ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് ബാറ്റ് ചെയ്യും. ടോസ് നേടിയ സൺറൈസേഴ്സ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
മുൻ ക്യാപ്റ്റൻ ശ്രേയാസ് അയ്യർ ഡൽഹി ക്യാപിറ്റൽസിൽ തിരികെയെത്തി. പരുക്കേറ്റതിനെ തുടർന്ന് താരം ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിൽ കളിച്ചിരുന്നില്ല. ശ്രേയാസ് ടീമിലുണ്ടെങ്കിലും ആദ്യ പാദത്തിൽ ടീമിനെ നയിച്ച ഋഷഭ് പന്ത് തന്നെ രണ്ടാം പാദത്തിലും ഡൽഹിയെ നയിക്കും.
ജേസൻ ഹോൾഡർ, റാഷിദ് ഖാൻ, ഡേവിഡ് വാർണർ, കെയിൻ വില്ല്യംസൺ എന്നിവരാണ് സൺറൈസേഴ്സിലെ വിദേശ താരങ്ങൾ. ആൻറിച് നോർക്കിയ, കഗീസോ റബാഡ, മാർക്കസ് സ്റ്റോയിനിസ്, ഷിംറോൺ ഹെട്മെയർ എന്നിവർ ഡൽഹിയുടെ വിദേശതാരങ്ങളാണ്.
ആദ്യ പാദം അവസാനിക്കുമ്പോള്‍ ഒന്നാം സ്ഥാനത്തായിരുന്ന ഡല്‍ഹി രണ്ടാം പാദത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് മുംബൈക്കെതിരെ ജയം നേടിയതോടെയാണ് രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങിയത്.
എട്ട് കളികളില്‍ നിന്ന് 12 പോയിന്റാണ് ഇരു ടീമുകള്‍ക്കും ഉള്ളത് എന്നതിനാല്‍ ഇന്നത്തെ മത്സരം ജയിച്ചാല്‍ ചെന്നൈയെ വീണ്ടും മറികടന്ന് ഡല്‍ഹിക്ക് ഒന്നാം സ്ഥാനത്തെത്താം. അതേസമയം ഈ സീസണില്‍ വളരെയേറെ പരിതാപകരമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ അവസ്ഥ. ഏഴ് മത്സരങ്ങളില്‍ നിന്നും കേവലം ഒരു ജയം മാത്രം നേടാനായ സണ്‍റൈസേഴ്സ് പോയിന്റ് പട്ടികയില്‍ രണ്ട് പോയിന്റോടെ അവസാന സ്ഥാനത്താണ്.