കായിക മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിൽ നിയന്ത്രണങ്ങളില്ലാതെ കാണികളെ പ്രവേശിപ്പിക്കാനൊരുങ്ങി ബ്രിട്ടൺ. ഈ മാസം 19 മുതൽ സ്റ്റേഡിയങ്ങളിൽ പൂർണമായും ആളെ പ്രവേശിപ്പിക്കുമെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കാനാണ് തീരുമാനം. ഇതോടെ ഓഗസ്റ്റ് 4ന് ആരംഭിക്കുന്ന ഇന്ത്യൻ പര്യടനം, 13 ന് ആരംഭിക്കുന്ന പ്രീമിയർ ലീഗ് എന്നീ മത്സരങ്ങൾക്കെല്ലാം സ്റ്റേഡിയങ്ങൾ നിറയും.
“നാലാം ഘട്ടം മുതൽ പുറത്തും അകത്തും കൂടിച്ചേരാവുന്ന ആളുകളുടെ എണ്ണത്തിലുള്ള എല്ലാ നിബന്ധനകളും ഒഴിവാക്കും. വ്യവസായങ്ങൾക്ക് തുറന്നുപ്രവർത്തിക്കാം. നൈറ്റ് ക്ലബുകൾക്കും തുറക്കാം. തീയറ്ററുകളിലും കായിക മത്സരങ്ങളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിലുള്ള നിബന്ധനകളും ഒഴിവാക്കും.”- ബോറിസ് ജോൺസൺ പറഞ്ഞു.
നിലവിൽ സ്റ്റേഡിയങ്ങളിൽ ഭാഗികമായി കാണികളെ പ്രവേശിപ്പിക്കുന്നുണ്ട്. യൂറോ കപ്പ്, വിംബിൾഡൺ മത്സരങ്ങളിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പിലുമൊക്കെ സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിച്ചിരുന്നു. കൗണ്ടി മത്സരങ്ങൾക്കിടെ 80 ശതമാനം കാണികൾക്ക് പ്രവേശനം നൽകിയിരുന്നു.