കേരളത്തിൽ ആദ്യമായി സിക വൈറസ് രോഗബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് പതിനാല് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് പതിനാല് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് പതിനാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.
കൊവിഡിനിടെ കേരളത്തിൽ സിക വൈറസ് സാന്നിധ്യവും സ്ഥിരീകരിച്ചതോടെ ആശങ്ക വർധിക്കുകയാണ്. മരണ സാധ്യത വളരെ കുറവാണെങ്കിലും ഗർഭിണികൾ ആണ് സികയെ കൂടുതൽ ശ്രദ്ധിക്കേണ്ടത്. കൊവിഡ് മഹാമാരി കൊണ്ട് വലഞ്ഞിരിക്കുന്ന ഈ വേളയിൽ മറ്റൊരു വൈറസ് കൂടി വില്ലനായി വന്നോ എന്ന ആശങ്ക പലരിലും ഉണ്ടായേക്കാം.
എന്താണ് സിക വൈറസ്
ഫ്ളാവിവിറിഡേ എന്ന വൈറസ് കുടുംബത്തിലെ ഫ്ളാവിവൈറസ് ജനുസിലെ ഒരു അംഗമാണ് സിക വൈറസ്. പകല്‍ പറക്കുന്ന ഈഡിസ് ഇനത്തില്‍പ്പെട്ട കൊതുകുകളാണ് ഈ വൈറസ് പകരാന്‍ ഇടയാക്കുന്നത്. സിക വൈറസിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രസക്തമായ വസ്തുതകൾ ചുരുക്കത്തിൽ.
പ്രധാനമായും ഈഡിസ് കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണിത്.
പൊതുവെ അതിരാവിലെയും വൈകുന്നേരവും കടിക്കുന്ന കൊതുകുകൾ ആണിവ.
രോഗബാധിതരായ ഗർഭിണിയിൽ നിന്നും കുഞ്ഞിലേക്കും, രക്തദാനത്തിലൂടെയും ലൈംഗീക ബന്ധത്തിലൂടെയും അവയവ മാറ്റത്തിലൂടെയും ഈ അസുഖം പകരാവുന്നതാണ്.
രോഗാണുക്കൾ ശരീരത്തിലെത്തിയാൽ മൂന്ന് ദിവസം ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം, അത് ഒരാഴ്ച വരെയോ ഏറിയാൽ 12 ദിവസം വരെയോ നീണ്ടു നിൽക്കാം.
പലരിലും ലക്ഷങ്ങൾ പോലും കാണിക്കാതെയും ഈ അസുഖം വരാവുന്നതാണ്.
ആശുപത്രിയിൽ കിടത്തിയുള്ള ചികിത്സാ വേണ്ടി വരില്ല. കാരണം മരണ സാധ്യത തീരെയില്ല.