ഗ്രൂപ്പ് വിഡിയോ കോളുകളിൽ നിയന്ത്രണവുമായി ഗൂഗിൾ മീറ്റ്. പരിധികളില്ലാത്ത ഗ്രൂപ്പ് വിഡിയോ കോൾ സേവനം ഗൂഗിൾ മീറ്റ് അവസാനിപ്പിച്ചു. ഇനി ഒരു മണിക്കൂർ നേരം മാത്രമേ ഗ്രൂപ്പ് വിഡിയോ കോളുകൾ നീണ്ടുനിൽക്കൂ. 55 മിനിട്ട് കഴിയുമ്പോൾ തന്നെ കോൾ ഉടൻ അവസാനിക്കുമെന്ന അറിയിപ്പ് ലഭിക്കും. കോൾ നീട്ടണമെങ്കിൽ ഗൂഗിൾ അക്കൗണ്ട് പണം നൽകി അപ്ഗ്രേഡ് ചെയ്യണം. അപ്ഗ്രേഡ് ചെയ്തില്ലെങ്കിൽ 60 മിനിട്ട് ആകുമ്പോഴേക്കും കോൾ അവസാനിക്കും.
അതേസമയം, വ്യക്തിഗത കോളുകളിൽ ഈ നിബന്ധനയില്ല. 24 മണിക്കൂർ വരെ പരിധികളില്ലാതെ വിഡിയോ കോൾ ചെയ്യാം. മൂന്നിൽ താഴെ അംഗങ്ങളുള്ള ഗ്രൂപ്പ് കോളുകൾക്കും നിബന്ധനകൾ ബാധകമല്ല.
നേരത്തെ, ഈ വർഷം മാർച്ച് 31 വരെ കോളുകൾ അനുവദിക്കുമെന്നായിരുന്നു ഗൂഗിൾ അറിയിച്ചിരുന്നത്. പിന്നീട് കൊവിഡ് സാഹചര്യം പരിഗണിച്ച് ജൂലൈ വരെ നീട്ടുകയായിരുന്നു.