റമ്പൂട്ടാൻ തന്നെയാവും രോഗ കാരണമെന്ന നിഗമനത്തിലേക്ക്; വവ്വാലുകളുടെ ആവാസ വ്യവസ്ഥയും കണ്ടെത്തി- വീണ ജോര്‍ജ്
ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ സംഘം ബുധനാഴ്ച എത്തും. ഒപ്പം സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും ബുധനാഴ്ച സ്ഥലത്തെത്തും. ചാത്തമംഗലത്ത് നിപ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ മൃഗസംരക്ഷണ വകുപ്പിന്റെ സാമ്പിൾ ശേഖരണം ഇന്നും തുടർന്നു.
ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയിൽനിന്ന് ഉച്ചാടനം ചെയ്ത നിപ്പ വൈറസ് 3 വർഷത്തിനിപ്പുറം വീണ്ടും പ്രത്യക്ഷപ്പെട്ടത് 57 കിലോമീറ്റർ അകലെ മുന്നൂർ എന്ന സ്ഥലത്താണ്. ജില്ലയുടെ 2 അറ്റങ്ങളിലാണെങ്കിലും ഈ സ്ഥലങ്ങൾ തമ്മിൽ ഏറെ സമാനതകളുണ്ട്.
ചാത്തമംഗലം പഞ്ചായത്തിൽ നിപ്പയുണ്ടായ പാഴൂരിന് മൂന്നു കിലോമീറ്റർ ചുറ്റളവിലാണ് ആടുകളുൾപ്പെടെ വളർത്തുമൃഗങ്ങളുടെ രക്തസാമ്പിൾ ഇന്നലെ മുതൽ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചത്. സംസ്ഥാന മൃഗസംരക്ഷണ ജോയിന്റ് ഡയറക്ടർ ഡോ.മിനി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച മുതൽ ഇവിടെ വവ്വാലുകളുടേയും മൃഗങ്ങളുടേയും സാമ്പിൾ ശേഖരിക്കും.
ചാത്തമംഗലത്ത് നിപ രോഗം ബാധിച്ച് 12 വയസ്സുകാരൻ മരിച്ച സംഭവത്തിൽ കുട്ടി കഴിച്ച റംമ്പൂട്ടാൻ തന്നെയാവും കാരണമെന്ന നിഗമനത്തിലേക്ക് എത്തുകയാണ് ആരോഗ്യ വകുപ്പ്. കുട്ടി റംമ്പൂട്ടാൻ കഴിച്ചിരുന്നു. ബന്ധു വീട്ടിൽ നിന്നാണ് കുട്ടി റംബുട്ടാൻ കഴിച്ചത്, മാത്രമല്ല കുട്ടിയുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെ ഫലം നെഗറ്റീവ് കൂടി ആയതോടെയാണ് റംമ്പൂട്ടാൻ തന്നെയാവും രോഗ കാരണമെന്ന നിഗമനത്തിലേക്ക് ബന്ധപ്പെട്ടവർ എത്തുന്നത്.
അടിയന്തര പ്രാധാന്യത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ ലാബ് സജ്ജമാക്കിയതും രോഗ നിര്‍ണയം എളുപ്പമാക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും കഴിയുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നിപ ആദ്യം വന്ന അവസ്ഥയില്‍ നിന്നും നമ്മള്‍ ഏറെ മാറിയതും ക്വാറന്റീൻ, സാമൂഹിക അകലം, മാസ്‌ക് പോലുള്ള കാര്യങ്ങളില്‍ ജനങ്ങള്‍ അവബോധം നേടിയതും പ്രതിരോധ പ്രവര്‍ത്തനങ്ങളെ എളുപ്പമാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
എട്ടു പേരുടെ ഫലം നെഗറ്റീവ് ആയത് താല്‍ക്കാലികമായി ആശ്വാസം തരുന്നുണ്ടെങ്കിലും രോഗ ഉറവിടം പൂര്‍ണമായും കണ്ടെത്തുന്നത് വരെ അതി ജാഗ്രതയുണ്ടാവണമെന്ന് മന്ത്രി അറിയിച്ചു. നിപ വൈറസ് പരിശോധനയ്ക്കാവശ്യമായ ലാബും അനുബന്ധ സംവിധാനവും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി.ആര്‍.ഡി. ലാബിലാണ് സജ്ജമാക്കിയത്.
എന്‍.ഐ.വി. പുണെ, എന്‍.ഐ.വി. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയുടെ സംയുക്ത പരിശ്രമം കൊണ്ടാണ് ഇത്ര വേഗം നിപ വൈറസ് ലാബ് സജ്ജമാക്കിയത്. ഈ മൂന്ന് സ്ഥാപനങ്ങളുടേയും ജീവനക്കാര്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. നിപ വൈറസ് പരിശോധനയ്ക്കുള്ള അര്‍.ടി.പി.സി.ആര്‍, പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റിംഗ് പരിശോധനകളാണ് ലാബില്‍ നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.