രാജ്യത്ത് ഈ വര്‍ഷം അവസാനത്തോടെ വാക്‌സിനേഷന്‍ ദൗത്യം പൂര്‍ത്തിയാക്കാനുള്ള പദ്ധതി രേഖ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. 18 വയസ് മുതല്‍ മുകളിലോട്ടുള്ളവരുടെ വാക്‌സിനേഷന് 188 കോടി വാക്‌സിന്‍ ഡോസുകള്‍ വേണ്ടി വരും. 12നും 18നും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്ക് ഭാവിയില്‍ സൈഡസ് കാഡില വാക്‌സിന്‍ ലഭ്യമാക്കും. വാക്‌സിന്‍ നയം ഭേദഗതി ചെയ്തത് 13 മുഖ്യമന്ത്രിമാരുടെയും ആരോഗ്യമന്ത്രിമാരുടെയും കത്ത് പരിഗണിച്ചാണെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
സുപ്രിംകോടതി സ്വമേധയാ എടുത്ത കേസ് അടുത്ത ബുധനാഴ്ച പരിഗണിക്കാനിരിക്കേയാണ് വാക്‌സിന്‍ നയത്തിലെ ഭേദഗതിയും വാക്‌സിനേഷന്‍ ദൗത്യത്തിലെ പുരോഗതിയും കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചത്. ജൂലൈ 31ഓടെ 51.6 കോടി വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് ലഭ്യമാക്കും. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ 135 കോടി വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാക്കാനാണ് ശ്രമം.
ഇതുവരെ അഞ്ച് വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കി. കൂടുതല്‍ വിദേശ വാക്‌സിന്‍ കമ്പനികളുമായി ചര്‍ച്ച പുരോഗമിക്കുന്നു. സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാണിച്ച പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് വാക്‌സിന്‍ നയം ഭേദഗതി ചെയ്തു. ശത കോടീശ്വരനും പാവപ്പെട്ടവനും ഒരുപോലെ സൗജന്യ വാക്‌സിന് അവകാശമുണ്ട്. വാക്‌സിനേഷന് ഡിജിറ്റല്‍ വിഭജനം തടസമല്ല.
ഇന്റര്‍നെറ്റോ ഡിജിറ്റല്‍ ഉപകരണങ്ങളോ ഇല്ലാത്തവര്‍ക്ക് തൊട്ടടുത്ത വാക്‌സിനേഷന്‍ കേന്ദ്രത്തെ സമീപിക്കാം. വാക്‌സിനേഷന്‍ ദൗത്യത്തില്‍ സ്വകാര്യ ആശുപത്രികളുടെ പങ്ക് അഭിലഷണീയമാണ്. ജനസംഖ്യയില്‍ 55 ശതമാനവും ചികിത്സ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണ്. ഡോര്‍ ടു ഡോര്‍ വാക്‌സിനേഷന്‍ പ്രായോഗികമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി.