യുഎഇയിൽ നടക്കുന്ന ഐപിഎൽ രണ്ടാം പാദത്തിൽ ഓസീസ് താരങ്ങൾ കളിച്ചേക്കുമെന്ന് സൂചന. കളിക്കില്ലെന്ന് സ്വയം അറിയിച്ച പാറ്റ് കമ്മിൻസ് ഒഴികെയുള്ള താരങ്ങളൊക്കെ ഐപിഎലിൽ കളിച്ചേക്കുമെന്നാണ് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തത്. രണ്ടാം പാദത്തിൽ കളിക്കുക താരങ്ങൾക്ക് എളുപ്പമാവില്ലെന്ന് ക്യാപ്റ്റൻ ആരോൺ ഫിഞ്ചിൻ്റെ പ്രസ്താവനയെ റദ്ദ് ചെയ്യുന്നതാണ് പുതിയ റിപ്പോർട്ട്.
20 ഓസ്ട്രേലിയൻ താരങ്ങളാണ് വിവിധ ടീമുകൾക്കായി ഐപിഎലിൽ കളിക്കുന്നത്. ഇതിൽ 9 പേരെ വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ് പരമ്പരകൾക്കുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ ഇവരിൽ പലരും ടീമിൽ നിന്ന് പിന്മാറി. പാറ്റ് കമ്മിൻസ്, ഡേവിഡ് വാർണർ, ഗ്ലെൻ മാക്സ്‌വൽ, കെയ്ൻ റിച്ചാർഡ്സൺ, ഡാനിയൽ സാംസ്, ഝൈ റിച്ചാർഡ്സൻ, മാർക്കസ് സ്റ്റോയിസ് എന്നിവരാണ് പിന്മാറിയത്. ഇവരിൽ പലരും ഐപിഎലിൽ എത്തിയേക്കും.
സെപ്തംബർ 18 മുതൽ ഒക്ടോബർ 10 വരെയാവും ബാക്കിയുള്ള ഐപിഎൽ മത്സരങ്ങൾ നടക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒക്ടോബർ 9നോ 10നോ ഫൈനൽ നടന്നേക്കും. 10 ഡബിൾ ഹെഡറുകളാണ് ഉണ്ടാവുക എന്നും റിപ്പോർട്ടുകളുണ്ട്.