റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് വാട്സ്ആപ്പിലൂടെ കൊവിഡ്-19 വാക്സിൻ ലഭ്യത സംബന്ധിച്ച വിവരങ്ങൾ നേടാം. ഒടിപി ഒന്നും നൽകാതെ വളരെ എളുപ്പത്തിലും വേഗത്തിലും വാക്സിൻ ലഭ്യത അന്വേഷിക്കാനാകും.
കൊച്ചി: കൊവിഡ്-19 വാക്സിൻ ലഭ്യത സംബന്ധിച്ച വിവരങ്ങൾ വാട്സ്ആപ്പിലൂടെ ലഭ്യമാക്കി റിലയൻസ് ജിയോ. ഉപഭോക്താക്കൾക്ക് വാട്‌സ്ആപ്പ് ചാറ്റ്ബോട്ടിലൂടെ തൊട്ടടുത്ത കേന്ദ്രങ്ങളിൽ വാക്സിൻ ഉണ്ടോ എന്ന് പരിശോധിക്കാനുള്ള സൗകര്യമാണ് ജിയോ ഒരുക്കിയത്. ഒടിപി ഒന്നും നൽകാതെ വളരെ എളുപ്പത്തിലും വേഗത്തിലും വാക്സിൻ ലഭ്യത അന്വേഷിക്കാനാകുമെന്നതാണ് ജിയോയുടെ പുതിയ സേവനത്തിന്റെ പ്രത്യേകത.
ഇതുകൂടാതെ ഒരു പ്രദേശത്തിന്റെ പിൻകോഡ് ടൈപ്പ് ചെയ്ത് ഉപയോക്താക്കൾക്ക് വാക്സിൻ സെന്ററും ലഭ്യതയും പുതുക്കാനുമാകും. വാക്സിൻ കേന്ദ്രങ്ങൾ പരിശോധിക്കാൻ ഇടയ്ക്കിടെ ഒടിപി നൽകേണ്ടതില്ല. വെറും പിൻകോഡ് മാത്രം നൽകിയാൽ മതിയെന്ന് സാരം. 7000770007 എന്ന ജിയോ കെയർ നമ്പറാണ് ജിയോ വാട്സ്ആപ്പ് ചാറ്റ്ബോട്ട് സേവനത്തിനായി ഉപയോഗിക്കേണ്ടത്. ഇതിൽ ഹായ് എന്ന് ടൈപ്പ് ചെയ്ത് അയക്കുന്നതോടെ സേവനങ്ങൾ ഉപയോഗിച്ച് തുടങ്ങാനാകും.