കേരളം വിട്ടാലും ആഘോഷങ്ങൾക്ക് മുടക്കമില്ലാതെയും സ്വന്തം സംസ്കാരം പിന്തുടരുകയും ചെയ്യേണ്ടിവരുമ്പോൾ എത്തിച്ചേരുന്ന ഇടങ്ങളിൽ തനതായ രീതിയിൽ തങ്ങളുടെ സാന്നിധ്യവും പാരമ്പര്യവും അറിയിക്കുകയാണ് മലയാളി ഉൾപ്പടെ ഉള്ള ഇന്ത്യക്കാർ. ജലമാമാങ്കത്തെ ഹൃദയത്തോടു ചേര്‍ത്ത് മലയാളികളുടെ വീറും വാശിയും ഓളപ്പരപ്പില്‍ തീര്‍ക്കാനൊരുങ്ങി ഓസ്‌ട്രേലിയൻ പ്രവാസികൾ. പെര്‍ത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്‍ സങ്കടിപ്പിക്കുന്ന ജലോല്‍സവം സെപ്റ്റംബര്‍ 25 ന് രാവിലെ എട്ടു മണിക്കാണ് ആരംഭിക്കുന്നത്. ജലമേളയുടെ മുന്നോടിയായി പ്രൊമോഷണൽ വീഡിയോ ഇപ്പോൾ ശ്രദ്ധ ആകർഷിക്കുന്നു.
കേരളത്തിനു പുറത്ത് ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ ഈ മാസം 25-ന് നെഹ്റു ട്രോഫി വള്ളംകളിയെ അനുസ്മരിക്കും വിധമാണ് പെര്‍ത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്‍ ജലമേള സംഘടിപ്പിക്കുന്നത്.
ഓണക്കാലത്തിന്റെ സ്മരണ കൂടി ഉയര്‍ത്തും വിധമാണ് മത്സരം അന്നേ ദിവസം നടക്കുന്നത്.കേരളത്തിന്റെ തനതു ജലമാമാങ്കത്തിന്റെ ചരിത്രവും ആവേശവും തെല്ലും ചോരാതെ വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ ശ്രമിക്കുകയാണ് ഓസ്‌ട്രേലിയയിലെ പ്രവാസി മലയാളികള്‍ ഈ ഉദ്യമത്തിലൂടെ. ഓളപ്പരപ്പിലേക്കു തുഴയെറിഞ്ഞ് വിസ്മയം തീര്‍ക്കാന്‍ 14 ഡ്രാഗണ്‍ വള്ളങ്ങളില്‍ 300 ലധികം തുഴക്കാര്‍ മെയ്യും മനസും മെരുക്കിയെടുക്കുന്ന തകൃതിയായ പരിശീലനത്തിലാണ്. പെര്‍ത്തിലെ ജലമേളയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്നു എന്നതും ഇത്തവണത്തെ മത്സരത്തിന്റെ പ്രത്യേകതയാണ്.
ഓസ്‌ട്രേലിയയിലെ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ആയിരക്കണക്കിന് വരുന്ന കാണികളുടെയും മുമ്പില്‍ നൂറിലധികം കലാകാരന്‍മാര്‍ അണിനിരക്കുന്ന, കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന ഘോഷയാത്ര തുടങ്ങി നിരവധി പരിപാടികള്‍ നടക്കും.
ഉദ്ഘാടനത്തിനൊപ്പമുള്ള സാംസ്‌കാരിക ഘോഷയാത്രയില്‍ കഥകളി, കളരിപ്പയറ്റ്, മോഹിനിയാട്ടം, തിരുവാതിര, ചെണ്ടമേളം, തെയ്യം, പുലികളി തുടങ്ങി നിരവധി നാടന്‍ കലാരൂപങ്ങള്‍ അണിനിരക്കും. തദ്ദേശീയരെയും വിദേശികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഒരു സാംസ്‌കാരിക സംഗമം കൂടി ആയിരിക്കും ഇത്. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ ഈ മാസം 25-ന് നടക്കുന്ന ജലമേളയോടനുബന്ധിച്ചു പുറത്തിറക്കിയ പ്രമോ വീഡിയോ കാണുക