പെഗാസസ് ഫോൺചോർത്തലിൽ പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് സ്തംഭിക്കും. മറ്റ് സഭാനടപടികൾ നിർത്തിവച്ച് വിഷയം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടാകും പ്രതിപക്ഷം പ്രതിഷേധിക്കുക.
ഫോൺ ചോർത്തൽ വിവാദം പാർലമെന്റ് സമ്മേളനം തടസപ്പെടുത്താനുള്ള ഗൂഢാലോചന ആണെന്നാണ് കേന്ദ്രസർക്കാർ നിലപാട്. പെഗാസസ് ഫോൺ ചോർത്തൽ വിവാദം വിദേശികളായ വിനാശകാരികൾ ഇന്ത്യയിലെ തടസാവാദികൾക്ക് വേണ്ടി ഉണ്ടാക്കിയതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ ഇന്നും പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിക്കുന്നവിധത്തിൽ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിക്കും. സഭനിർത്തിവച്ച് വിഷയം ചർച്ചചെയ്യണമെന്ന ആവശ്യമാകും പ്രതിപക്ഷം ഉയർത്തുക. ലോക്‌സഭയിൽ ഇന്നലെ ആരോപണം നിഷേധിച്ച് കേന്ദ്ര ഐ.ടി മന്ത്രി പ്രസ്തവന നടത്തിയിരുന്നു. ആരോപണത്തിൽ രാജ്യസഭയിലും ഐ.ടി മന്ത്രി പ്രസ്താവന നടത്തും. രണ്ട് സഭകളും ആദ്യ ദിനത്തിൽ പൂർണമായ് തടസ്സപ്പെട്ട സാഹചര്യത്തിൽ ഇന്നലത്തെ അതേ നിയമനിർമ്മാണ അജണ്ടയാണ് ഇന്ന് രണ്ട് സഭകളും പിന്തുടരുക.
Read Also: പെഗാസസ് ചാരവൃത്തി : ഫോൺ ചോർത്തപ്പെട്ടവരുടെ പട്ടിക പുറത്ത്; പട്ടികയിൽ രാഹുലും പ്രിയങ്കയും
ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ദി വയറാണ് ഇന്നലെ പുറത്തുവിട്ടത്. ഫോൺ ചോർത്തപ്പെട്ടവരിൽ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, ടിഎംസി നേതാവ് അഭിഷേക് ബാനർജി തുടങ്ങിയവർ ഉണ്ടെന്നാണ് വിവരം. രാഹുൽഗാന്ധി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകൾ ലക്ഷ്യംവച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ നടന്ന് വരുന്ന സമയത്ത്, 2018,19 കാലഘട്ടത്തിലാണ് രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തിയത്. രാഹുൽ ഗാന്ധി എഐസിസി അധ്യക്ഷനായിരുന്നു അന്ന്. ഈ സമയത്ത് തന്നെയാണ് പ്രിയങ്കാ ഗാന്ധിയുടെ ഫോണും ചോർത്തിയത്. ആ സമയത്ത് പ്രിയങ്കാ ഗാന്ധിക്ക് ഫോൺ ചോർത്തപ്പെട്ടുവെന്ന അലേർട്ട് മെസേജ് വന്നിരുന്നു. അന്നത് വിവാദമായിരുന്നു. രാഹുൽ ഗാന്ധിയുമായി വ്യക്തിപരമായി ബന്ധമുള്ള അഞ്ച് പേരുടെ ഫോണും ചോർത്തപ്പെട്ടിട്ടുണ്ട്.