ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈയ്ന്‍ പട്ടികയില്‍ നിന്നും 34 രാജ്യങ്ങളെ നീക്കം ചെയ്തു.എന്നാല്‍ ഇന്ത്യയെ ഒഴിവാക്കാത്തത് ആയിരക്കണക്കിന് പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. ഇന്ത്യയില്‍ രോഗബാധയുടെ കാഠിന്യം കുറഞ്ഞതും സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണില്‍ നിന്നൊഴിവായതുമൊന്നും പരിഗണിക്കാന്‍ ഇനിയും അയര്‍ലണ്ട് തയ്യാറായിട്ടില്ല. ഡിസിസി പ്രാബല്യത്തില്‍ വരുന്നത് കൂടി കണക്കിലെടുത്ത് ഇന്ത്യയെക്കൂടി റെഡ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യമാണ് വിവിധ കോണുകളില്‍ നിന്നുമുയരുന്നത്.
അഫ്ഗാനിസ്ഥാന്‍, അംഗോള, ബഹ്‌റിന്‍, ബുറുണ്ടി, കേപ് വെര്‍ഡെ, കോസ്റ്റാറിക്ക, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഇക്വഡോര്‍, ഈജിപ്ത്, എറിത്രിയ, എത്യോപ്യ, ഫ്രഞ്ച് ഗയാന, ഗയാന, ഹെയ്തി, കെനിയ, കിര്‍ഗിസ്ഥാന്‍, ലെസോതോ, മലാവി, മാലദ്വീപ്, മംഗോളിയ, നേപ്പാള്‍, ഒമാന്‍ , പനാമ, ഫിലിപ്പൈന്‍സ്, ഖത്തര്‍, റുവാണ്ട, സോമാലിയ, ശ്രീലങ്ക, സുഡാന്‍, ടാന്‍സാനിയ, തുര്‍ക്കി, യുഎഇ വെനിസ്വേല, സാംബിയ എന്നിവയാണ് അയര്‍ലണ്ടിന്റെ ചുവപ്പന്‍ പട്ടികയില്‍ നിന്നും പുറത്തായത്.
ലിസ്റ്റില്‍ ശേഷിക്കുന്നത് 29 രാജ്യങ്ങള്‍
ഇനി 29 രാജ്യങ്ങളാണ് ലിസ്റ്റില്‍ അവശേഷിക്കുന്നത്.ഇവിടെ നിന്നുമെത്തുന്നവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈയ്ന്‍ ബാധകമാണ്.പത്താം ദിവസം പിസിആര്‍ പരിശോധനയില്‍ നെഗറ്റീവായാല്‍ 11 ദിവസത്തിന് ശേഷം ഹോട്ടല്‍ ക്വാറന്റൈയ്ന്‍ ഒഴിവാക്കാം.ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ 14 ദിവസത്തേയ്ക്കോ കോവിഡ് നെഗറ്റീവാകുന്നതുവരെയോ ഹോം ക്വാറന്റൈയ്നില്‍ കഴിയണമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണെല്ലി നിര്‍ദ്ദേശിച്ചു. ജൂലൈ 20 മുതല്‍ പുതിയതായി ക്യൂബയെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
ബ്രിട്ടനില്‍ നിന്നും അയര്‍ലണ്ടിലെത്തുന്ന പൂര്‍ണ്ണമായും വാക്സിനെടുത്ത യാത്രക്കാര്‍ക്ക് ഇവിടെ സ്വയം ഒറ്റപ്പെടേണ്ട ആവശ്യമില്ലെന്ന് ലണ്ടനിലെ ഐറിഷ് എംബസി ട്വിറ്ററില്‍ അറിയിച്ചു. എന്നിരുന്നാലും എല്ലാ യാത്രക്കാരും ഓണ്‍ലൈന്‍ പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫോം പൂരിപ്പിച്ചു നല്‍കണമെന്നും എംബസി അഭ്യര്‍ഥിച്ചു.