കുവൈത്ത് സിറ്റി : സെപ്തംബർ 12, കുവൈത്തിലെ ഇന്ത്യൻ പ്രവാസി ചരിത്രത്തിൽ പുതിയ അദ്ധ്യായം എഴുതി ചേർത്ത് കൊണ്ട് ഈ വർഷത്തെ നീറ്റ് പരീക്ഷക്ക് സമാപനമായി.കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ വെച്ച് നടന്ന പരീക്ഷ കുവൈത്ത് സമയം കാലത്ത് 11.30 മുതൽ ഉച്ചക്ക് 2.30 വരെ നീണ്ടു നിന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 300 ഓളം വിദ്യാർഥികളാണ് പരീക്ഷയിൽ പങ്കെടുത്തത്. നീറ്റ് ന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിച്ചു കൊണ്ടായിരുന്നു പരീക്ഷ
ഇന്ത്യക്ക് പുറത്ത് ആദ്യമായി നീറ്റു പരീക്ഷ കേന്ദ്രം | 300 ഓളം വിദ്യാർഥികളാണ് പരീക്ഷയിൽ പങ്കെടുത്തു | സെപ്തംബർ 12, കുവൈത്തിലെ ഇന്ത്യൻ പ്രവാസി ചരിത്രത്തിൽ പുതിയ അദ്ധ്യായം
തിങ്കളാഴ്ച, സെപ്റ്റംബർ 13, 2021
ഒട്ടേറെ സവിശേഷതകൾ നിറഞ്ഞതായിരുന്നു കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ വെച്ച് ഇന്ന് നടന്ന നീറ്റ് പരീക്ഷ. ഇന്ത്യക്ക് പുറത്ത് ആദ്യമായാണ് നീറ്റു പരീക്ഷ കേന്ദ്രം അനുവദിക്കപ്പെടുന്നത് എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. കുവൈത്തിനേക്കാൾ അനേകമധികം ഇന്ത്യൻ പ്രവാസികളുടെ സാന്നിധ്യമുള്ള മറ്റു ഗൾഫ് രാഷ്ട്രങ്ങൾക്ക് പോലും ലഭിക്കാത്ത അവസരം ആദ്യമായി കുവൈത്തിനെ തേടിയെത്തിയതും ശ്രദ്ദേയമാണു.
കോവിഡ് പശ്ചാത്തലത്തിൽ കുവൈത്ത് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ കാരണം നാട്ടിലേക്ക് പോകാൻ കഴിയാത്ത ഒട്ടേറെ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അപ്രതീക്ഷിതമായി ലഭിച്ച അനുഗ്രഹം കൂടിയായിരുന്നു ഇത്. പരീക്ഷാ നടത്തിപ്പിനായി ഇന്ത്യൻ എംബസിയിൽ വിപുലമായ ഒരുക്കങ്ങളാണു സജ്ജീകരിച്ചത്. നിരവധി രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിന്റെ പ്രധാന കവാടം വരെയായിരുന്നു രക്ഷിതാക്കൾക്ക് പ്രവേശനം അനുവദിച്ചത്. പ്രവേശന കവാടത്ത് നിന്ന് ഇന്ത്യൻ എംബസിയിലേക്ക് പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തിയാണു വിദ്യാർത്ഥികളെ പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചത്.
പരീക്ഷയോട് അനുബന്ധിച്ച് കഴിഞ്ഞ വ്യാഴാഴ്ചയും ഇന്നും എംബസി അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.ഇന്ത്യക്ക് പുറത്ത് ആദ്യമായി അനുവദിക്കപ്പെട്ട പരീക്ഷാ കേന്ദ്രത്തിന്റെ വേദിയായി കുവൈത്തിനെ തിരഞ്ഞെടുക്കുന്നതിനു അക്ഷീണം പ്രയത്നിക്കുകയും തന്റെ ബന്ധങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്ത സ്ഥാനപതി സിബി ജോർജ്ജിനു ഏറെ അഭിമാനം പകരുന്നത് കൂടിയാണു ഈ ചരിത്ര നേട്ടം.
രാജ്യത്തിനു പുറത്തുള്ള ആദ്യ നീറ്റ് പരീക്ഷാ കേന്ദ്രമായി കുവൈത്തിനെ തിരഞ്ഞെടുത്തതിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, നീറ്റ് അധികൃതർ എന്നിവർക്ക് കുവൈത്തിലെ മുഴുവൻ പ്രവാസികൾക്ക് വേണ്ടി , നന്ദി അറിയിക്കുന്നതായി സ്ഥാനപതി വ്യക്തമാക്കി.കൂടാതെ പരീക്ഷാ വിജയകരമായി നടത്താൻ സഹായിച്ച കുവൈത്തിലെ മുഴുവൻ വിദ്യാലയങ്ങൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബന്ധപ്പെട്ടു പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ഇന്ത്യൻ എംബസി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.