ഓൺലൈൻ ഭക്ഷണ വിതരണ രംഗത്ത് അതികായന്മാരാണ് ഊബർ ഈറ്റ്സ്. ഇന്നലെ കമ്പനിയിൽ ഒരു സംഭവം നടന്നു. ഊബർ ഈറ്റ്സിന്റെ സിഇഒയായ ദറ ഖൊസ്രോഷഹി വേഷം മാറി ഡെലിവറി ബോയ് ആയി ഭക്ഷണം വിതരണം ചെയ്തു.
അദ്ദേഹം തന്റെ ട്വിറ്റർ ഹാന്റിൽ വഴിയാണ് ഇക്കാര്യം അറിയിച്ചത്. കുറച്ച് മണിക്കൂറുകൾ ഡെലിവറിക്കായി ചെലവഴിച്ചെന്ന് പറയുന്ന ട്വീറ്റിൽ സാൻഫ്രാൻസിസ്കോ നഗരം മനോഹരമാണെന്ന് കുറിച്ചിട്ടുണ്ട്. ഭക്ഷണശാലകളിലെ തൊഴിലാളികൾ നല്ല രീതിയിൽ പെരുമാറി. ഭയങ്കര തിരക്കായിരുന്നുവെന്നും തന്റെ വേഷം മാറലിനെ കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്.
ഫുഡ് ഡെലിവറിക്കിടെ പകർത്തിയ ചിത്രവും ട്വീറ്റിൽ ഉണ്ട്. ഒപ്പം 98.91 ഡോളർ വരുമാനം നേടിയതായി സൂചിപ്പിക്കുന്ന സ്ക്രീൻഷോട്ടും പങ്കുവെച്ചിട്ടുണ്ട്. പത്ത് ഓർഡറുകളാണ് ഇദ്ദേഹം എടുത്തത്. ഇതിൽ ആറ് ഡോളർ മുതൽ 23 ഡോളർ വരെ ഇദ്ദേഹത്തിന് പ്രതിഫലം ലഭിച്ചിരുന്നു.