ടോക്യോ ഒളിമ്പിക്സിലെ ഏഴാം ദിനത്തിലും ചൈന തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നു. ടേബിൾ ടെന്നീസ്, ബാഡ്മിൻ്റൺ മിക്സഡ് ഡബിൾസ് എന്നീ ഇനങ്ങളിലും നീന്തലിലും സ്വർണവേട്ട തുടർന്ന ചൈന നാല് സ്വർണമാണ് ഇന്ന് കൂട്ടിച്ചേർത്തത്. ആകെ 19 സ്വർണവും 10 വെള്ളിയും 10 വെങ്കലവും സഹിതം 40 മെഡലുകളാണ് ചൈനയ്ക്ക് ഉള്ളത്. (tokyo olympics china top)
രണ്ടും മൂന്നും സ്ഥാനങ്ങളിൽ യഥാക്രമം ജപ്പാനും അമേരിക്കയും തുടരുകയാണ്. ജപ്പാന് ഇന്ന് രണ്ട് സ്വർണം ലഭിച്ചു. 17 സ്വർണവും 4 വെള്ളിയും 7 വെങ്കലവും അടക്കം 28 മെഡലുകൾ ആണ് ഇതുവരെ ആതിഥേയരുടെ സമ്പാദ്യം. അമേരിക്കയ്ക്ക് 14 സ്വർണമാണ് ഉള്ളത്. ഇന്ന് ഒരു സ്വർണം പോലും അമേരിക്കയ്ക്ക് നേടാനായില്ല. 14 സ്വർണവും 16 വെള്ളിയും 11 വെങ്കലവുമാണ് അമേരിക്കയ്ക്കുള്ളത്. 10 സ്വർണവുമായി റഷ്യൻ ഒളിമ്പിക് ടീം നാലാമതും 9 സ്വർണമുള്ള ഓസ്ട്രേലിയ അഞ്ചാമതാണ്. ഒരു വെള്ളി മാത്രമുള്ള ഇന്ത്യ 51ആം സ്ഥാനത്താണ്. ബോക്സിംഗിൽ ലോവ്‌ലിന ബോർഗൊഹൈൻ മെഡൽ ഉറപ്പിച്ചെങ്കിലും നിലവിൽ ഇന്ത്യക്ക് ഒരു വെള്ളി മെഡൽ മാത്രമേയുള്ളൂ. 3 സ്വർണമുള്ള കൊറിയയുടെ അമ്പെയ്ത്ത് താരം ആൻ സാൻ ആണ് വ്യക്തിഗത മികവിൽ മുന്നിൽ നിൽക്കുന്നത്. ഇതോടെ ഒരു ഒളിമ്പിക്സിൽ 3 സ്വർണ മെഡലുകൾ നേടുന്ന ആദ്യ അമ്പെയ്ത്ത് താരം എന്ന റെക്കോർഡും ആൻ സാൻ സ്വന്തമാക്കി.
അതേസമയം, ഒളിമ്പിക്സ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ എതിരാളി ഗ്രേറ്റ് ബ്രിട്ടൺ. പൂൾ എയിൽ ഇന്ത്യയെ കീഴടക്കിയ ഓസ്ട്രേലിയ നെതർലൻഡിനെ നേരിടുമ്പോൾ നിലവിലെ ചാമ്പ്യന്മാരായ അർജൻ്റീന ജർമ്മനിയെയും സ്പെയിൻ ബെൽജിയത്തെയും നേരിടും. എല്ലാ മത്സരങ്ങളും ഓഗസ്റ്റ് ഒന്നിനാണ് നടക്കുക.