലൂക്കുകൾ, 1664 വില്ലേജുകൾ എന്നിവ റവന്യൂ ഭരണകൂടത്തിന്റെ കീഴിലാണ്. ജില്ലാ ഭരണത്തിന്റെ തലവൻ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറാണ്. ഓരോ ജില്ലകളിലും ജില്ലാ കളക്ടർമാരെ സഹായിക്കുവാൻ ഡെപ്യൂട്ടി കളക്ടർമാർ ജില്ലാ കളക്ടറുടെ കീഴിൽ പ്രവർത്തിക്കുന്നു. ഓരോ റവന്യൂ ഡിവിഷനിലും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കൂടിയായ ഒരു റവന്യൂ ഡിവിഷണൽ ഓഫീസറുടെ നേതൃത്വത്തിൽ റവന്യൂ ഡിവിഷണൽ ഓഫീസ് പ്രവർത്തിക്കുന്നു. ഓരോ താലൂക്കാഫീസിലെയും പൊതുഭരണം, മജിസ്റ്റീരിയൽ സംബന്ധമായ വിഷയങ്ങൾ എന്നിവ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ തഹസിൽദാരുടെ ചുമതലയാണ്. എന്നാൽ താലൂക്കിലെ ഭൂ സംബന്ധമായ വിഷയങ്ങൾ ഭൂരേഖാ തഹസിൽദാരുടെ ചുമതലയാണ്. ഇവരെ സഹായിക്കുവാനായി ഡെപ്യൂട്ടി തഹസിദാർമാർ ഒപ്പമുണ്ട്. ഓരോ വില്ലേജാഫീസും ഒരു വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. സ്പെഷ്യൽ വില്ലേജ് ഓഫീസർ, വില്ലേജ് അസിസ്റ്റന്റുമാർ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാർ എന്നിവരാണ് വില്ലേജാഫീസറെ സഹായിക്കുവാനുള്ളത്.
കേരള ഭൂപരിഷ്കരണ നിയമം നടപ്പിലാക്കുന്നതിലേക്കായി ഓരോ ജില്ലകളിലും റവന്യൂ ഡിവിഷണൽ ഓഫീസർ/ഡെപ്യൂട്ടി കളക്ടർമാർ നേതൃത്വം നൽകുന്ന താലൂക്ക് ലാൻഡ് ബോർഡുകളും തഹസിൽദാർ റാങ്കിലുള്ള ഉദ്യോഗസ്ഥർ നയിക്കുന്ന ലാൻഡ് ട്രിബ്യുണലുകളും പ്രവർത്തിക്കുന്നു. ഇവയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിലേക്കായി ലാൻഡ് ബോർഡ് സെക്രട്ടറിയുടെ കീഴിൽ ലാൻഡ് ബോർഡ് പ്രവർത്തിക്കുന്നു. ഇതിനു പുറമെ പ്രത്യേക ആവശ്യങ്ങൾക്കായി രൂപീകൃതമായ സ്പെഷ്യൽ ഓഫീസുകളും വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്നുണ്ട്.