ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിംഗ്സ് 249 റൺസിൽ അവസാനിച്ചു. അഞ്ചാം ദിവസം രണ്ടിന് 101 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ന്യൂസീലൻഡിന് 148 റണ്‍സെടുക്കുന്നതിനിടെ എട്ട് വിക്കറ്റുകളും നഷ്ടമായി. വലിയ ലീഡിലേക്ക് പോകുമെന്ന് കരുതിയ ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്സ് ലീഡ് 32 റണ്‍സിലൊതുക്കി ഇന്ത്യന്‍ ബോളിങ് നിര. 249 റണ്‍സാണ് ന്യൂസിലന്‍ഡിന് നേടാനായത്.
നാല് വിക്കറ്റുമായി കളം നിറഞ്ഞ മുഹമ്മദ് ഷമിയാണ് ന്യൂസിലന്‍ഡിനെ എറിഞ്ഞിട്ടത്. ഇഷാന്ത് മൂന്ന് വിക്കറ്റ് നേടി. അശ്വിന് രണ്ട് വിക്കറ്റും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. ബൂമ്രക്ക് വിക്കറ്റ് ഒന്നും നേടാനായില്ല.
ഓപ്പണിങ് ഇറങ്ങിയ ടോം ലാതവും ഡെവന്‍ കോണ്‍വേയും കൂടി ന്യൂസിലന്‍ഡിന് മികച്ച തുടക്കം നല്‍കിയെങ്കിലും ടോം ലാതത്തെ അശ്വിനും കോണ്‍വേയെ ഇഷാന്തും തിരിച്ചയച്ചതോടെ പിന്നീട് വന്ന നായകന് കെയിന്‍ വില്യംസണിന് ഒഴികെ ബാക്കിയാര്‍ക്കും പിടിച്ചു നില്ക്കാനായില്ല. വില്യസണ് അര്‍ഹിച്ച അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍ അകലെ വീണെങ്കിലും 177 പന്ത് നേരിട്ട കെയ്ന്‍ കൂടെ നിന്നവര്‍ വീണപ്പോഴും പതറാതെ പൊരുതി ടീമിന് ലീഡ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. മൂന്നാമത് ഇറങ്ങിയ ന്യൂസിലന്‍ഡ് കപ്പിത്താന് എട്ടാമതായാണ് മടങ്ങിയത്. ഇഷാന്തിന്റെ പന്തില്‍ ഗില്ലിന് ക്യാച്ച് നല്‍കിയാണ് വില്യംസണ് മടങ്ങിയത്.
നേരത്തെ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ കൂട്ടത്തകര്‍ച്ച നേരിട്ടിരുന്നു. കൃത്യതയാര്‍ന്ന ആക്രമണത്തിലൂടെ മുന്‍നിരയെ തകര്‍ത്ത ശേഷം ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ ഇന്ത്യയെ 217 റണ്‍സിന് ചുരുട്ടിക്കെട്ടി. ടെസ്റ്റില്‍ വെറും ഏഴാമത്തെ മത്സരം കളിക്കുന്ന കെയില്‍ ജാമീസനാണ് അഞ്ച് വിക്കറ്റ് നേട്ടവുമായി കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്.