സംസ്ഥാനത്തെ എല്ലാ ഗർഭിണികളും കൊവിഡ് വാക്സിൻ covid vaccine pregnant woman എടുക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കൊവിഡ് ബാധിച്ചാൽ ഏറ്റവുമധികം ഗുരുതരമാകാൻ സാധ്യതയുള്ളവരാണ് ഗർഭിണികളെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടി.
പലതരം പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഗർഭിണികൾക്ക് വാക്സിൻ നൽകാൻ തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ മുഴുവൻ ഗർഭിണികൾക്കും കൊവിഡ് വാക്സിൻ നൽകാൻ ‘മാതൃകവചം’ എന്ന പേരിൽ ആരോഗ്യ വകുപ്പ് കാമ്പയിൻ ആരംഭിച്ചത്. ജില്ലകളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 39,822 ഗർഭിണികളാണ് വാക്സിൻ എടുത്തതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. എല്ലാവരും സ്വന്തം സുരക്ഷയും കുഞ്ഞിന്റെ സുരക്ഷയും കണക്കിലെടുത്ത് വാക്സിൻ എടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
സർക്കാർ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഗൈനക്കോളജിസ്റ്റുകളുടെ യോഗം കൂടി ഗർഭിണകൾക്ക് അവബോധം നൽകാൻ തീരുമാനമെടുത്തിട്ടുണ്ട്. എല്ലാ ഡോക്ടർമാരും ഗൈനക്കോളജിസ്റ്റുമാരും ഇക്കാര്യത്തിൽ ഗർഭിണികൾക്ക് അവബോധം നൽകേണ്ടതാണ്. ഗർഭിണികളായതിനാൽ പലപ്പോഴും ചികിത്സയ്ക്കും പരിചരണത്തിനുമായി ആശുപത്രിയിൽ പോകേണ്ടി വരും. കൊവിഡ് വ്യാപനം കൂടി നിൽക്കുന്ന ഈ സമയത്ത് ആരിൽ നിന്നും ആർക്കും രോഗം വരാം. കൊവിഡിനെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗമാണ് വാക്സിൻ സ്വീകരിക്കുക എന്നുള്ളത്. വാക്സിൻ എടുത്ത് കഴിഞ്ഞ് പ്രതിരോധ ശേഷി വന്ന ശേഷം കൊവിഡ് ബാധിച്ചാലും ഗുരുതരമാകാനുള്ള സാധ്യത കുറവാണ്.