പുറപ്പെടല്‍

 

വിമാനത്തിന്റെ ജനാലയില്‍ കൂടി അജിത് താഴേക്ക് നോക്കി. കടല്‍ കുറച്ച് അടുത്തായി തോന്നി. നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനം ലാന്‍ഡ് ചെയ്യും. അറബി നാട്ടിലെ പ്രവാസത്തിന് ശേഷം ഏതാനും നിമിഷങ്ങള്‍ക്കകം താന്‍ സ്വന്തം മണ്ണില്‍ കാല്‍ കുത്തും, 2 വര്‍ഷങ്ങള്‍ക്ക് ശേഷം. അമ്മയും അച്ഛനും എയര്‍ പോര്‍ട്ടില്‍ കാത്തു നില്‍പ്പുണ്ടാകും.

രണ്ട് വര്‍ഷം പെട്ടെന്നാണോ പോയത്…? അവന്‍ ആലോചിച്ചു. അല്ല കഷ്ടപാടുകള്‍ക്ക് ഇടയില്‍ സമയം പെട്ടെന്നാണോ പതിയെ ആണോ പോകുന്നത് എന്ന് ശ്രദ്ധിച്ചില്ല. അതാണ് സത്യം. വെറുതെ ഇരിക്കുമ്പോള്‍ ആണല്ലോ സമയം പോകുന്നില്ല എന്ന തോന്നല്‍ ഉണ്ടാകുന്നത്. അവിടുത്തെ ജീവിതത്തില്‍ എപ്പോഴും ആലോചിച്ചിരുന്നത് അച്ഛനെ കുറിച്ചായിരുന്നു. യാതൊരു സൗകര്യങ്ങളും ഇല്ലാതിരുന്ന അന്നത്തെ കാലത്ത് കൈക്കുഞ്ഞായ അവനെയും അമ്മയെയും ഒറ്റക്ക് ആക്കിയിട്ട് അവര്‍ക്ക് വേണ്ടി മറുനാട്ടില്‍ പോയ അച്ഛനെ കുറിച്ച്. പിന്നീട് അച്ഛന്‍, അജിത്തിന് ഒരു അതിഥി ആയി മാറി. അവന് 7 വയസുള്ളപ്പോള്‍ ആണ് അച്ഛന്‍ വന്നിട്ട് പോകുന്നതിനെ കുറിച്ച് ഒരു ഓര്‍മ വന്ന് തുടങ്ങിയത്. അവന്‍ ഓരോ കാര്യങ്ങള്‍ ഓര്‍ത്തു….

നാളെ അച്ഛന്‍ പോകുന്നു. ബന്ധുക്കള്‍, അയല്‍ക്കാര്‍ എല്ലാവരും വരുന്നു. അമ്മയും മറ്റുള്ള ബന്ധുക്കള്‍ ഒക്കെ വറുത്ത തേങ്ങാ ഉരലില്‍ ഇടിച്ചു ചമ്മന്തി ഉണ്ടാക്കുന്നു. മറ്റൊരു വശത്ത് അച്ചാറുകള്‍, കായ വറുത്തത്. അങ്ങനെ ഏതോ സദ്യ നടക്കുന്ന പോലെയുള്ള ഒരുക്കങ്ങള്‍. നാട്ടിലെ ചിലര്‍ കത്തുകള്‍ കൊണ്ട് വന്നു, കൂടെ പല പൊതിയും.

‘ വെയിറ്റ് കൂടിയാല്‍ ഇതൊന്നും അവിടെ എത്തില്ല കേട്ടോ.?’

അച്ഛന്‍ അവരോട് പറയുന്നതും കേട്ടു.

പിറ്റേന്ന്, അതി കാലത്ത് തന്നെ എയര്‍പോര്‍ട്ടില്‍ എത്തി. അച്ഛന്‍ എല്ലാവരോടും ആയി യാത്ര പറയുന്നു. അച്ഛന്‍ എന്നെ കെട്ടിപ്പിടിച്ചു, ഉമ്മകള്‍ തന്നു. അച്ഛന്റെ ചുണ്ടുകള്‍ വിറക്കുന്നുണ്ടായിരുന്നു. ‘അമ്മ കരയാതെ നിന്നു. എന്നാല്‍ അമ്മ കരയുന്ന പോലെ എനിക്ക് തോന്നി. ‘പുറപ്പെടല്‍’ എന്ന് വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്നതിന് ഉള്ളിലേക്ക് അച്ഛന്‍ കയറി പോയി. പിന്നെയും പിന്നെയും തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. മാമന്‍ അകത്ത് കയറാനുള്ള പാസുമായി വന്നു. അന്ന് അകത്ത് കയറി ആളുകള്‍ വിമാനത്തിന് ഉള്ളിലേക്ക് കയറി പോകുന്നത് കാണാന്‍ ഒക്കെ കഴിയുമായിരുന്നു. അച്ഛന്‍ പോകുന്ന വിമാനം കണ്ടു. എന്തൊരു വലിപ്പം…?? ആകാശത്തു കൂടി പോകുമ്പോള്‍ ഒരു ചെറിയ സാധനം. അത് ഇത്രയും വലുതായിരുന്നോ…???? അതോ ചെറുത് വേറെ ഉണ്ടോ..??അങ്ങനെ പലതരം സംശയങ്ങളുമായി ഞാന്‍ നിന്നു. ആളുകള്‍ വിമാനത്തിന് ഉള്ളിലേക്ക് കയറുന്നത് കണ്ടു. പടികള്‍ കയറുമ്പോള്‍ തിരിഞ്ഞു നിന്ന്, തങ്ങളുടെ ഉറ്റവര്‍ കാണുന്നുണ്ടാകും എന്ന പ്രതീക്ഷയില്‍ അവര്‍ കൈവീശി കാണിക്കുന്നു. അച്ഛന്‍ ആണോ അത്, അച്ഛന്‍ ആണോ അത് എന്ന് അമ്മയും ഞാനും സംശയിച്ചു നിന്നു. ഒടുവില്‍ അച്ഛനെ കണ്ടു. കൈവീശി കാണിക്കുന്നുണ്ടായിരുന്നു. അച്ഛന്‍ ഞങ്ങളെ കാണുന്നുണ്ടോ…??? ‘അമ്മ കണ്ണ് തുടച്ചു. കുറച്ച് സമയത്തിന് ശേഷം വിമാനം പറന്നുയര്‍ന്നു. കൗതുകത്തോടെ ഞാന്‍ അത് നോക്കി നിന്നു.

രണ്ട് വര്‍ഷം കഴിയണം ഇനി അച്ഛനെ കാണണം എങ്കില്‍. അതിനിടയില്‍ വല്ലപ്പോഴും ഉള്ള കത്തുകള്‍ മാത്രം ആണ് ആശ്വാസമായി ഉള്ളത്.

അച്ഛന്‍ രണ്ടോ മൂന്നോ തവണ പോയി വന്നു. അപ്പോഴേക്കും അടുത്ത വീട്ടില്‍ ഫോണ്‍ കിട്ടി. പിന്നെ ആഴ്ചയില്‍ ഒരിക്കല്‍ അച്ഛന്റെ ശബ്ദം കേള്‍ക്കാം. അച്ഛന് അവധി ഉള്ള ദിവസം വിളിക്കും. ഞാനും അമ്മയും ചെന്ന് കാത്തിരിക്കും. അമ്മയുടെ പരിഭവം പറച്ചിലും ചിരിയും നാണവും. അന്നത്തെ ദിവസം അമ്മക്ക് സന്തോഷമുള്ളതാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വീട്ടിലും ഫോണ്‍ കിട്ടി. കത്തുകള്‍ കുറഞ്ഞു. സ്മാര്‍ട് ഫോണ്‍ കാലം ഒക്കെ ആയപ്പോഴേക്കും പ്രവാസം മതിയാക്കി അച്ഛന്‍ നാട്ടില്‍ വന്നു. അപ്പോഴേക്കും എനിക്ക് ഗള്‍ഫില്‍ പോകാനുള്ള വിളി വന്നു. പുതിയ വിമാനത്താവളത്തില്‍ പുതിയ വേഷത്തില്‍ ഞാന്‍ ചെന്നു. അച്ഛന് പകരം ഞാന്‍. എനിക്ക് പകരം അച്ഛനും. ‘അമ്മ അതേ പോലെ. കണ്ണ് നിറഞ്ഞു യാത്രയാക്കാന്‍ വിധിക്കപ്പെട്ടവരാണോ അവര്‍ എന്ന് തോന്നി. സാഹചര്യം മുഴുവന്‍ മാറിയിരിക്കുന്നു. വിരല്‍ തുമ്പില്‍ എല്ലാം അറിയാം. നാട്ടിലെയും വീട്ടിലെയും വിശേഷങ്ങള്‍ കണ്ടു തന്നെ അറിയാം. അപ്പോഴും എന്റെ ചിന്ത അച്ഛന്‍ വിമാനം കയറിയ ആ നാളുകളെ കുറിച്ചായിരുന്നു. പരസ്പരം കാണാതെ, മിണ്ടാതെ എത്രയോ നാളുകള്‍. അതിനിടയില്‍ എത്രയോ മരണം, ജനനം, വിവാഹം, ഓണം, ഉത്സവം, മറ്റ് ആഘോഷങ്ങള്‍ ഇതൊക്കെ സ്വപ്നത്തില്‍ എന്ന പോലെ കണ്ട് ആസ്വദിക്കുമായിരുക്കും.

വിമാനം ഭൂമിയെ തൊട്ടു. അജിത് തന്റെ ഓര്‍മ പുസ്തകം അടച്ചു. ഏതോ ഒരു സുഖാനുഭൂതി അവന്റെ ഉള്ളില്‍ ഉണ്ടായി. പരിശോധനകള്‍ കഴിഞ്ഞു അവന്‍ ‘ആഗമനം’ എന്ന ബോര്‍ഡ് തൂക്കിയ ആ വലിയ ഹാളില്‍ നിന്നും പുറത്തേക്ക് വന്നു. അച്ഛന്‍ കൈവീശി കാണിച്ചു. ആളുകള്‍ക്ക് ഇടയിലൂടെ അമ്മയും അവനെ കണ്ടു.

‘ അമ്മേ അച്ഛന്‍ ദാ വരുന്നമ്മേ…’ കാത്തു നിന്നു മുഷിയുമ്പോള്‍ താഴെ ഇരിക്കുന്ന അമ്മയോട് അച്ഛന്‍ വരുന്നത് കണ്ട ആവേശത്തില്‍ വിളിച്ചു കൂവുന്ന ഒരു കൊച്ചു ചെറുക്കനെ അവന്‍ കണ്ടു. പണ്ട് അച്ഛനെ കാണുമ്പോള്‍ വിളിച്ചു കൂവുന്ന താന്‍ തന്നെയല്ലേ അത് …??

‘മകനെ കണ്ടതും ‘അമ്മ വന്നു കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു. അവരുടെ കണ്ണുകള്‍ കുറച്ച് കൂടുതല്‍ നിറഞ്ഞു. അടിവയറ്റില്‍ നിന്നും സുഖമുള്ള ഒരു എരിവ് കണ്ണില്‍ തട്ടി കാണും. അമ്മയും അച്ഛനും എന്തൊക്കെയോ ചോദിക്കുന്നു. അവനും എന്തൊക്കെയോ പറയുന്നു എങ്കിലും അവന്റെ കണ്ണും മനസും പോയത് തൊട്ട് അപ്പുറത്തുള്ള പുറപ്പെടല്‍ എന്ന ഭാഗത്തേക്ക് ആയിരുന്നു. പ്രിയപ്പെട്ടവരെ യാത്രയാക്കുന്നവര്‍. സങ്കടം കടിച്ചമര്‍ത്തുന്നവര്‍, അതിന് കഴിയാതെ കരയുന്നവര്‍. തന്നെയും കൂടെ കൊണ്ട് പോകണം എന്ന് വാശിപിടിച്ചു കരയുന്ന കുഞ്ഞുങ്ങള്‍. വേര്‍പാടിന്റെ കാഴ്ചകള്‍. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ അമ്മയോടൊപ്പം ഒരു പെണ്‍കുട്ടി കൂടി അത് പോലെ കണ്ണ് നിറഞ്ഞു നില്‍ക്കും എന്ന് ഓര്‍ത്തപ്പോള്‍ സുഖമുള്ള ഒരു നോവ് അവന് അനുഭവപ്പെട്ടു. കാര്‍ വന്നു നിന്നു. സാധനങ്ങള്‍ ഒക്കെ കയറ്റിവീട്ടിലേക്ക് തിരിച്ചു. എയര്‍പോര്‍ട്ടില്‍ നിന്നും കാര്‍ മുന്നോട്ട് നീങ്ങി. ‘പുറപ്പെടല്‍’ എന്ന വലിയ അക്ഷരങ്ങള്‍ അവന്‍ കണ്ടു. വീണ്ടും അവിടേക്ക് വരും, മറ്റൊരു പുറപ്പെടലിനായി….

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...