ഹജ്ജ് കർമങ്ങൾ മൂന്നാം ദിവസത്തിലേക്ക് പ്രവേശിച്ചു. (hajj rituals enters third day) മിനായിലെ ജംറകളിൽ തീർഥാടകർ കല്ലേറ് കർമം ആരംഭിച്ചു. ഹജ്ജ് തീർഥാടകരെ സംബന്ധിച്ചിടത്തോളം ഏറ്റവും തിരക്കേറിയ ദിവസമാണ് ഇന്ന്.
ഇന്നലെ പകൽ മുഴുവൻ അറഫയിലും രാത്രി മുസ്ദലിഫയിലും ആരാധനാ കർമങ്ങളുമായി കഴിഞ്ഞ ഹജ്ജ് തീർഥാടകർ ഇന്ന് പുലർച്ചെ മിനായിൽ തിരിച്ചെത്തി. മിനായിലെ ജംറകളിൽ തീർഥാടകർ കല്ലേറ് കർമം ആരംഭിച്ചു. ഇന്നലെ മുസ്ദലിഫയിൽ നിന്നും ശേഖരിച്ച കല്ലുകൾ കൊണ്ട് മൂന്നു ജംറകളിൽ പ്രധാനപ്പെട്ട ജംറതുൽ അഖബയിലാണ് ഇന്ന് തീർഥാടകർ കല്ലെറിയുന്നത്. 20 വീതം തീർഥാടകരടങ്ങുന്ന സംഘങ്ങളായി ജമ്രാ പാലത്തിലെത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാന് കല്ലേറ് കർമം നിർവഹിക്കുന്നത്.
തീർഥാടകരെ സംബന്ധിച്ചിടത്തോളം ഏറ്റവും തിരക്കേറിയ ദിവസമാണ് ഇന്ന്. ജംറയിലെ കല്ലേറ് കർമത്തിന് പുറമെ മക്കയിൽ പോയി വിശുദ്ധ കഅബയെ വലയം ചെയ്യുക, ബലി നല്കുക, മുടിയെടുക്കുക തുടങ്ങിയ കർമങ്ങളെല്ലാം നിർവഹിക്കും. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക് എന്നു തുടങ്ങുന്ന മന്ത്രധ്വനികൾക്കു പകരം ഇന്ന് മുതൽ തീർഥാടകർ തക്ബീർ ധ്വനികൾ മുഴക്കി തുടങ്ങി. പുരുഷന്മാർ ഇഃറാമിന്റെ പ്രത്യേക വസ്ത്രം മാറ്റി ഇന്ന് സാധാരണ വസ്ത്രം ധരിക്കും. കർമങ്ങളെല്ലാം പൂർത്തിയാക്കി തീർഥാടകർ മിനായിലെ തംപുകളിൽ തന്നെ തിരിച്ചെത്തും. നാളെയും മറ്റന്നാളും മിനായിലെ തംപുകളിൽ താമസിച്ച് മൂന്നു ജംറകളിലും കല്ലേറ് കർമം നിർവഹിക്കും. വ്യാഴാഴ്ച വരെ ഹജ്ജ് കർമങ്ങൾ തുടരും.