ദേഷ്യം ഒരു സ്വാഭാവിക വികാരമാണ്. വ്യക്തി ബന്ധങ്ങളെ തകർക്കാനും വ്യക്തിത്വത്തെ വികലമാക്കാനും വീര്യമേറിയ ഒരു വിഷമാണിതെന്ന് തുടക്കത്തിലേ തിരിച്ചറിയുക. പലപ്പോഴും ദേഷ്യത്തിന്റെ അന്തിമ ഫലം കുറ്റബോധമാണ്.
തൊഴിലിടങ്ങളിൽ ദേഷ്യം കാണിക്കുകയും ദേഷ്യത്തോടെ പെരുമാറുകയും ചെയ്യുന്നതിനെ കുറിച്ച് പരിശോധിക്കാം. എന്താണ് അതിന്റെ ഭവിഷത്തുക്കൾ എന്നും അറിയാം.
പേടിയുടെ സംസ്കാരത്തെ ജനിപ്പിക്കുന്നു
അമിതമായ ദേഷ്യവും തന്മൂലം ഉള്ള പ്രവർത്തികളും നിങ്ങളുടെ ചുറ്റുപ്പാടുകളിൽ ഭീതിയുളവാക്കുകയാണ് ചെയ്യുന്നത്. ഒരു ടീം ലീഡർ എന്ന നിലയിൽ നിങ്ങളുടെ കീഴിലുള്ള ജീവനക്കാർക്ക് ക്രിയാത്മകമായി പ്രവർത്തിക്കാൻ കഴിയുന്നത് തങ്ങളെ സംരക്ഷിക്കാനും വികാരങ്ങളെ മാനിക്കുവാനും കുറവുകളെ നികത്തുവാനും നിങ്ങൾ എപ്പോഴും കൂടെ ഉണ്ടാകും എന്ന വിശ്വാസമാണ്. അല്ലതെ ആക്രോശിക്കുകയും, അമിതമായി ദേഷ്യപ്പെടുകയും ചെയ്യുന്ന ഒരാളെ ആയിരിക്കില്ല അവർ പ്രതീക്ഷിക്കുന്നത്. ഇപ്രകാരം ഭയപ്പെടുത്തുന്ന സംസ്കാരത്തെ ഉണ്ടാക്കിയെടുത്താൽ നിങ്ങളുടെ കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാർ ആത്മാർത്ഥതയോടെ ജോലി ചെയ്യും എന്നുള്ളത് ഒരു തോന്നൽ മാത്രമാണ്.
ദേഷ്യം എന്നത് അപര്യാപ്തമായ നേതൃ പാടവം
നേതൃത്വത്തിന്റെ അപര്യാപ്തതയാണ് ദേഷ്യത്തിലൂടെ പുറത്ത് വരുന്നത്. നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കാനുള്ള കഴിവ്കേടിന്റെ പ്രതിഫലനമാണ് ഇതെന്ന് സാധാരണയായി പറയാം. സമചിത്തതയോടെ കാര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള മിടുക്കിനെയാണ് ഇ.ക്യൂ. അഥവാ ഇമോഷണൽ ക്വൊഷിയൻറ് എന്ന് പറയുന്നത്. ഉയർന്ന ഇ.ക്യൂ. ആണ് നേതൃ പാടവത്തിന്റെ ഏറ്റവും തിളക്കമാർന്ന വശം.
അപകടകാരിയെന്ന് മുദ്ര കുത്തപ്പെടും
ഇത്തരം അധികാരികളെ സഹിഷ്ണത ഇല്ലാത്തവരായി മറ്റുള്ളവർ പരിഗണിക്കുമെന്നതിൽ സംശയമില്ല. അത് കൊണ്ട് തന്നെ, അവർക്ക് തെറ്റുകൾ തിരുത്തുവാനോ പോഴായ്മകൾ ചൂണ്ടിക്കാണിക്കുവാനോ കഴിയാതെ വരുന്നു. ഇത്തരക്കാർ പലപ്പോഴും അബദ്ധങ്ങളിൽ ചെന്ന് ചാടാറുമുണ്ട്.
ഊർജ്ജം നഷ്ടപ്പെടുന്നു
ഊർജ്ജം ഏതൊരു നേതാവിനും ആവശ്യമുള്ളത് തന്നെയാണ്. ദേഷ്യം നിങ്ങളുടെ ശരീരത്തിൽ സ്റ്റോർ ചെയ്‌ത് വെച്ചിരിക്കുന്ന എനെർജിയെ ദേഷ്യം വരുത്താനുള്ള ഹോർമോണായും കെമിക്കലുകളായും ഉത്പാദിപ്പിക്കപ്പെടുന്നതിനായി ചിലവഴിക്കുകയും ചെയ്യുന്നതിനാൽ നിങ്ങളുടെ ഊർജ്ജവും പ്രസരിപ്പും നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.
ദേഷ്യം എന്ന മറ
നിങ്ങളുടെ ആന്തരിക സംഘർഷങ്ങളെയും പ്രശ്നങ്ങളെയും മറയ്ക്കാനുള്ള ഒരു മറയായി ചിലപ്പോൾ ദേഷ്യത്തെ ഉപയോഗപ്പെടുത്താറുണ്ട്.
ചുരുക്കി പറഞ്ഞാൽ ദേഷ്യം അല്ല പ്രശ്നം മറിച്ച് അതിനോടുള്ള പ്രതികരണമാണ്. നാം അതിനെ സ്വയം നിയന്ത്രിച്ച് സമചിത്തതയോടെ പ്രശ്നങ്ങളെ നേരിടുകയാണ് യഥാർത്ഥത്തിൽ വേണ്ടത്.
വിവരങ്ങൾക്ക് കടപ്പാട് : ഡോ. എൽസി ഉമ്മൻ, മാനസികാരോഗ്യ വിദഗ്ധ