കഴിഞ്ഞ ദിവസം ചേര്‍ന്ന ജിഎസ്ടി (ചരക്ക് സേവന നികുതി) കൗണ്‍സില്‍ യോഗത്തിന് ശേഷം സുപ്രധാന തീരുമാനങ്ങളാണ് കേന്ദ്ര ധന മന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയിട്ടുള്ളത്. കോവിഡ് 19 രോഗ വ്യാപനത്തിന് ശേഷം നേരിട്ടുള്ള ആദ്യത്തെ ജിഎസ്ടി കൗണ്‍സില്‍ യോഗമായിരുന്നു ഇത്. ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നികുതി നിരക്കുകള്‍ മാറിയ ഉത്പ്പന്നങ്ങളും സേവനങ്ങളും എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.
കോവിഡ് 19 മരുന്നുകളുടെ ഇളവ് ദീര്‍ഘിപ്പിക്കുന്നത് മുതല്‍ നികുതി പുനര്‍ഘടന വരെയുള്ള കാര്യങ്ങള്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി. അതില്‍ ഏറ്റവും പ്രധാനം കോവിഡ് 19 രോഗ ചികിത്സയ്ക്കായുള്ള മരുന്നുകള്‍ക്കുള്ള ജിഎസ്ടി കിഴിവ് 2021 ഡിസം ബര്‍ 31 വരെ തുടരും എന്നുള്ളതാണ്.
ഫാര്‍മ ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശിച്ച 7 മരുന്നുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്നും 5 ശതമാനമാക്കി കുറച്ചത് 2021 ഡിസംബര്‍ 31 വരെ നിലനിര്‍ത്തി. ഐറ്റോലിസുമാബ്, പോസകൊണാസോള്‍, ഇന്‍ഫ്‌ളിക്‌സിമാബ്, ബാമ്ലാനിവിമാബ് & എറ്റസെവിമാബ്, കാസിരിവിമാബ് & ഐംഡെവിമാബ്, 2 ഡൈയോക്‌സി ഡി ഗ്ലൂക്കോസ്, ഫാവിപിരാവിര്‍ തുടങ്ങിയ മരുന്നുകള്‍ക്ക് ജിഎസ്ടി യോഗം നികുതിയിളവ് പ്രഖ്യാപിച്ചതായാണ് ലഭ്യമാകുന്ന വിവരം. കെട്രൂഡ പോലുള്ള ക്യാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്നും 5 ശതമാനമാക്കി കുറച്ചു.
അതേ സമയം പെട്രോളും ഡീസലും ചരക്ക് സേവന നികുതി (ജിഎസ്ടി) പരിധിയ്ക്ക് കീഴില്‍ കൊണ്ടു വരാനുള്ള നീക്കങ്ങളെ സംസ്ഥാനങ്ങള്‍ ഒന്നടങ്കം എതിര്‍ത്തു. വരുമാനത്തിന് തിരിച്ചടിയാകുമെന്നതിനാല്‍ എല്ലാ സംസ്ഥാനങ്ങളും പെട്രോള്‍, ഡീസല്‍ എന്നിവ ഡിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരുന്നതിനെ എതിര്‍ത്തുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി മാധ്യമങ്ങളോട് വ്യക്തമാക്കി
അടുത്ത ഒരു വര്‍ഷത്തേക്ക് കപ്പല്‍ വഴിയോ, വിമാനം വഴിയോ ഉള്ള കയറ്റുമതി ഉത്പ്പന്നങ്ങളുടെ ഗതാഗതം ജിഎസ്ടി ബാധ്യതയുള്ളവയായിരിക്കുകയില്ല.
ജിഎസ്ടി പോര്‍ട്ടലിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം കയറ്റുമതി ചരക്ക് അയയ്ക്കുന്ന വ്യക്തികള്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് റീഫണ്ട് ചെയ്ത് ലഭിക്കുന്നതിലുള്ള പ്രയാസം പരിഗണിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
റെയില്‍വേ പാര്‍ട്ടുകളുടേയും ലോക്കോമോട്ടീവുകളുടേയും ജിഎസ്ടി 12 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കി ഉയര്‍ത്തി. ബയോ ഡീസലിനുള്ള ജിഎസ്ടി 15 ശതമാനത്തില്‍ നിന്നും 5 ശതമാനമാക്കി കുറച്ചു. റെട്രോ ഫിറ്റ്‌മെന്റ് കിറ്റുകളുടെ ജിഎസ്ടി 5 ശതമാക്കി കുറച്ചു.
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകളായ സൊമാറ്റോ, സ്വിഗ്വി തുടങ്ങിയവയ്ക്ക് മേല്‍ 5 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തും. 45ാ-മത് ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് വെള്ളിയാഴ്ച ലഖ്നൗവില്‍ നടന്നത്.